ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഇത്ര ലോകപ്രസിദ്ധമായത് വിഷ്ണുവിനേക്കാള്‍ ലക്ഷ്മിയെ കൊണ്ടാണെന്നതാണ് സമകാല സത്യം, അതോ വിഷ്ണുവും ലക്ഷ്മിയും ഒന്നിച്ചതാണോ കാരണം. എന്തായാലും ശ്രീയുടെ, ഐശ്വര്യത്തിന്റെ നിറസാന്നിദ്ധ്യം ഇപ്പോഴത്തെ പ്രസിദ്ധിക്കും കീര്‍ത്തിക്കും പിന്നിലുണ്ടെന്ന് ആരും സമ്മതിക്കും. എന്നാല്‍ എന്താണ് ആ ശ്രീയുടെ യഥാര്‍ത്ഥ രഹസ്യം. ഇനിയും അതു സുവ്യക്തമായിട്ടില്ല.
തിരുവനന്തപുരത്തുകാര്‍ കടുത്ത വിശ്വാസികളാണ്. പ്രത്യേകിച്ചു പഴയ തലമുറ. അത്യന്താധുനികരോ ന്യൂ ജനറേഷനിലോ പെടാത്തവര്‍ പോലും ചിലപ്പോള്‍ ഐതിഹ്യങ്ങളിലും പുരാണങ്ങളിലും വിശ്വാസങ്ങളിലും കടുംപിടുത്തക്കാ രായുണ്ട്. അതു മോശമാണെന്നല്ല, വിശ്വാസം അതല്ലേ എല്ലാം. അവരില്‍ പലരും ഇപ്പോഴും രാജഭരണ വിശ്വാസികളാണ്. ഭക്തിപൂര്‍വം അവര്‍ രാജഭരണകാലത്തെ അനുസ്മരിക്കുന്നു. അധികാരമില്ലാതായിട്ടും ഇന്നും രാജാവിനെ അവരുടെ രക്ഷകനായി കാണുന്നു. മാര്‍ത്താണ്ഡവര്‍മ്മയും ധര്‍മ്മരാജാവും രാമരാജ ബഹാദൂറും എഴുതിയ സി.വി.രാമന്‍പിള്ളയുടെ കഥാപാത്രങ്ങളും യഥാര്‍ത്ഥ രാജാക്കന്മാരുടെ ജീവിതവും അവര്‍ക്കു കെട്ടുപിണഞ്ഞു കിടക്കുന്ന സ്മരണകളാണ്. ചരിത്രവും സങ്കല്‍പ്പവും വിശ്വാസികളില്‍ പലര്‍ക്കും വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ലെന്ന പോരായ്മയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാലത്തും പലരും പറയുന്നൂ, സംസ്ഥാനത്തെ ഭരണനേതൃത്വം നേരിടുന്ന പ്രശ്നങ്ങള്‍ക്കു കാരണം ശ്രീപദ്മനാഭ ക്ഷേത്രത്തിലെ സുവര്‍ണ്ണ നിധിയടങ്ങുന്ന നിലവറകള്‍ തുറക്കാനുള്ള അനുമതിയും തീരുമാനവുമായി മുന്നോട്ടു പോയതുമൂലമാണെന്ന്. ഉത്തരാഖണ്ഡില്‍ ഉണ്ടായ ദുരന്തത്തിനു കാരണം പരമശിവന്റെ വാഹനമായ കാളയെ ഇറച്ചിക്കായി തലയറുത്തു കൊല്ലുന്നതു മൂലമാണെന്ന് പറയുന്ന വിശ്വാസപ്രചാരണക്കാരുണ്ട്. പരിസ്ഥിതിനാശമാണ് കാരണമെന്നു പറയുന്നവരും ഇല്ലാതില്ല. നേരത്തേ പറഞ്ഞതുപോലെ വിശ്വാസം, അതാണല്ലോ പ്രധാനം. പക്ഷേ, വിശ്വാസത്തിനോടൊപ്പം യുക്തിയും ചേര്‍ത്തു വെക്കുകയാണല്ലോ ശരിയായ രീതി.
ശ്രീ പദ്മനാഭ ക്ഷേത്രത്തിലേക്കു വരാം. അതിനു മുമ്പ് ഇതുകൂടി-രാജ്യഭരണം ഇല്ലാതായിട്ടും രാജാവിനെ പോലെ കഴിയുന്നവര്‍ പലരുണ്ട് ഇന്ത്യയില്‍. അതവരുടെ ജീവിത രീതികൊണ്ടു പറയുന്നതുകൂടിയാണ്, പ്രൗഢിയും പ്രതാപവും കണക്കിലെടുത്തു വിലയിരുത്തുന്നതാണ്. പക്ഷേ, രാജചിഹ്നങ്ങളൊന്നുമില്ലെങ്കിലും രാജാവായിത്തന്നെ നല്ലൊരു പങ്കു ജനവിഭാഗം ബഹുമാനിക്കുന്ന രാജാവ് തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശികളെയാണ്. അതെന്തുകൊണ്ടാണ്. അവരാകട്ടെ ശ്രീപദ്മനാഭന് സര്‍വ്വവും സമര്‍പ്പിച്ച് പത്മനാഭ ദാസന്മാരായിരുന്നിട്ടുകൂടി. വീണ്ടും വിശ്വാസത്തിന്റെ വഴിയേ പോകേണ്ടിവരുന്നു. ആദ്യം പറഞ്ഞ ലക്ഷ്മിയുടെ ആവാസത്തെക്കുറിച്ച്.
ശ്രീയുടെ ഇരിപ്പിടമായ ലളിതയെ സ്തുതിക്കുന്ന ആയിരം നാമത്തിന്റെ സ്തോത്രത്തില്‍ ഇങ്ങനെയാണു കീര്‍ത്തിക്കുന്നത്-
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്കൃപാ രാജപീഠ നിജാശ്രിത നിവേഷിതാ
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സാമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ
ശ്രീ ലളിതയുടെ, ത്രിപുരേശ്വരിയുടെ ആവാസമായ ശ്രീചക്രം അങ്ങനെ രാജ്യലക്ഷ്മിയും സാമ്രാജ്യദായിനിയും ചതുരംഗത്തിനും ബലദായിയും കോശനാഥയുമാകുന്നു.
അങ്ങനെ വീണ്ടും ശ്രീപദ്മനാഭ ക്ഷേത്രത്തിലേക്കെത്തുന്നു. സുവര്‍ണ്ണ സംഭരണിയായ നിലവറകളിലെ ഇനിയും തുറക്കാത്ത ‘ബി നിലവറ’യിലെന്താണ്. അതിനെക്കുറിച്ച് ആധികാരികമായി എങ്ങനെ ആര്‍ക്ക് എന്തു പറയാനാവും. എങ്കിലും ചരിത്രം പറയാതെ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലേക്ക്…
ചരിത്രത്തിന്റെ പ്രത്യേകതയതാണ്. പറഞ്ഞതും ശേഷിച്ചതും ചേരുമ്പോഴേ അതു പൂര്‍ത്തിയാകൂ. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നു പറഞ്ഞാലും പോരാ. അവയെ തമ്മില്‍ യോജിപ്പിക്കുന്ന ചിലതുകൂടി ആകുമ്പോഴേ ചരിത്രം വിലയുറ്റ നാണയമാകുന്നുള്ളു. അങ്ങനെ ചിലതുകൂടി ചേര്‍ക്കുമ്പോള്‍ തുറക്കാത്ത ബി നിലവറയിലെന്തെന്ന ചിന്തക്കു യുക്തികൂടുന്നു.
അല്‍പ്പം ചരിത്രത്തിലേക്ക്….
ഭൂതകാലത്തെക്കുറിച്ച് ഒരു മധുരസ്മൃതി ഉണ്ടാവുക എന്നത് ഏതൊരു ജനതയ്ക്കും ചാരിതാര്‍ത്ഥ്യം തന്നെയാണ്. ഇന്നും കൃഷ്ണപുരം കൊട്ടാരം കാണുമ്പോള്‍ കായംകുളത്തുകാര്‍ ഓര്‍ത്തുപോകും ആ നല്ല നാളുകളെ. തങ്ങളുടെ രാജ്യം ആക്രമിച്ചവര്‍ തല്ലിത്തകര്‍ത്ത പഴയ കൊട്ടാരത്തെ. അവിടെ സൂക്ഷിച്ചിരുന്ന വിശ്വോത്തരമായ ശ്രീചക്രത്തെ. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന കൊട്ടാരവും രാജാവും രാജ്യവും നഷ്ടപ്പെട്ടവരുടെ ഉള്ളിലെവിടെയോ ഒരു വിതുമ്പല്‍.
ഡച്ചുകാരെ തോല്‍പ്പിച്ച് ലോകചരിത്രത്തില്‍ ഇടം നേടിയെങ്കിലും, കായംകുളം രാജാവിന്റെ കരുത്തനും പരാക്രമശാലിയുമായ മന്ത്രി അച്യുതവാര്യരുടെ?പോരാട്ട വീര്യത്തിനു മുന്നില്‍ പലതവണ അടിപതറിപ്പോയി മാര്‍ത്താണ്ഡവര്‍മ്മ. ചരിത്രകാരന്മാര് മാര്‍ത്താണ്ഡവര്‍മ്മയെ കുറിച്ചു വ്യത്യസ്ത അഭിപ്രായക്കാരാണ്. ചിലര്‍ ഭരണസാമര്ത്ഥ്യത്തെ പുകഴ്ത്തുമ്പോള്‍, അയല്‍ രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചുവെന്ന് കീര്‍ത്തിക്കുമ്പോള്‍ ചിലര്‍ അതെല്ലാം നേടിയത് സാമ്രാജ്യത്വമോഹംകൊണ്ടാണെന്നും വക്രബുദ്ധിയിലൂടെയാണെന്നും വിമര്‍ശിക്കുന്നു. 1721-ല്‍ 15-ാമത്തെ വയസ്സില്‍ നെയ്യാറ്റിന്‍കര യുവരാജാവായി വാഴാന്‍ തുടങ്ങിയ മാര്‍ത്താണ്ഡവര്‍മ്മയുടെ പില്ക്കാല വളര്‍ച്ചയില്‍ ഇപ്പറഞ്ഞ രണ്ടു വാദങ്ങളും സമര്‍ത്ഥിക്കാന്‍ പോരുന്ന വസ്തുതകളുണ്ട്.
മാര്‍ത്താണ്ഡ വര്‍മ്മയുടെ പടയോട്ടങ്ങളുടെ കഥ പ്രസിദ്ധമാണ്. അവയില്‍ ചിലതിനെ കുപ്രസിദ്ധമെന്നു വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരുമുണ്ടെന്നുള്ളത് വാസ്തവം. അദ്ദേഹം പക്ഷേ, കായംകുളത്തിനു മുന്നില്‍ പലതവണ പരാജയപ്പെട്ടു. കിളിമാനൂര്‍ കോട്ടയും പിടിച്ചടക്കി വാമനപുരം വരെയെത്തിയ കായംകുളത്തെ നശിപ്പിക്കാനുള്ള ത്വര ഉള്ളില്‍ നിറഞ്ഞെങ്കിലും തന്റെ പടയാളികളുടെ പോര്‍വീര്യം അതിന് പാകമല്ലെന്നറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ കളംമാറിച്ചവിട്ടുകയായിരുന്നു. ജ്യോതിഷവിധിയിലുടെ കായംകുളത്തിന്റെ കരുത്തെന്തെന്നറിയാനായി പിന്നീടുള്ള ശ്രമം. മനുഷ്യാതീതമാണ് അതെന്നറിഞ്ഞപ്പോള്‍ ആ വഴിക്കായി പിന്നീടുള്ള നീക്കം. കുശാഗ്രബുദ്ധിയും ബ്രാഹ്മണനും വിശ്വസ്തനുമായിരുന്ന, തമിഴ്നാട്ടിലെ വള്ളിയൂരില്‍ ജനിച്ച രാമയ്യന് ദളവയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ തുറുപ്പുചീട്ട്. കായംകുളത്തിന്റെ കരുത്തെന്തെന്നറിഞ്ഞ് അത് നശിപ്പിക്കാനായി രാജാവ് രാമയ്യനെ ചട്ടംകെട്ടി.
ജ്യോതിഷവിധിയിലൂടെ അവര്‍ അത് മനസ്സിലാക്കിയെടുത്തു. കായംകുളത്തിന്റെ കരുത്ത്. അത് അവിടെ പൂജിക്കുന്ന ശ്രീചക്രമാണ്..വിശേഷമായ ആ ശ്രീചക്രം അവിടെ പൂജിക്കുന്ന കാലത്തോളം കായംകുളത്തെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. അത് നഷ്ടമായാല്‍ കായംകുളം രാജ്യവും രാജാവും എല്ലാം നശിക്കുകയും ചെയ്യും.
എന്നാല്‍പ്പിന്നെ അത് സ്വന്തമാക്കണമെന്നായി ചിന്ത. രാമയ്യന് ദളവ തന്ത്രപൂര്‍വ്വം അവിടെയെത്തി ശ്രീചക്രം കവര്‍ന്നെടുത്ത് അതിരഹസ്യമായി അനന്തപുരിയിലെത്തിച്ചു. ഇന്നും അജ്ഞാതമായിരിക്കുന്ന എവിടെയോ ഒളിച്ചുവച്ചു. കോട്ടയ്ക്കകം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഉണ്ടെന്ന് തെറ്റായ പ്രചാരണവും നടത്തി. ഇന്നും ചില ചരിത്രകാരന്മാര് അത് വിശ്വസിക്കുന്നുവെന്ന് തോന്നുന്നു. വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ അന്വേഷിച്ചാല്‍ അവര്‍ പറയുന്നത് വിഗ്രഹമാണ് കായംകുളത്തുനിന്ന് കൊണ്ടുവന്നതെന്നാണ്. വല്ലാത്തൊരു ദുരൂഹത ഇക്കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. രാജസേവകന്മാര് സൃഷ്ടിച്ച ദുരൂഹത. ശ്രീചക്രം എവിടെയാണെന്ന് കണ്ടറിഞ്ഞ് ആരും കൊണ്ടുപോകാതിരിക്കാനുള്ള മുന്‍കരുതല്‍. ചരിത്രകാരന്മാരുടെ അന്വേഷണ ബുദ്ധി ഇവിടെ മരവിച്ചുപോയിരിക്കുന്നു.
ശ്രീചക്രം നഷ്ടപ്പെട്ടതോടെ കായംകുളം പരാജയത്തിന്റെ രുചിയറിഞ്ഞു. ഒടുവില്‍ സ്വത്തെല്ലാം കായലില്‍ താഴ്ത്തി എന്നെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയില്‍ രാജാവിന് നാടുവിടേണ്ടിവന്നു. തിരുവിതാംകൂറിനേക്കാള്‍ സമ്പന്നമായിരുന്നു കായംകുളം. പക്ഷേ പിന്നീടൊരിക്കലും കായംകുളം രാജാവിന് തിരിച്ചുവരാനോ തന്റെ നാടും കൊട്ടാരവും സമ്പത്തും വീണ്ടെടുക്കാനോ സാധിച്ചില്ല. കായലില്‍ താഴ്ത്തിയ നിധിയന്വേഷിച്ച് കുറപ്പേര് മുങ്ങിത്തപ്പിയതുമാത്രം മിച്ചം. ആ നിധിയെവിടെയുണ്ട് എന്നതിനെക്കുറിച്ച് ഇന്ന് കായംകുളത്തുകാര്‍ ആരും വേവലാതിപ്പെടുന്നില്ല. എന്നാല്‍ തങ്ങളുടെ ഐശ്വര്യത്തിന് നിദാനമായിരുന്ന ശ്രീചക്രം എവിടെയുണ്ട് എന്ന അന്വേഷണം ഇന്നും അവരില്‍ നിന്നുണ്ടാകുന്നു. ചരിത്രകാരന്മാരാകട്ടെ ഇക്കാര്യത്തില്‍ കുറ്റകരമായ നിശ്ശബ്ദത പുലര്‍ത്തുന്നു. ഒരു പ്രഹേളികയായിത്തീര്ന്നിരിക്കുന്നു കായംകുളത്തെ ശ്രീചക്രം.
കായംകുളത്തുനിന്ന് മോഷ്ടിച്ച ശ്രീചക്രം കൊട്ടാരത്തിലില്ല.വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലുമില്ല. പിന്നെവിടെയാണതുള്ളത്? അതിനൊരുത്തരം മറ്റൊരു ജ്യോതിഷ വിധിയാണ്. രാജാവിനും രാജകുടുംബത്തിനും ആപത്തുണ്ടാകാന്‍ സാധ്യതയെന്ന് ചൂണ്ടിക്കാട്ടിയ ജ്യോതിഷവിധി.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിനിലവറകള് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ദേവപ്രശ്നത്തില്‍ ബി നിലവറ തുറന്നാല്‍ രാജാവിനും കുടുംബത്തിനും അപകടമുണ്ടാകുമെന്ന് തെളിഞ്ഞിരുന്നു. ബി-നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നത് ക്ഷേത്രത്തിലെ പഴയ വിഗ്രഹവും ഒരു ശ്രീചക്രവുമാണെന്നും സൂചന ലഭിച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുപോലും തുറക്കാന്‍ പറ്റാതെ പോയ നിലവറയില്‍ ഏതെങ്കിലും ഒരു ശ്രീചക്രമാണോ? നിത്യാരാധന നടത്തുന്ന വിഗ്രഹത്തെക്കാള്‍ സുരക്ഷിതമായി പഴയവിഗ്രഹം സൂക്ഷിച്ചിരിക്കുന്നത് എന്തിനാണ്? തുറന്നാല്‍ അപകടമെന്ന സര്‍പ്പമുദ്ര ചാര്‍ത്തി സുരക്ഷിതമായി അടച്ചിട്ടിരിക്കുന്ന നിലവറയില്‍ കായംകുളത്തെ ശ്രീചക്രമല്ലെങ്കില് പിന്നെന്താണ്?
കായംകുളത്തുകാര്‍ കാത്തിരിക്കുന്നു. പ്രതീക്ഷയോടെ, പ്രത്യാശയോടെ..
ഗോപന് ചുള്ളാളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: