കൊച്ചി: ഹര്‍ത്താല്‍ ദിനത്തിലും കൊച്ചിമെട്രോ റെയില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടന്നു. കലൂര്‍ സ്റ്റേഡിയം മുതല്‍ എറണാകുളം സൗത്ത് വരെയുള്ള മൂന്നാമത്തെ റീച്ചിലാണ് ഭൂമിപൂജയും ടെസ്റ്റ് പെയിലിങ്ങും നടന്നത്. ഇന്നലെ രാവിലെ 10ന് കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രി കോംപൗണ്ടിലാണ് ഭൂമി പൂജ നടന്നത്. തുടര്‍ന്ന് ടെസ്റ്റ് പെയിലിങ്ങും ആരംഭിച്ചു. ഡിഎംആര്‍സി ഉദ്യോഗസ്ഥന്മാരും ടെസ്റ്റ് പൈലിങ്ങിന് എത്തിയിരുന്നു. ഹര്‍ത്താല്‍ കാരണം ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് ചൊവ്വാഴ്ച മടങ്ങിയിരുന്നു. സോമ കണ്‍സ്ട്രക്ഷന്‍സിനാണ് ഈ റീച്ചിലെ നിര്‍മ്മാണ ചുമതല. ഇവിടെ മണ്ണ് പരിശോധനയും മറ്റും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
എംജി റോഡില്‍ സ്വീവേജ് പൈപ്പുകളും കേബിളുകളും മറ്റും കണ്ടെത്താനുള്ള പരിശോധന 19നു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇരുവശത്തെയും നടപ്പാത ഒഴികെ റോഡ് കുറുകെ കുഴിച്ച് പരിശോധന നടത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബേബി വിനോദ് പറഞ്ഞു.
തേവര ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ചിറ്റൂര്‍ റോഡ് വഴിയും, ജോസ് ജംഗ്ഷന്, കെപിസിസി ജംഗ്ഷന് എന്നിവിടെ നിന്നുള്ള വാഹനങ്ങള്‍ ഷണ്മുഖം റോഡ് വഴിയും, ചെറിയ വാഹനങ്ങള്‍ ടിഡി റോഡ് വഴിയും തിരിച്ചുവിടാനാണു നിര്‍ദേശം. ജില്ലാ കളക്ടറും ഡിഎംആര്‍സി പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം സൗത്ത് മുതല്‍ പേട്ടവരെയുള്ള നാലാം റീച്ചിന്റെ നിര്‍മാണ കരാര്‍ എടുത്തിട്ടുള്ള ഈറ ഇന്‍ഫ്രാ എന്‍ജിനീയറിംഗിന്റെ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ഓഫീസ് തുറക്കുന്നതിനും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനും മറ്റുമുള്ള തിരക്കിലാണ്.
ഇവര്‍ ആദ്യമായിട്ടാണ് കൊച്ചിയില്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നത്. മറ്റ് സിവില്‍ കരാറുകാരായ എല്ആന്റ്ടിക്കും സോമ കണ്‍സ്ട്രക്ഷന്‍സിനും നേരത്തെ തന്നെ കൊച്ചിയില്‍ ഓഫീസുകള്‍ ഉള്ളതിനാല്‍ അവര്‍ക്കു മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമായിരുന്നു. എന്നാല്‍ അടുത്ത ആഴ്ചയോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: