ആലുവ: മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആലുവ നഗരസഭയുടെ സഹകരണത്തോടെ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന മാജിക് ഉത്സവത്തിന് തിരശ്ശീലയുയര്‍ന്നു. ആലുവയുടെ തിരക്കേറിയ നഗരവീഥിയിലൂടെ കണ്ണുകെട്ടി ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുകൊണ്ട് ഉത്സവത്തിന് തുടക്കം കുറച്ചു. ട്രാഫിക് ബോധവത്കരണത്തോടൊപ്പം മാനവ സ്നേഹത്തിന്റെയും ദേശീയ സൗഹാര്‍ദ്ദത്തിന്റേയും മതമൈത്രിയുടേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മൂന്ന് യുവമാന്ത്രികര്‍ കണ്ണുകള്‍ മൂടിക്കെട്ടി നഗരത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സാഹസിക പ്രകടനം നടത്തിയത്.
മാന്ത്രികരായ എം.എ.സുധീര്‍ കുന്നുകര, ഫാസില്‍ ബഷീര്‍, ആനന്ദ് മേഴത്തൂര്‍ എന്നിവര്‍ ദേശീയ പതാകയെ പ്രതിനിധീകരിക്കുന്ന കുങ്കുമം, വെള്ള പച്ച എന്നീ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ബൈക്ക് യാത്രനടത്തിയത്. ഫെഡറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് എം.റ്റി.ജേക്കബ് മാന്ത്രിക പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ജനറല്‍ മാനേജര്‍ കെ.ഐ.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആമുഖ പ്രസംഗം നടത്തി. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഫാസില്‍ ഹുസൈന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഷാജി എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സനല്‍കുമാര്‍ മന്ത്രികരുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ ലത്തീഫ് പൂഴിത്തറ നന്ദി പറഞ്ഞു.
കട്ടിയുള്ള കറുത്ത തിണിസഞ്ചി ശിരസ്സിലണിഞ്ഞാല്‍ തരിപോലും കാഴ്ചയുണ്ടാവില്ലെന്ന് കാണികളെ ബോധപ്പെടുത്തിയാണ് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ബൈക്ക് യാത്രികര്‍ ഓരോരുത്തരായി തല സഞ്ചിക്കുള്ളിലാക്കി. മുറുക്കിക്കെട്ടി, ചുറ്റും നോക്കിനില്ക്കുന്നവര് തന്നെ കൈപിടിച്ചാണ് ഇവരെ ബൈക്കുകളില്‍ കയറ്റിയിരുത്തിയത്. തിരക്കേറിയ നഗരവീഥിയിലെ ട്രാഫിക്കിന് വിഘാതമാകാതെയായിരുന്നു ഇവരുടെ പ്രയാണം. കൗതുകമുണര്‍ത്തുന്ന കണ്ണുകെട്ടിയാത്രക്ക് ഒപ്പത്തിനൊപ്പവും മുന്നിലും പിന്നിലുമൊക്കെയായി നിരവധി വാഹനങ്ങള്‍ അകമ്പടി സേവിച്ചു. മുനിസിപ്പല്‍ ചെയര്‍മാനടക്കമുള്ള പ്രമുഖര്‍ യാത്രയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: