കൊച്ചി: നോര്‍ത്ത് മേല്‍പ്പാലങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സ്റ്റിച്ചിംഗ് ജോലികള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി വൃത്തങ്ങള്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് ഒറ്റവരിഗതാഗത സംവിധാനമായിരിക്കും ഉണ്ടായിരിക്കുക. ഇരുവശങ്ങളിലേയും മേല്‍പ്പാലങ്ങളില്‍ ഒന്ന് യോജിപ്പിച്ചതിന് ശേഷമായിരിക്കും. അടുത്തത് സ്റ്റിച്ച്ചെയ്യുക. ഇതുമൂലം ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കേണ്ട അവസ്ഥ ഉണ്ടാവില്ല. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പ്രധാനസ്പാനുകളില് ആര് സി സി ഗാര്‍ഡറുകള്‍ ഉറപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിന് ശേഷം കിഴക്ക് വശത്തെ ഗര്‍ഡറുകള്‍ സ്ഥാപിക്കും. ഇരുവശത്തും ആര്‍സിസി ഗര്‍ഡറുകള്‍ സ്ഥാപിച്ചശേഷമേ നടുവില്‍ റെയില്‍വേ ട്രാക്കിന് മീതെയുള്ള സ്പാനില്‍ ഉരുക്കു ഗാര്‍ഡര്‍ സ്ഥാപിക്കുകയുള്ളു. ഇതിന് കൂടുതല്‍ സമയമെടുക്കും.
കലൂര്‍ മണപ്പാട്ടി പറമ്പിലെ കാസ്റ്റിംഗ് യാര്‍ഡില്‍ വാര്‍ത്തെടുക്കുന്ന ആര്‍സിസി ഗര്‍ഡറുകള്‍ ട്രാക്ടര്‍ ട്രെയ്ലറുകളില് നോര്‍ത്ത് പാലത്തില്‍ കൊണ്ട് വന്നാണ് സ്ഥാപിക്കുന്നത്. ഇതിനായിട്ടാണ് രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചരവരെ നോര്‍ത്ത് ചെറുപാലങ്ങള്‍ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. കിഴക്ക് വശത്ത് ലിസിഭാഗത്തെ പണിസ്ഥലത്ത് ചെളിനിറഞ്ഞ് കിടക്കുകയാണ്. ഈ ചെളിനീക്കം ചെയ്തതിന് ശേഷമേ ഗര്‍ഡര്‍ ഉറപ്പിക്കുകയുള്ളൂ. ഗാര്‍ഡറുകള്‍ ഉറപ്പിക്കുന്നതിന് ഒരു ദിവസം കൂടി മതിയാകുമെന്നാണ് കണക്കുകുട്ടല്‍. പാലത്തിലൂടെയുള്ള രാത്രി ഗതാഗതനിരോധനം ഇന്നും തുടരേണ്ടി വരും.
ഒക്ടോബര്‍ അവസാനവാരമോ നവംബര്‍ ആദ്യവാരമോ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കനത്ത മഴയില്‍ നിശ്ചയിച്ചതില്‍ നിന്നും ഒരാഴ്ചമാത്രം പുറകിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇത് പരിഹരിച്ച് സമയക്രമം ക്ലിപ്തപ്പെടുത്തുവാനാകുമെന്ന് തന്നെയാണ് ഡിഎംആര്‍സിയുടെ വിശ്വാസം.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് നാല്പെയിലുകള് പൂര്‍ത്തിയായി. അഞ്ചാംപെയിലിന്റെ കോണ്‍ക്രീറ്റിംഗ് നടന്ന് വരികയാണ്. മുട്ടം ജംഗ്ഷനില്‍ ടെസ്റ്റ് പെയിലിംഗ് നടത്തിയിടത്ത് അടുത്തമാസം 15 ഓടെ മാത്രമെ പെയിലിംഗ് നടത്തുവാന്സാധിക്കുകയുള്ളൂ. കളമശ്ശേരി കുസാറ്റിന് സമീപത്ത് ദേശീയ പാതയിലെ വീതികൂട്ടല്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
മൂന്നാംറീച്ചില്‍ കച്ചേരിപ്പടി ആയുര്‍വേദ ആശുപത്രിക്ക് സമീപം മണ്ണ് പരിശോധനയും മറ്റ് നടപടികളും അടുത്ത ആഴ്ച ആരംഭിക്കും. സോമയ്ക്കാണ് ഇവിടുത്തെനിര്മ്മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: