ആലുവ: ബാലഭിക്ഷാടനം, ബാലവേല, തെരുവു സര്‍ക്കസ്, തുടങ്ങിയ തെരുവിന്റെ ക്രൂരപീഡനങ്ങളില്‍നിന്നും രക്ഷപെട്ട് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കെത്തിയ സന്മനസ്സുള്ള യുവതി യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജനസേവ തെരുവ് വിമോചന സമിതി എന്ന സംഘടനയുടെ ജില്ലാ സമ്മേളന ഉദ്ഘാടനം ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. മജിഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു. ഡോ.ടോണി ഫെര്‍ണാണ്ടസ്, കവിയൂര്‍ പൊമ്മ, ഡോ.സി.എം.ഹൈദരാലി, സെന്റ് സേവിയേഴ്സ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റീത്താമ്മ, ജോസ് മാവേലി, ഫാ.ജേക്കബ്ബ് മണ്ണാറപാറ, ക്യാപ്റ്റന്‍ എസ്.കെ.നായര്‍, ബാബു കരിയാട്, നെടുമ്പാശ്ശേരി രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തെരുവിന്റെ പീഡനങ്ങളില്‍ നിന്ന് ജനസേവ ശിശുഭവന് രക്ഷപെടുത്തിയ വേല്മുരുകന്, രാജ, മണി, ബാബു, സജ്ഞയ്, രാജു നടരാജ്, അരുണ്‍ഗോപി, അനീഷ്, ശിവ എന്നിവരാണ് സംഘടനയുടെ ആരംഭപ്രവര്‍ത്തകര്‍. ഇന്ത്യന്‍ തെരുവുകളില്‍ നരകയാതന അനുഭവിച്ചുകഴിയുന്ന പിഞ്ചുബാല്യങ്ങളെ രക്ഷിയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആദ്യസംരംഭമെന്ന നിലയില്‍ എറണാകുളം ജില്ലയിലും പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജനസേവ ശിശുഭവനില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മജിക്ക്ഷോയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: