തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിതാനായരുമായി മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയവും. ഫോണ്‍ നമ്പരുകള്‍ പുറത്തുവന്നത് യുഡിഎഫ് സര്‍ക്കാരിനെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരായി എ ഗ്രൂപ്പ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം സരിതാ നായരുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. അതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണെന്നും പറയപ്പെടുന്നു. മുമ്പ് സരിതാനായരും ജോപ്പനുമായുള്ള ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങള്‍ ടിവി ചാനലിനു ചോര്‍ത്തിക്കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് ജോപ്പനെ കുടുക്കാനായിരുന്നെങ്കില് ഇപ്പോള്‍ തിരുവഞ്ചൂരിനെ കുടുക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം മന്ത്രി കെ. സി ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന ഗ്രൂപ്പു യോഗത്തില്‍ തിരുവഞ്ചൂരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിലെ ഉന്നതരുമായി ചേര്‍ന്ന് ബോധപൂര്‍വമാണ് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കം നടത്തിയതെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
തിരുവഞ്ചൂരിനെ കുടുക്കിലാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഈ പ്രശ്നത്തില്‍ നിന്നും ഊരിയെടുക്കുക എന്ന ലക്ഷ്യവും എ ഗ്രൂപ്പിലെ പ്രമുഖര്‍ക്കുണ്ട്. നിയമസഭയിലടക്കം പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോള്‍ തിരുവഞ്ചൂരിനെകൊണ്ട് രാജിവയ്പ്പിച്ച് പ്രതിഷേധത്തിന്റെ ശക്തികുറയ്ക്കാമെന്നും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാമെന്നുമാണ് കരുതുന്നത്. പോലീസിലെ ഉന്നതര്‍ പോലുമറിയാതെയാണ് തിരുവഞ്ചൂരിന്റെ ഫോണ്‍വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയത്.
തിരുവഞ്ചൂര്‍ ഇതോടെ പ്രതിരോധത്തിലായി. ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചാല്‍ പലരുടെയും നമ്പരുകള്‍ അതില്‍ കാണുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനു തൊട്ടുപിന്നാലെ മന്ത്രിമാരടക്കമുള്ളവരും യുഡിഎഫിലെ എ ഗ്രൂപ്പില്‍ പെട്ട പ്രമുഖ എംഎല്‍എമാരും സരിതാനായരുമായി പരസ്പരം ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തായി. ഈ വിവരങ്ങള്‍ നേരത്തെ തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശേഖരിച്ചു വച്ചിരുന്നത് അദ്ദേഹം പുറത്താക്കുകയായിരുന്നു. ഇതോടെ സര്‍ക്കാറിലെ പ്രമുഖരും യു.ഡി.എഫിലെ ഉന്നതരും ഫോണ്‍ വിവാദത്തില്‍ കുടുങ്ങി. ചിലമാധ്യമ പ്രവര്‍ത്തകരും സരിതാനായരുമായി സജീവ ബന്ധമുള്ളവരാണെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞിരിക്കുന്നത്. അവരുടെ വിവരങ്ങള്‍ പുറത്തു വിട്ട് മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യം.
എ ഗ്രൂപ്പില്‍ തനിക്കെതിരെ നീങ്ങുന്നവരെയും ഐഗ്രൂപ്പിലെ മന്ത്രിമാരടക്കമുള്ളവരെയും ഒരു പോലെ കുരുക്കിലാക്കുക എന്ന ലക്ഷ്യമായിരുന്നു ആഭ്യന്തരമന്ത്രിക്കുള്ളത്. രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ വിളികളാണ് പുറത്തായിരിക്കുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: