കോതമംഗലം: വ്യാഴാഴ്ച രാത്രി കോതമംഗലം കുരൂര്‍ തോട്ടില്‍ വീണ് കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസില്‍ പ്രകടനമായി എത്തി തഹസില്‍ദാരെ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ചു.
സംഭവം നടന്ന് ഒരുദിവസമായിട്ടും കാണാതായവര്‍ക്കുള്ള തെരച്ചിലിനായി ആവശ്യത്തിന് മുങ്ങല്‍ വിദഗ്ധരെയോ, സെര്ച്ച്ലൈറ്റോ മറ്റ് ഉപകരണങ്ങളോ ഒന്നും എത്തിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി ഹിന്ദുഐക്യവേദി താലുക്ക് പ്രസിഡന്റ് അഡ്വ. കെ.രാധാകൃഷ്ണന് ആരോപിച്ചു. ഉപരോധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉപരോധത്തിന് മുന്നോടിയായി കോതമംഗലം പട്ടണത്തില്‍ വിവിധ സംഘടനകള്‍ അണിനിരന്ന പ്രകടനം നടന്നു. നേവിയുടെ മുങ്ങല്‍വിദഗ്ധരെത്തി തെരച്ചില്‍ ആരംഭിച്ചാല്‍ മാത്രമേ പിരിഞ്ഞുപോകുകയുള്ളൂവെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു. ഹിന്ദുഐക്യവേദി നേതാക്കളായ സുഭാഷ് നെല്ലിമറ്റം, കെ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി നേതാക്കളായ എം.എന്‍.ഗംഗാധരന്, പി.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: