കിംഗ്സ്ടണ്‍: ശ്രീലങ്കയോട് 161 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ഇന്ത്യന്‍ ടീമിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന് വിരാട് കോഹ്ലി. എന്നാല്‍ തുടരെയുള്ള രണ്ടാമത്തെ തോല്‍വി ടീമിന് യാഥാര്‍ഥ്യത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരണയേകുമെന്നും കോഹ്ലി പറഞ്ഞു.
348 എന്ന കൂറ്റന്‍ സ്കോറാണ് വെല്ലുവിളിയായി ശ്രീലങ്ക ഉയര്‍ത്തിയത്. ഇന്ത്യയാകട്ടെ 44.5 ഓവറുകളില്‍ 187ന് ആള്‍ഔട്ടായി. അടുത്ത രണ്ടു മത്സരങ്ങളും വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാകൂ.
ഈ തോല്‍വി യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ടീമിനെ സഹായിക്കും. എന്താണ് ടീം വരുത്തിയ തെറ്റെന്ന് വിശകലനം ചെയ്യേണ്ടതാണ്. ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. അവയില്‍ എതിരാളികളെ തളയ്ക്കാന്‍ കഴിയും. പരുക്കേറ്റ് പുറത്തിരിക്കുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനായി ടീമിനെ നയിക്കുന്ന കോഹ്ലി ചൂണ്ടിക്കാട്ടി.
ബൗളര്‍മാര്‍ മത്സരത്തിലേക്ക് തിരിച്ചുവരണം. അതുപോലെ കൂറ്റന്‍ സ്കോര്‍ മെല്ലെ പിന്തുടരുന്നതും വീഴ്ചയാണ്. കഴിഞ്ഞത് ഏറെ കഠിനമായ ദിനങ്ങളാണ്. ബോളുമായി ടീം ഒട്ടുംതന്നെ ചേര്‍ന്നിരുന്നില്ല. ശ്രീലങ്കക്കാര്‍ നന്നായി കളിച്ചു. നമ്മളാകട്ടെ മോശം പ്രകടനമാണ് നടത്തിയത്. 349 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള് നമുക്ക് വേഗത്തില്‍ ആരംഭിക്കണമായിരുന്നു. അത് ചെയ്യാന്‍ സാധിച്ചില്ല. അതാണ് നമ്മെ പരാജയപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു.
ആദ്യ പത്ത് ഓവറുകളില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെടുത്തി ഇന്ത്യ 28 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. അത്തരം സ്കോര്‍ പിന്തുടരുമ്പോള് കൂറ്റനടികള്‍ക്ക് ശ്രമിക്കുന്ന ബാറ്റ്സ്മാന് ഉണ്ടാകേണ്ടതാണ്. എന്നാല്‍ ടീം കളിച്ച ശൈലി പരിശോധിച്ചാല്‍ ആ അവസരം നമ്മള് പ്രയോജനപ്പെടുത്തിയില്ലെന്ന് കരുതുന്നില്ല. പക്ഷേ അത് സംഭവിച്ചില്ല. കോഹ്ലി പറഞ്ഞു.
ശ്രീലങ്കന്‍ നായകന് എയ്ഞ്ചലോ മാത്യൂസ് ഉപുല്‍ തരംഗയും മഹേല ജയവര്‍ധനയും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിനെ സമര്‍ഥമായി ഉപയോഗിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 213 റണ്‍സെന്ന സ്കോറാണ് അവരുടെ വിജയത്തിന് അടിത്തറയിട്ടത്. തരംഗ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 174 സ്കോര്‍ ചെയ്തപ്പോള്‍ ജയവര്‍ധനയുടെ സംഭാവന 107 ആയിരുന്നു.
നമുക്ക് അതാണ് വേണ്ടിയിരുന്നത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ടതോടെ നമ്മള് കടുത്ത പ്രതിരോധത്തിലായി. മഹേല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഉപുല്‍ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ബുദ്ധിപരമായി ബാറ്റുവീശി. ശ്രീലങ്കയെ 250 എന്ന സ്കോറിനുള്ളില്‍ ഒതുക്കണമായിരുന്നു. പക്ഷേ നമ്മുടെ ബൗളര്‍മാര്‍ അവരെ 250ല്‍ ഒതുക്കിനിര്‍ത്തിയില്ല. വിജയത്തിന് മഹേലയും ഉപുലും അഭിനന്ദനം അര്‍ഹിക്കുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നത് താന്‍ ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം നന്നാക്കാനും അത് നിലനിര്‍ത്തിക്കൊണ്ടുപോകാനും തങ്ങള്‍ക്ക് കഴിഞ്ഞെന്ന് മാന്‍ ഓഫ് ദ മാച്ച് ആയ തരംഗപറഞ്ഞു. പന്ത് അധികം തിരിയാത്ത വിക്കറ്റില്‍ നമുക്ക് നല്ല തുടക്കം ലഭിക്കേണ്ടതായിരുന്നു. ആദ്യ പത്ത് ഓവറുകള്‍ വളരെ നിര്‍ണായകമാണ്. ഇന്ത്യ നന്നായാണ് പന്തെറിഞ്ഞു തുടങ്ങിയത്. അത് മനസ്സിലാക്കി തങ്ങള്‍ സമ്മര്‍ദ്ദം അവരുടെ തലയ്ക്ക് വയ്ക്കുകയാണ് ചെയ്തതെന്നും തരംഗ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: