ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒളിവുകാലത്ത് വ്യോമ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമാ ബിന്‍ ലാദന് സ്ഥിരമായി കൗബോയ് ഹാറ്റ് ധരിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍.
ലാദന് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച അബോട്ടബാദ് കമ്മിഷന് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 336 പേജുകളുള്ള റിപ്പോര്‍ട്ട് അല്‍ ജസീറ ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഉദ്യോഗസ്ഥരും ലാദന്റെ ബന്ധുക്കളുമടക്കം 201 പേരുമായുള്ള ആശയവിനിമയത്തിനുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെയും സുരക്ഷാ സേനകളുടെയും കഴിവുകേടിനെ വിമര്‍ശിക്കുന്നുണ്ട്.
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിന്നും തോറാ ബോറ മലനിരകള്‍ വഴി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് കടന്ന ലാദന് രണ്ടുവര്‍ഷത്തോളം ഹരിപൂരില്‍ തങ്ങിയത്രെ. ദക്ഷിണ വസീരിസ്ഥാന്, ബാജ്വാര്, പെഷവാര്‍, സ്വാത് എന്നിവിടങ്ങളിലും ലാദന് ഒളിവില്പ്പാര്ത്തതായും കരുതപ്പെടുന്നു. പിന്നെ 2005ല്‍ കുടുംബത്തോടൊപ്പം അബോട്ടബാദിലേക്ക് താവളം മാറ്റി. പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ ലാദനും കുടുംബവും പരാവധി ശ്രദ്ധിച്ചിരുന്നു. ചെലവുചുരുക്കിയായിരുന്നു ജീവിതം. തന്റെ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ ലാദന് പ്രത്യേക കരുതല്‍ കാട്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാദന്റെ ഭാര്യമാരും കുട്ടികളും വളരെ അപൂര്‍വമായി മാത്രമെ ഒളിയിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുള്ളു. സ്വന്തം ഭീകരസംഘടനയിലെ അംഗങ്ങളെപ്പോലും ലാദനു വിശ്വാസമുണ്ടായിരുന്നില്ല. ഒരിക്കല്‍ ലാദന് പിടിക്കപ്പെടുന്നതിന് അടുത്തെത്തിയെന്നും അ ല്‍ഖ്വയ്ദ നേതാവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായികളിലൊരാളുടെ ഭാര്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്വാത്തിലെ വാസത്തിനിടെ കുടുംബത്തിനൊപ്പം ഷോപ്പിങ്ങിനുപോയ ലാദന്റെ കാറിനെ അമിതവേഗതയുടെ പേരില്‍ പോലീസ് തടഞ്ഞു. എന്നാല്‍ ലാദനെ തിരിച്ചറിയാന്‍ വാഹനം പരിശോധിച്ചവര്ക്കായില്ല. അനുയായികളിലൊരാള്‍ പ്രശ്നം പറഞ്ഞൊതുക്കി വേഗം സ്ഥലംവിടുകയായിരുന്നു.
ലാദന് വധിക്കപ്പെട്ട യുഎസ് ക മാന്ഡൊ ഓപ്പറേഷനെക്കുറിച്ച് ഏറ്റവും ഒടുവില്‍ അറിഞ്ഞ ആള് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയായിരുന്നു. ദൗത്യം കഴിഞ്ഞ് അഞ്ചു മണിക്കൂറുകള്‍ക്കുശേഷം പട്ടാളമേധാവി പര്‍വേസ് കയാനി സര്‍ദാരിയെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു.
ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ അമിത ശ്രദ്ധയൂന്നുന്ന പാക് സൈന്യവും ഇന്റലിജന്‍സും പടിഞ്ഞാറുഭാഗത്ത് തിരിഞ്ഞു നോക്കാത്തതാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ വ്യോമലംഘനം അറിയാതപോയതിനു കാരണമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്.
2011ല്‍ അബോട്ടബാദിലെ ഒളിത്താവളത്തില്‍ അമേരിക്കന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തിലാണ് ലാദന് കൊല്ലപ്പെട്ടത്. തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമായി യുഎസ് നടപടിയെ പാക്കിസ്ഥാന് വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍ തലസ്ഥാനമായ ഇസ്ലാമാബാദിന് ഏറെ അടുത്തുകിടക്കുന്ന അബോട്ടബാദില്‍ ലാദന് വര്‍ഷങ്ങളോളം താമസിച്ചിട്ടും തിരിച്ചറിയാത്ത പാക്കിസ്ഥാന്റെ പിടിപ്പുകേട് അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: