ജൂണ്‍ 29, 30 തീയതികളില്‍ എറണാകുളത്ത് എളമക്കരയിലെ പ്രാന്തകാര്യാലയ വളപ്പില്‍ പണി പൂര്‍ത്തിയായിവരുന്ന സമ്മേളന സാകല്യത്തില്‍ സംഘത്തിന്റെ വര്‍ഷാദ്യ സംസ്ഥാന പ്രവര്‍ത്തക ശിബിരം നടന്നു. സംഘപരിവാറില്‍പ്പെട്ട എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രമുഖ പ്രവര്‍ത്തകര്‍ അതില്‍ പങ്കെടുത്തിരുന്നു. സ്വാഭാവികമായും ഹിന്ദുസമാജം കേരളത്തില്‍ നേരിടുന്ന അതിഗുരുതരമായ ചില പ്രശ്നങ്ങളെപ്പറ്റിയുള്ള സംഘത്തിന്റെ കടുത്ത ആശങ്കകളും പരിഹാരമായി എടുക്കേണ്ട നടപടികളും പ്രമേയ രൂപത്തില്‍ അവിടെ അംഗീകരിക്കുകയുണ്ടായി.
അധിനിവേശ ഭരണകാലത്ത് പാശ്ചാത്യര്‍ ഇവിടത്തെ നാടുവാഴികളുടേയും രാജാക്കന്മാരുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമി വിവിധതരം തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ കുത്തകപ്പാട്ടത്തിന് കരസ്ഥമാക്കിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞ പ്രസ്തുത സ്ഥലങ്ങള്‍ സ്വാഭാവികമായും സര്‍ക്കാര്‍ അധീനതയില്‍ വരേണ്ടതാരുന്നു. അവ വീണ്ടെടുത്ത് കേരളത്തിലെ സാമാന്യജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്ക്കുതകുംവിധം പുനര്‍വിന്യസിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല എന്നുമാത്രമല്ല അവ കേരളത്തിലെ ഭൂദാഹികളായ വന്‍കിടക്കാര്‍ക്ക് കൈയടക്കാനുള്ള കുറുക്കുവഴികള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു.
ഇതുവരെ നടപ്പാക്കിയിട്ടുള്ള ഭൂപരിഷ്ക്കരണ നിയമങ്ങള്‍ക്കൊന്നും സംസ്ഥാനത്തെ കിടപ്പാടമില്ലാത്ത ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ അനുഭവിച്ചു വന്ന വനഭൂ പ്രദേശങ്ങള്‍, കയ്യേറ്റക്കാരായ ഭൂമാഫിയകള്‍ പിടിച്ചടക്കുകയും ഗോത്രവര്‍ഗക്കാരെ വഴിയാധാരമാക്കുകയും ചെയ്തു. അതിനായി മദ്യം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങളുപയോഗിക്കപ്പെട്ടു. വഴിയാധാരമായവര്‍ക്ക് “ദൈവരാജ്യ” വാഗ്ദാനവും നിര്‍ലോപം നല്കപ്പെട്ടു. അന്യാധീനപ്പെട്ട ഗോത്രവര്‍ഗ ഭൂമി അവര്‍ക്ക് തിരിച്ചു ലഭ്യമാക്കാനായി സംഘപ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്താരംഭിച്ച വയനാട് ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നാലുപതിറ്റാണ്ടുകളായി നടന്നുവന്ന സമരങ്ങളുടെ ഫലമായി 1975 നുശേഷം നടന്ന ആദിവാസി ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് അവര്‍ക്ക് ഭൂമി നല്കാന് നിയമസഭ ചട്ടമുണ്ടാക്കി. എന്നാല്‍ അവയിലെ വാഗ്ദാനങ്ങള്‍ ജലരേഖകളായിത്തീരുകയായിരുന്നു. വനവാസി വിഭാഗങ്ങള്‍ നിരന്തര സമരത്തിലാണിപ്പോള്‍. സര്‍ക്കാരിന്റേയും ഭൂമാഫിയകളുടേയും കയ്യേറ്റക്കാരുടേയും ദുര്‍നടപടികള്‍ മൂലം അനഭിലഷണീയങ്ങളായ, അക്രമ രാജ്യദ്രോഹശക്തികളുടെ വലയിലേക്ക് ആ വിഭാഗങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഴശ്ശി രാജാവിന്റേയും, പിന്നീട് രാമന് നമ്പിയുടേയും നേതൃത്വത്തില്‍ ബ്രിട്ടീഷ് പട്ടാളത്തോടു തന്നെ ഏറ്റുമുട്ടിയ ആദിവാസി വിഭാഗങ്ങളുടെ വീരപാരമ്പര്യം രാജ്യദ്രോഹത്തിലേക്ക് മാറിപ്പോകാന്‍ ഇന്നത്തെ ഭരണാധികാരികളുടേയും വ്യവസായ, തോട്ടം, ഭൂമാഫിയകളുടെയും ചെയ്തികള്‍ കൊണ്ട് ഇടവരുത്താന്‍ സാധ്യതകളേറെയാണ്. അതിന് പുറമെ മതപരിവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചിട്ടുള്ള സാര്‍വലൗകിക സംഘങ്ങളും അവര്‍ക്കിടയില്‍ പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളുമായി ഇറങ്ങുന്നു. കേരളത്തിന്റെ വനപ്രദേശങ്ങളിലെങ്ങും നടക്കുന്ന കുരിശുകൃഷി അതിന് തെളിവാകുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതായിരുന്നു പ്രതിനിധി സഭ അംഗീകരിച്ച ഒരു പ്രമേയം. കിടപ്പാടമില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ മൂന്ന് സെന്റ് ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അവര്‍ക്ക് പ്രയോജനം ചെയ്യില്ല. അതിന് പുറമെ ആദായകരമായ തൊഴിലിലേര്‍പ്പെടാനുള്ള സ്ഥലം കൂടി നല്‍കേണ്ടതാണെന്ന് പ്രമേയം നിര്‍ദ്ദേശിക്കുന്നുണ്ട്. മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് തുരങ്കം വെക്കുന്ന പദ്ധതികളിലും നടപടികളിലും നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും തണ്ണീര്‍ത്തടങ്ങളും സാംസ്ക്കാരിക പൈതൃക മേഖലകളും നശിപ്പിച്ചുകൊണ്ട് സാംസ്ക്കാരിക മലിനീകരണത്തിന് ഇടവരുത്തുന്ന വിനാശകരമായ ആറന്മുള വിമാനത്താവള പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ വനവാസി സമൂഹത്തിന് നേരിടേണ്ടിവരുന്ന സാംസ്ക്കാരികവും ഭൗതികവുമായ വിനാശങ്ങള്‍ക്ക് അവസാനമുണ്ടാക്കുവാന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്ന കോടാനുകോടി രൂപ പാഴായിപ്പോയ്ക്കൊണ്ടിരിക്കുകയാണ്. അവ കൊണ്ട് ഉദ്ദിഷ്ട സമൂഹത്തിന്റെ ദുരിതങ്ങള്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, പോഷകാഹാരക്കുറവുമൂലം നൂറുകണക്കിന് നവജാത ശിശുക്കള്‍ മരണമടഞ്ഞ സംഭവങ്ങളും അടുത്തകാലത്തായി രാജ്യത്ത് ചര്‍ച്ചാവിഷയമായി. അവിടത്തെ വസ്തുസ്ഥിതി പഠനത്തിനായി സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാമിന്റെയും വനവാസിമേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത് സ്വന്തമായുള്ള പള്ളിയറ രാമന്റെയും എസ്.രാമനുണ്ണിയുടെയും നേതൃത്വത്തിലുള്ള പഠനസംഘം അട്ടപ്പാടി സന്ദര്‍ശിച്ച് വിശദമായ വിവരശേഖരണം നടത്തി. വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിച്ചുവരുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും അവിടത്തെ ഡോക്ടര്‍ നാരായണന്റെയും സേവനങ്ങളാണ് ജനങ്ങളുടെ തികഞ്ഞ വിശ്വാസമാര്ജിച്ചിട്ടുള്ളതെന്ന് അവര്‍ക്ക് മനസ്സിലായി. സര്‍ക്കാര്‍ ഫണ്ടുകളുപയോഗിച്ച് സ്ഥാപിതമായ വന്‍കിട ആസ്പത്രികളും മറ്റു സ്ഥാപനങ്ങളും കേവലം കെട്ടിടങ്ങളായി ചൈതന്യരഹിതമായി കിടക്കുകയാണെന്ന ആക്ഷേപങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
വനവാസി കല്യാണാശ്രമവും വിവേകാനന്ദ മെഡിക്കല്‍ മിഷനും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏതെല്ലാം വിധത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ദുരുപയോഗം ചെയ്യാമെന്ന് തല്‍പ്പര കക്ഷികള്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നു. സാധാരണയായി മുസ്ലിം തീവ്രവാദ പ്രചാരം നടത്തുന്ന ഒരു ഇന്റര്‍നെറ്റ് മാസിക പോഷകാഹാരക്കുറവിന്റെ വിചിത്രമായ മൂലകാരണം തന്നെ കണ്ടെത്തിയിരിക്കുന്നു. അഴിമുഖം.കോം എന്നാണത്രെ അതിന്റെ പേര്. കല്യാണ്‍ ആശ്രമവും സംഘപരിവാറും മറ്റും ആദിവാസി ഗോത്രങ്ങള്‍ക്കിടയില്‍ ഹിന്ദുത്വ പ്രചാരണം നടത്തി, ബ്രാഹ്മണ സ്വാധീനം കൊണ്ടുവന്നതിന്റെ ഫലമായി ആദിവാസികള്‍ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത മാംസ ഭക്ഷണം ഉപേക്ഷിച്ച് സസ്യാഹാര രീതി സ്വീകരിച്ചതാണ് പോഷകാഹാരക്കുറവിന് നിദാനമത്രേ.
കയ്യേറ്റക്കാരുടെ വനനശീകരണവും പരിസ്ഥിതി നശീകരണവും മൂലം അട്ടപ്പാടിയിലെ ഗോത്രവര്‍ഗ കര്‍ഷക സമൂഹം തലമുറകളായി ചെയ്തുവന്ന വൈവിധ്യമാര്‍ന്ന കൃഷികള്‍ ഉപേക്ഷിക്കേണ്ടി വരികയും ഇപ്പോള്‍ സര്‍ക്കാര്‍ നല്കുന്ന വിലയും ഗുണവും കുറഞ്ഞ അരിയും പയറുവര്‍ഗങ്ങളും വിഷം വിതറപ്പെട്ട മറ്റു കാര്ഷികോത്പ്പന്നങ്ങളും ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നതാണ് പോഷകാഹാരക്കുറവിന് കാരണമെന്ന് പറയാനല്ല, അതിനും സംഘപരിവാറിനെ അധിക്ഷേപിക്കാനാണ് തത്പ്പര കക്ഷികള്‍ക്ക് ഉത്സാഹം.
ഏറ്റവും പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്ന ഒരു വനവാസി സമൂഹമായ ചോലനായ്ക്കന്മാരെപ്പറ്റി എസ്.രാമനുണ്ണി കേസരി വാരികയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ വളരെ ഊഷ്മളമായ ചില സ്മരണകള്‍ തെളിഞ്ഞുവന്നു. ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്ക് 1967-75 കാലത്ത് വയനാട്ടില്‍ പോയിരുന്നപ്പോള്‍, അവിടെ നടന്നുവന്ന വയനാട് ആദിവാസി സംഘത്തിന്റെ പ്രമുഖ പ്രവര്‍ത്തകരുമായി അടുത്തിടപെടാന്‍ അവസരമുണ്ടായി.
എന്‍.ഡി.കുങ്കന്, പള്ളിയറ രാമന്, ആനേരി രാമന്, സി.എം.കോര്‍പ്പി, വാസു തുടങ്ങിയ നിരവധി പേരും അവരെയൊക്കെ ഏകോപിപ്പിച്ച സി.എ.കുഞ്ഞിരാമനും അവിസ്മരണീയരാണ്. പള്ളിയറ രാമന് ഇന്നും സജീവമായി നേതൃത്വത്തിലുണ്ട്. അദ്ദേഹത്തെ പ്രാന്തീയ ബൈഠക്കില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു. അക്കാലത്ത് ചോലനായ്ക്കന്‍ സമൂഹത്തെപ്പറ്റി പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വസ്ത്രം ധരിക്കാത്ത ഗുഹാമനുഷ്യരാണവര്‍ എന്ന പ്രചാരമാണുണ്ടായത്. അവര്‍ നിലമ്പൂരിനടുത്ത് കരുളായി ഭാഗത്താണുള്ളതെന്നും മനസ്സിലായി. നിലമ്പൂരില്‍ ഭരതേട്ടനോടന്വേഷിച്ചപ്പോള് അവിടത്തെ പാട്ടുത്സവത്തിനാവശ്യമായ ചില വനവിഭവങ്ങള്‍ എത്തിക്കുന്നതവരാണെന്നും അവര്‍ക്ക് കോവിലകത്തുനിന്നും അരി, വസ്ത്രം, പാത്രങ്ങള്‍, പണം മുതലായ അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്നും മനസ്സിലായി. താമസസ്ഥാനത്ത് എത്താന്‍ 14 കി.മീ. വനത്തിലൂടെ നടന്ന് രണ്ടുപുഴകള്‍ കടന്നുപോകണമെന്നും വനംവകുപ്പിന്റെ സഹായത്തോടെ ആനക്കാടുകള്‍ കടക്കണമെന്നും മനസ്സിലായി. അന്ന് ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിന്റെ വനവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോകപ്പെട്ട പത്രപ്രവര്‍ത്തക സംഘത്തില്‍ ഉള്‍പ്പെടാന്‍ അവസരമുണ്ടായി. വയനാട്ടിലേയും അട്ടപ്പാടിയിലേയും പദ്ധതികളായിരുന്നു സന്ദര്‍ശിക്കേണ്ടിയിരുന്നത്. നിലമ്പൂരില്‍നിന്ന് ഫോറസ്റ്റ് ഡിവിഷന്റെ ആനത്താവളത്തില്‍ എത്തിയ സംഘത്തിന് സായുധ ഗാര്‍ഡുമാരുടെ അകമ്പടി ലഭിച്ചു. രാവിലെ 9 മണിക്ക് വനത്തിലൂടെ പദയാത്ര. ഭക്ഷണവും കരുതിയിരുന്നു. തോട്ടപ്പുഴുവിന്റെ ആക്രമണം നേരിടാന്‍ പുകയിലയും എടുത്തു. നാലുമണിക്കൂര്‍ നടന്നാണ് ചോലനായ്ക്കന്മാരുടെ ആവാസ സ്ഥാനത്തെത്തിയത്. കരുവായിപ്പുഴയുടെ മേല്‍ഭാഗത്ത്, ഒരു വശം ഏതാണ്ട് 200 അടി ഉയരമുള്ള പാറക്കെട്ടാണ്. കുത്തനെയാണതിന്റെ കിടപ്പ്. അതിന്റെ പകുതി ഉയരത്തിലായി ഏതാനും ഗുഹകള്‍. സംഘത്തിലെ ചിലര്‍ മാത്രമാണ് കയറാന്‍ തയ്യാറായത്. അത്രയും ഉയരെ കയറാന്‍ കഴിയുമോ എന്ന് ആശങ്കയുണ്ടായെങ്കിലും അതിന് മുതിര്‍ന്ന് പാറയ്ക്കുമുകളിലെ നിരന്ന സ്ഥലത്ത് അവര്‍ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം വരെ കയറി. ഏതോ കാട്ടുകിഴങ്ങുകള്‍ പുഴുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ നല്കിയ അലുമിനീയ പാത്രത്തില്‍ അരി തിളയ്ക്കുന്നു. മറ്റു ചില ഭക്ഷണ സാധനങ്ങളുമുണ്ട്. മലയാളവും കന്നടയും തമിഴും കലര്‍ന്നതെന്ന് തോന്നുന്ന ഭാഷയാണ് സംസാരിച്ചത്.
ഗുഹകളിലും കൊണ്ടുപോയി കാണിച്ചുതന്നു. മഴയും കാറ്റുമുള്ളപ്പോഴേ അകത്തു കഴിയൂ. ആനയെയാണവര്ക്ക് പേടി. ആന കയറാത്ത പാറമടകളില്‍ താമസിക്കുന്നത് അതുകൊണ്ടാണെന്നവര് പറഞ്ഞു. 30 വര്‍ഷം മുമ്പ് നടത്തിയ ആ യാത്രാനുഭവത്തിന്റെ ഓര്മ രാമനുണ്ണിയുടെ ലേഖനം വായിച്ചപ്പോള്‍ ഉണര്‍ന്നു. അന്ന് ഒറ്റമുണ്ട് മാത്രം ധരിച്ച മനുഷ്യരായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് മാറാപ്പുണ്ടായിരുന്നു. ഇപ്പോള്‍ സ്വാഭാവികമായും ജീവിതരീതിയില്‍ മാറ്റം വന്നിരിക്കും. ആ സമൂഹത്തിന്റെ തനത് സ്വഭാവങ്ങള്‍ നശിക്കാതെ തന്നെ, ഹിന്ദുസമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് തങ്ങളും അധികാരികളാണെന്ന് അവരെ അനുഭവിപ്പിക്കാന്‍ വനവാസ വികാസ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് രാമനുണ്ണിയുടെ ലേഖനത്തില്‍ നിന്ന് മനസ്സിലായി.
ചോല നായ്ക്കന്മാരടക്കമുള്ള മുഴുവന്‍ സമൂഹങ്ങളും ഹിന്ദുസമൂഹത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ അവകാശികളാണെന്ന സംഘത്തിന്റെ വിശ്വാസവും നിലപാടും ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ബൈഠക്കിലെ തീരുമാനം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: