കൊച്ചി: കൊച്ചിന് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോളേജിന്റെ ആസ്തി ബാധ്യത റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്പരീത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്, വി.എസ്. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി. മോഹനന്, പി.കെ. അബ്ദുറബ്ബ്, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
60 ഏക്കര്‍ ഭൂമിയില്‍ കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ സ്ഥാവര-ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവയുടെ മൂല്യം 51.40 കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ തുടര്‍നടപടികള്‍ക്കും ജീവനക്കാരുടെ പുനര്‍വിന്യാസം, പുനരധിവാസം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ തസ്തിക നിര്‍ണയം ഉള്‍പ്പടെയുള്ളവ പരിശോധിച്ച് നടപ്പാക്കുന്നതിനായി ഒരു സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉപസമതിയെ ചുമതലപ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശയില്‍ പറയുന്നു.
പൊതുജനശുശ്രൂഷ മേഖലയില്‍ ജനറല്‍ വാര്‍ഡില്‍ 500 കിടക്കകളും മറ്റു വിഭാഗങ്ങളിലായി 36 കിടക്കകളുമുള്ള ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം കിടത്തിചികില്‍സ വിഭാഗത്തിലെത്തിയത് ഏകദേശം 13500 രോഗികളാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തിലായി 15 ചികില്സമേഖലകള് പ്രവര്‍ത്തിക്കുന്ന ഇവിടെ അത്യാഹിത, അപകടരഹിത വിഭാഗം 24 മണിക്കൂറും പൂര്‍ണസജ്ജമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ്, റേഡിയോളജി, ഫിസിയോതെറാപ്പി, ബ്ലഡ്ബാങ്ക്, ഫാര്‍മസി, ഡയാലിസിസ് യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എംബിബിഎസ് ഉള്‍പ്പടെ വിവിധ കോഴ്സുകള്‍ നടത്തുന്ന ഇനത്തില്‍ പ്രതിവര്‍ഷം 29.42 കോടി രൂപയുടെ വരവ് സ്ഥാപനത്തിനുണ്ട്. നിലവില്‍ കോളേജ് നടക്കുന്നത് 29.50 കോടി രൂപ വരുമാനവും 36 കോടി രൂപ ചെലവുമായിട്ടാണ്. സര്‍ക്കാര്‍ ഫീസ് വന്നാല്‍ നിലവില്‍ ഫീസിനത്തില്‍ കിട്ടുന്ന 21.38 കോടി രൂപയെന്നത് രണ്ട് കോടിരൂപയായി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എം.ബി.ബി.എസ്. പഠനത്തിന് ആകെയുള്ള 100 സീറ്റില്‍ 50 എണ്ണം സര്‍ക്കാര്‍ ക്വാട്ടയിലും 35 എണ്ണം മാനേജുമെന്റിലും 15 എണ്ണം എന്‍.ആര്.ഐ. ക്വാട്ടയിലുമാണ് പ്രവേശനം. കേപ്പിന്റെ കീഴിലുള്ള സി.എം.സി.ക്ക് സര്‍ക്കാര്‍ അനുവദിച്ച 60 ഏക്കര്‍ സ്ഥലത്തിന്റെ ഈടില്‍ നിന്ന് ലഭ്യമായ വായ്പ,ഓവര്‍ഡ്രാഫ്ട് ഉപയോഗിച്ചാണ് കോളേജിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അധ്യാപക-അനധ്യാപക വിഭാഗങ്ങളിലായി 835 പേരാണിവിടെ ജോലിചെയ്യുന്നത്. അധ്യാപകര്‍ 251-ഉം അനധ്യാപകര്‍ 584-ഉം വരും. ഇതില്‍ അധ്യാപക വിഭാഗത്തിലെ 182 പേര് സ്ഥിരമായും 53 പേര് കരാറടിസ്ഥാനത്തിലും രണ്ടുപേര്‍ ഡപ്യൂട്ടേഷനിലും 13 പേര് കണ്‍സള്‍ട്ടന്റ് ആയും ഒരാള്‍ ദിവസവേതനത്തിലുമാണ് ജോലിചെയ്യുന്നത്. അനധ്യാപകരില്‍ 232 പേര് സ്ഥിരമായും 182 പേര് കരാറിലും 170 പേര് ദിവസവേതനത്തിലുമാണ് ജോലിചെയ്യുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളത്തിനും മറ്റുമായി പ്രതിമാസം ഏകദേശം മൂന്നുകോടി രൂപ വേണ്ടിവരും. ഒരുവര്ഷമിത് 36 കോടി രൂപയാണ്.
സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ മരുന്നുകള്‍, പരിശീലനം, ഓപ്പറേഷന്, അറ്റകുറ്റപ്പണി, വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കായി പ്രതിമാസം 12 കോടി രൂപ ആവശ്യമായി വരും. 25 ഏക്കറോളം ഭൂമി തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായിട്ടുണ്ട്. കഴിഞ്ഞജൂണില്‍ നഴ്സിങ് കോളേജിനും സ്കൂളിനുമായി ഒരു പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ചിനും എട്ടിനുമിടയില്‍ വര്‍ഷം പഴക്കമുള്ള പതിനഞ്ചോളം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്രതിവര്‍ഷം 255 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: