മാവേലിക്കര: അതൊരത്ഭുതമാണ് ആ വീട്ടുകാര്‍ക്കിന്നും- ആംബുലന്‍സിലെ മരണക്കിടക്കയില്‍നിന്നും ജീവിതത്തിന്റെ നടപ്പാതയിലേക്കുള്ള ഈ രണ്ടാം ജന്മം പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ ദൈവത്തിനോ, ദൈവം അയച്ച വൈദ്യനോ, അതല്ല, വൈദ്യത്തിനോ അതുമല്ല ഒരു പരസ്യത്തിനോ നന്ദി പറയേണ്ടതെന്നവര്ക്കറിയില്ല.
അപൂര്‍വ്വ രോഗത്തില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ട രണ്ട് കുരുന്നുകള്‍ ജീവിതത്തിലേക്ക് തിരികെ വന്നത് ദൈവനിയോഗം പോലെയെത്തിയ വൈദ്യന്റെ കൈപ്പുണ്യത്താലാണ്. ശ്രീകൃഷ്ണ ഡക്കറേഷന് ഉടമ മാവേലിക്കര പടിഞ്ഞാറെനട കല്ലേലി പറമ്പില്‍ ശശിധരപണിക്കരുടെ കുടുംബമാണ് തീരാവേദനയില്‍ നിന്ന് മോചിതരാകുന്നത്.
ശശിധരപണിക്കരുടെ മകള്‍ രഞ്ജിനി-സുരേഷ് ദമ്പതികളുടെ മൂത്തമകള്‍ മാളു (സഞ്ജന-എട്ട്), ഇളയ മകന് ആര്യന് (നാല്) എന്നിവരാണ് അപൂര്‍വ്വരോഗത്തിന്റെ പിടിയില്‍ അകപ്പെട്ടത്. മാളുവിനാണ് ആദ്യം അസുഖം ഉണ്ടായത്. പേരിടല്‍ ദിവസം വൈകിട്ടുണ്ടായ ഒരു ഛര്‍ദ്ദിലാണ് ഈ കുടുംബത്തിനെ ദുഃഖത്തിലേക്ക് തള്ളിവിട്ടത്. ഇതോടെ കുട്ടി പൂര്‍ണമായും അനക്കമില്ലാത്ത അവസ്ഥയായി. ഛര്‍ദ്ദിയും വയറിളക്കവും തുടരെയുണ്ടായി. തുടര്‍ന്ന് മാവേലിക്കരയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അവിടത്തെ പരിശോധനയില്‍ കുട്ടിയുടെ കുടല് ബ്ലോക്കാണെന്നു കണ്ടെത്തി. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വിശകലനം പറഞ്ഞു രക്തത്തിലെ ജനിതക തകരാറാണു പ്രശ്നമെന്ന്.
18 ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍. ഒടുവില്‍ അവര്‍ കുട്ടി മരിച്ചതായി വിധിഎഴുതി, ആംബുലന്‍സില്‍ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാല്‍ അമ്പലപ്പുഴയില്‍ എത്തിയപ്പോള്‍ കുട്ടിയ്ക്ക് അനക്കമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് മാവേലിക്കരയിലും പിന്നീട് എറണാകുളത്തെ അതേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വീണ്ടും നടത്തിയ വിശദമായ പരിശോധനയില്‍ കുടല് ബ്ലോക്കാണെന്നു കണ്ടെത്തി ശസ്ത്രക്രിയ നടത്തി. ഇതോടെ കുട്ടിയ്ക്ക് വയറിളക്കവും ഛര്‍ദിലും മാറിയെങ്കിലും പൂര്‍ണമായ ചലന ശേഷി ഇല്ലാതായി. ഇതിനു കാരണം മരിച്ചെന്നു കരുതി വെന്റിലേറ്റര്‍ ഓഫ് ചെയ്ത് മണിക്കൂറുകളോളം യാത്ര ചെയ്തതുമൂലം കുട്ടിയുടെ ബ്രയിന്‍ ചുരുങ്ങിയതാണെന്നു പരിശോധനയില്‍ കണ്ടെത്തി.
പിന്നീട് വര്‍ഷങ്ങളായി ഇതിനായുള്ള ചികിത്സ. സംസ്ഥാനത്തും അന്യസംസ്ഥാനത്തുമായി പ്രശസ്ത ആശുപത്രികളിലും നാട്ടുവൈദ്യന്മാരുടെ അടുത്തും നടത്തിയെങ്കിലും എല്ലാവരും കൈയൊഴിഞ്ഞു. ഈ സമയത്താണ് പാരമ്പര്യചികിത്സയിലൂടെ ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കുമെന്ന മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി റൊണാള്‍ഡ് വൈദ്യന്റെ പരസ്യം ‘ജന്മഭൂമി’യില്‍ വന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ശശിധരപണിക്കര്‍ കുട്ടിയെ മലപ്പുറത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി വൈദ്യന്റെ നിര്‍ദ്ദേശപ്രകാരമുള്ള പാരമ്പര്യ ചികിത്സാ രീതികളാണ് നടത്തുന്നത്. വൈദ്യന് ശശിധരപണിക്കരുടെ വീട്ടിലെത്തി കുട്ടിയെ പരിശോധിച്ചാണ് മരുന്ന് നല്‍കുന്നത്. ഇപ്പോള്‍ കുട്ടിയ്ക്ക് ചലനശേഷി ഭാഗികമായി തിരികെ ലഭിക്കുകയും എല്ലാവരെയും മനസിലാക്കാനും ഭക്ഷണം കഴിക്കുവാനും സാധിക്കുന്നു. ഇതിനിടിയിലാണ് മറ്റൊരു ദുരന്തം ഈ കുടുംബത്തെ തേടിയെത്തുന്നത്. പൂര്‍ണ ആരോഗ്യവാനായിരുന്ന രണ്ടാമത്തെ കുട്ടി ആര്യന് രണ്ടുവയസില്‍ ഒരു ഛര്‍ദ്ദി ഉണ്ടായി മൂത്തകുട്ടിയുടെ അതേ അവസ്ഥയിലായി. തുടര്‍ന്ന് ഈ കുട്ടിയും വൈദ്യരുടെ ചികിത്സയിലാണ്.
ചികിത്സകള്‍ ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ആര്യന്റെ അസുഖം എഴുപത്തിഅഞ്ചുശതമാനത്തോളം ഭേദമായി കഴിഞ്ഞു. മാളുവിന്റെയും ആര്യന്റെയും അച്ഛന് സുരേഷ് സൈനികനാണ്. ആര്യന് അച്ഛനോടും അമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തും മാളു മുത്തച്ഛനും മുത്തശി പ്രസന്നയ്ക്കുമൊപ്പം ചെട്ടികുളങ്ങര പേളയിലെ വാടക വീട്ടിലുമാണ്. രണ്ടുപേരുടെ ചികിത്സയ്ക്കായി വസ്തുവും വീടുമുള്‍പ്പെടെ എല്ലാ വിറ്റിട്ടും അസുഖം ഭേദമാകാതിരുന്ന സമയത്താണ് ദൈവനിയോഗമായി വൈദ്യന് എത്തിയതെന്ന് ശശിധരപണിക്കരും ഭാര്യ പ്രസന്നയും പറഞ്ഞു.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി എല്ലാവരും ഉപേക്ഷിച്ച നിരവധി രോഗികള്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നും ഇതില്‍ ഭൂരിഭാഗം പേരെയും പൂര്ണസുഖമാക്കുവാന് ഈശ്വരാനുഗ്രഹത്താല്‍ സാധിക്കുന്നുണ്ടെന്നും വൈദ്യന് ജന്മഭൂമിയോടു പറഞ്ഞു.
പി.എന്‍.സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: