ദുര്ബലന് ബലവാനാകാന്‍ ആഗ്രഹം. പാവപ്പെട്ടവന് പണക്കാരനാവാന്‍ ആഗ്രഹം. സൗന്ദര്യമില്ലാത്തവന് സുന്ദര(രി)നാകാന്‍ ആഗ്രഹം. ഇങ്ങനെ പറഞ്ഞുവന്നാല്‍ ഓരോരുത്തര്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടാവും. അതൊന്നും പാടില്ലെന്ന് പറയാനാവുമോ? ആഗ്രഹത്തെ കടിഞ്ഞാണിടണമെന്നും, ആഗ്രഹമാണ് സകല പ്രശ്നങ്ങളുടെയും മൂലകാരണമെന്നും മറ്റും പറയാറുണ്ടെങ്കിലും ഇന്നും ആഗ്രഹം അതിന്റെ യഥാര്‍ത്ഥ മുഖം കാട്ടി അങ്ങനെ കഴിഞ്ഞുപോവുന്നു. അങ്ങനെയെങ്കില്‍ ന്യൂനപക്ഷത്തിന് ഭൂരിപക്ഷമാകാന്‍ ആഗ്രഹം കാണില്ലേ?
അത്തരം ആഗ്രഹം അനാവശ്യമാണെന്ന് പറയാനാവുമോ? പാവപ്പെട്ടവന് എങ്ങനെയെങ്കിലും പരിശ്രമിച്ച് പണക്കാരനൊപ്പമെത്താന്‍ ശ്രമിക്കും. ആയതുപോലെ ന്യൂനപക്ഷവും ഭൂരിപക്ഷമാകാന്‍ ശ്രമിക്കും. അതിന് ശാസ്ത്രീയവും അല്ലാത്തതുമായ മാര്‍ഗം അവലംബിക്കും. സര്‍ക്കാരുകള്‍ അവര്‍ക്കാവുന്ന സഹായം ചെയ്തു കൊടുക്കുകയും ചെയ്യും. അത്തരമൊരു സഹായം കഴിഞ്ഞാഴ്ച കുടത്തില്‍ നിന്ന് രക്ഷപ്പെട്ട ഭൂതത്തെ പോലെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ വശം കെടുത്തി. വിവാഹം ചെയ്യുന്നതിന് സമൂഹം ചിലചിട്ടവട്ടങ്ങളൊക്കെ വെച്ചിട്ടുണ്ട്. അത് കണിശമായി പിന്തുടര്ന്നാല് നേരത്തെ സൂചിപ്പിച്ച ന്യൂനപക്ഷത്തിന് ഒരു കാരണവശാലും ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ കഴിയില്ല. അതുകൊണ്ട് ചെറിയൊരു റിവേഴ്സ്ഗിയര്‍ പ്രയോഗം നടത്തുകയാണ്.
പൊതുസമൂഹത്തിലെ പെണ്കിടാങ്ങള് 18 വയസ്സു തികഞ്ഞാലെ വിവാഹം നടത്താവൂ. എന്നാല്‍ ന്യൂനപക്ഷത്തിലുള്ളവര്‍ക്ക് മേപ്പടി സംഭവം രണ്ടുവര്‍ഷം മുമ്പെ നടത്താം. ആളുകള്‍ വര്‍ധിച്ചാലെ ഭൂരിപക്ഷത്തിന്റെ അടുത്തെത്താനാവൂ എന്നത് ലളിതമായ സത്യം. നല്ലതുമാത്രം ചെയ്യുന്ന സര്‍ക്കാര്‍ അത്തരമൊരു ലളിത സമവാക്യമാണ് കൊണ്ടുവന്നത്.
ഈ സമവാക്യത്തിന്റെ ഏറ്റവും വലിയ മെച്ചവും സുരക്ഷിതത്വവും എന്താണെന്നു ചോദിച്ചാല്‍ കാന്തപുരത്തെ ഉസ്താദ് കൃത്യമായി പറഞ്ഞുതരും. പെണ്‍കുട്ടികള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണമെന്താണ്? അവര്‍ വൈകി വിവാഹം കഴിക്കുന്നതു തന്നെ. കൂട്ടില്ലാതെ വന്നാല്‍ ഏതെങ്കിലും കൂടുതേടി അവര്‍ പറന്നുപോകും. അതുവരെ ചെലവാക്കിയതും ഭാവിയില്‍ സങ്കല്‍പ്പിച്ചതും വൃഥാവിലാവും. അങ്ങനെ വരാതിരിക്കാനുള്ള എളുപ്പമാര്‍ഗം പെണ്‍കിടാങ്ങളെ കഴിവതും വേഗം കെട്ടിച്ചുവിടുകയാണ്. അപ്പോ, ആണ്‍കിടാങ്ങളോ എന്നു ചോദിച്ചേക്കും. പെണ്‍കിടാങ്ങളെ കൈപിടിച്ചു കൊടുക്കാന്‍ ആണ്കിടാങ്ങള് വേണമല്ലോ.
അതുകൊണ്ട് അവരെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. പെണ്‍കിടാങ്ങളുടെ സുരക്ഷക്ക് നൂറ് നൂറായിരം നിയമവും ചട്ടവും നിയന്ത്രണവും ഒക്കെയായി അരങ്ങുതകര്‍ക്കുമ്പോള്‍ ഉസ്താദ് വെരിസിമ്പ്ല് ഇക്വേഷനുമായി രംഗത്ത് വന്നത് എത്ര ചാരിതാര്‍ഥ്യജനകം. അതിവേഗം ബഹുദൂരത്തേക്ക് കുതിക്കുന്ന നമ്മുടെ മുഖ്യനെന്തേ ഉസ്താദിന് ഒരു കൈ കൊടുക്കാഞ്ഞൂ? ഇങ്ങനെ ഓരോരോ പ്രശ്നത്തിനും ഇത്തരം എളുപ്പ വിദ്യ കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നില്ലേ?
ഗോവിന്റെ കാതില്‍ നിങ്ങള്‍ പറയുന്നത് ശിവന് കേള്‍ക്കുമെന്നാണ് വിശ്വാസം. ആ വിശ്വാസം അങ്ങനെ തന്നെ പുലര്‍ന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഉത്തരാഖണ്ഡില്‍ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്നു പറയുന്നു യോഗി അശ്വിനി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഞായറാഴ്ച പതിപ്പില്‍ (ജൂണ്‍ 30) എഴുതിയ ഇറ്റിസ് ഹൗ ദ ഡിവൈന്‍ ആസ്ക്ഡ് അസ് ടു ചെയ്ഞ്ച് എന്ന ലേഖനം ഹൃദയസ്പര്‍ശിയാണ്. അസാമാന്യമായ ഒരു ഊര്‍ജപ്രവാഹം നിങ്ങളിലൂടെ കടന്നുപോകുന്നത് ശരിക്കും അനുഭവപ്പെടും. ഉത്തരാഖണ്ഡിലെ ദുരന്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായും വൈകാരികമായും ആധ്യാത്മികമായും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. ആ പുണ്യ ദേശം ശ്മശാനഭൂമിയാവാന്‍ ഇടവെച്ച അഞ്ച് പ്രധാന കാരണങ്ങള്‍ അതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ കാരണം മൊഴി മാറ്റിയാല്‍ ഏതാണ്ട് ഇങ്ങനെ: മാട്ടിറച്ചി കയറ്റി അയക്കുന്ന പ്രധാന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കുറച്ചുപേരുടെ ദുരയ്ക്കുമുമ്പില്‍ ആയിരക്കണക്കിന് നന്ദികളാണ് അവരുടെ തള്ളമാരില്‍ നിന്ന് വേര്‍പെടുന്നത്. വര്‍ഗീയപ്രശ്നമാവുമെന്ന നിലയില്‍ മാധ്യമങ്ങള്‍ ഇതിനെതിരെ ശബ്ദിക്കുന്നില്ല. ഗോവധനിരോധ നിയമമുള്ള രാജ്യത്താണിത് നടക്കുന്നത്. ഞാനിതില്‍ ഒരു വര്‍ഗീയതയും കാണുന്നില്ല. മസില്‍ശക്തിക്കു മുമ്പില്‍ ഇന്ത്യയിലെ അതിശക്തമായ ഒരു നിയമം കാറ്റില്‍ പറക്കുന്നു. മാംസക്കയറ്റുമതി നടത്തുന്നത് ബഹുഭൂരിപക്ഷവും ഹിന്ദുക്കള്‍ തന്നെ. ഗോക്കളെ തലയറുത്താണ് കൊലപ്പെടുത്തുന്നത്. ശിവഭഗവാന് ഗോക്കള്‍ക്ക് ഒരു വരം നല്‍കിയിട്ടുണ്ട്. നിന്റെ ചെവിയില്‍ ആരെന്ത് പറയുന്നോ അത് ഞാന്‍ കേള്‍ക്കും എന്നതാണത്. ദശലക്ഷക്കണക്കിന് ഗോക്കളുടെ വേദനയും അവര്‍ക്കെതിരെയുള്ള പീഡനവും ശിവന് അറിയാതെ പോവുമോ? അതാണ് നമുക്കും ചോദിക്കാനുള്ളത്.
മറ്റൊന്ന് തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിനോദസഞ്ചാര മനസ്സുമായി വന്നെത്തുന്നവരുടെ സ്ഥിതിയാണ്. മോക്ഷം തേടിയെത്തുന്നവര്‍ മലിനമാക്കുന്ന പാവനപരിസരങ്ങള്‍, ഗംഗയിലേക്ക് വലിച്ചെറിയുന്ന മലിനവസ്തുക്കള്‍, പണക്കൊതിയന്മാരായ ചില സന്ന്യാസിമാരുടെ പ്രവൃത്തികള്‍, പണം കാംക്ഷിച്ച് കെട്ടിപ്പൊക്കുന്ന ആശ്രമങ്ങള്‍, മതകേന്ദ്രങ്ങള്‍ അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത പാപങ്ങളുടെ ഭാരത്താല്‍ ആ പവിത്ര ഭൂമി വീര്‍പ്പുമുട്ടുകയായിരുന്നു. ആയതിന്റെ പരിണതിയാണ് മഹാദുരന്തമായി അനേകായിരങ്ങളില്‍ പെയ്തിറങ്ങിയത്. ഒരു മാറ്റം പ്രകൃതി ആഗ്രഹിച്ചു പോയാല്‍ ആര്‍ക്ക് തടുക്കാനാവും. എങ്കിലും മോക്ഷമാര്‍ഗത്തിലേക്കുള്ള പാതയിലാണല്ലോ ജീവന് വെടിഞ്ഞതെന്ന് സ്വന്തബന്ധുക്കള്‍ക്ക് ആശ്വസിക്കാം. അല്ലാതെന്തു ചെയ്യാന്‍?
കാന്‍സര്‍ ബാധയാല്‍ ജീവിതം ചുരുങ്ങിപ്പോവുമെന്ന് വിശ്വസിച്ച ലോക പ്രശസ്ത നടി ആഞ്ജലീന ജോളി തന്റെ ഇരു സ്തനങ്ങളും ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. പെണ്മനസ്സില് ഞെട്ടലുണ്ടാക്കിയ ആ സംഭവത്തിലൂടെ അവര്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടുന്നു ഡോ. ഇക്ബാല്‍. തന്റെ മക്കളുമൊത്ത് ആര്‍ക്കും അലട്ടലില്ലാതെ കഴിയണമെന്ന മാതൃമോഹത്തിന്റെ ഒടുങ്ങാത്ത വികാരവായ്പാണ് ജോളിയിലൂടെ പുറത്തുവരുന്നതെങ്കില്‍ ശാസ്ത്രത്തിന്റെ കടുകട്ടി നിയമത്തിന്റെ ഉള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കണമെന്ന കാര്‍ക്കശ്യമാണ് ഇക്ബാലിന്റെ രചനയില്‍ നിഴലിക്കുന്നത്. ആഞ്ജലീന ജോളി നല്‍കുന്നത് തെറ്റായ സന്ദേശം എന്ന പേരില്‍ ഡോക്ടറുടെ ന്യായങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പി(ജൂലൈ 07)ന്റെ 12 പേജുകള്‍ അപഹരിച്ചിരിക്കുന്നു. മേപ്പടി സംഭവത്തിന്റെ സാമ്പത്തിക നേട്ടം കണക്കിലെടുത്ത് കമല്‍റാം സജീവ് വക ശ്രേഷ്ഠമലയാളത്തില്‍ ഒരു തലക്കെട്ട് കവറില്‍ കൊടുക്കുകയും ചെയ്തു. ആ തലക്കെട്ട് തുറന്നുനോക്കിയാല്‍ കാണില്ല. നാലുതുട്ട് ഉണ്ടാക്കാനുള്ള പെടാപ്പാടില്‍ ഇങ്ങനെയൊക്കെ വേണ്ടിവന്നേക്കാം. അതിനെയല്ലോ ആധുനിക പത്രപ്രവര്‍ത്തനം എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്നത്.
ജീവിക്കാന്‍ മോശമില്ലാത്ത ചുറ്റുപാട്. സുഖസൗകര്യങ്ങള്‍ വേണ്ടത്ര. പിന്നെ അന്യനെപ്പറ്റിയോ അവന്റെ വേദനകളെപ്പറ്റിയോ എന്തിന് ചിന്തിക്കണം എന്ന നിലപാടാണ് ഒട്ടുമിക്കവര്‍ക്കും. അവഗണനയുടെ പുറമ്പോക്കില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന നിസ്സഹായരെപ്പറ്റി കേള്‍ക്കുന്നതു പോലും അവര്‍ക്ക് അരോചകമാണ്. അത്തരമൊരു സംഗതിയാണ് ആറുമാസമായി കൊല്ലം ജില്ലയിലെ അരിപ്പയില്‍ നടക്കുന്നത്. അതിനെക്കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് (ജൂലൈ 08) എഴുതുന്നു. പോരാട്ടവീര്യം കെടാതെ അരിപ്പയിലെ സമരഭൂമി എന്നാണ് ബൈജു ജോണ്‍ രചിച്ച ലേഖനത്തിന്റെ തലക്കെട്ട്. സമരനായകന് ശ്രീരാമന് കൊയ്യോന്റെ അഭിമുഖവുമുണ്ട്. കൃഷിഭൂമി കിട്ടാതെ പിന്മാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. ദുര്‍ബലസമൂഹത്തിനൊപ്പമാണെന്ന ഒരു ധാരണ മാധ്യമത്തെക്കുറിച്ചുള്ളതിനാല്‍ വലിയ പരിക്കില്ലാതെയാണ് അരിപ്പയെ ചിത്രീകരിച്ചിരിക്കുന്നത്.
ജൂലായ് 03ന് പത്രങ്ങളില്‍ അരപേജ് പരസ്യം സര്‍ക്കാര്‍ വക. ശൈശവ വിവാഹത്തിനെതിരായി ജാഗ്രത പുലര്‍ത്തണമെന്നാണ് ആഹ്വാനം. ജമൈക്കന്‍ നിയമം പുഴുങ്ങിയുണക്കി കുത്തി കഞ്ഞിവെച്ച് കുടിപ്പിക്കാന്‍ നോക്കിയ അതേ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഇങ്ങനെ കോടികള്‍ നല്കാന് തയ്യാറായതിന്റെ പിന്നിലെന്താവാം? ഉത്തരം അടുത്ത കാലികവട്ടത്തില്‍ പ്രതീക്ഷിക്കരുതേ. ആര്‍ക്കെങ്കിലും വല്ലതും തോന്നുന്നുവെങ്കില്‍ അറിയിക്കാനും മറക്കരുത്.
രാക്ഷസന്മാരില് നിന്ന് സീതയെ രക്ഷിക്കാനാണ് ലക്ഷ്മണന് പണ്ട് രേഖ വരച്ചത്. ആയത് ലക്ഷ്മണരേഖയെന്ന് പ്രശസ്തമായി. ആധുനിക ലക്ഷ്മണന് ഒരു വനിതയെ മറ്റൊരു രീതിയില്‍ വരവരച്ച് രക്ഷിക്കുകയാണ്. അതിനെക്കുറിച്ച് ഗോപീകൃഷ്ണ(മാതൃഭൂമി ജൂലായ് 02)ന്റെ ബ്രഷ് ചലിച്ചത് കാണാന്‍ എന്തുരസം.
തൊട്ടുകൂട്ടാന്‍
മരണമേനിനക്കായി-
ട്ടസൈന്‍ ചെയ്ത മൊബെയില്‍ റിംഗ്-ടോണ്‍
നിലയ്ക്കാതെ മുഴങ്ങാറുണ്ടിരുട്ടിലിപ്പോള്‍.
കെ. രാജഗോപാല്‍
കവിത: നഷ്ടവിളികള്‍
മലയാളം വാരിക (ജൂലൈ 05)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: