പള്ളുരുത്തി: നീണ്ടകാലത്തെ ഇടവേളക്കുശേഷം എറണാകുളത്തുനിന്നും മട്ടാഞ്ചേരിയിലേക്കുള്ള ജല ഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസ് നിരക്ക് കുത്തനെ ഉയര്‍ത്തിയതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം.
12 വര്‍ഷത്തിനുശേഷമാണ് മൂന്നര രൂപയില്‍ നിന്നും ഒറ്റയടിക്ക് ഏഴുരൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയപാര്‍ട്ടികളെ ഇതിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് പൊതുജനം ആക്ഷേപമുന്നയിക്കുകയാണ്.
എറണാകുളത്തിനിന്നും ഫോര്‍ട്ടുകൊച്ചി, വൈപ്പിന്‍ മേഖലയിലേക്ക് രണ്ടര രൂപയില്‍ നിന്നും നാലുരൂപയായിവര്ദ്ധിപ്പിച്ചപ്പോള് ഫോര്ട്ടുകൊച്ചിയോട് ചേര്‍ന്ന് കേവലം ഒരു കിലോമീറ്റര്‍ ദൂരമുള്ള മട്ടാഞ്ചേരി ജെട്ടിയിലേക്കുള്ള യാത്രാനിരക്ക് യാതൊരുമാനദണ്ഡവും പാലിക്കാതെ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് നീതിനിഷേധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മട്ടാഞ്ചേരി ജെട്ടിയിലെ ആഴക്കുറവു ചൂണ്ടിക്കാട്ടി വേലിയേറ്റസമയത്തുമാത്രമാണ് ഇവിടേക്ക് സര്‍വ്വീസ് ബോട്ടുകള്‍ അടുപ്പിക്കുന്നത്.
എന്നാല്‍ വേലിയിറക്കസമയങ്ങളില് വരെ സ്വകാര്യഡബിള് ഡക്കര്‍ ബോട്ടുകള്‍ ഒരു തടസ്സവുമില്ലാതെ അടുപ്പിച്ച് സര്‍വ്വീസ് നടത്തുന്നതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും എറണാകുളത്തുനിന്നും മട്ടാഞ്ചേരിക്ക് യാത്രതിരിക്കുന്നബോട്ട്, ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടിയില്‍ അടുക്കുമ്പോഴായിരിക്കും മട്ടാഞ്ചേരിക്ക് പോകുന്നില്ലെന്ന് ജീവനക്കാര്‍ അറിയിക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാരുമായി വാക്കുതര്ക്കത്തിലെത്താറാണ് പതിവ്. ചാര്‍ജ്ജ് വര്‍ദ്ധനവ് പുനഃപരിശോധിക്കണമെന്നും ഇവിടേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: