തൃപ്പൂണിത്തുറ: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ടാങ്കര്‍ലോറി പണിമുടക്ക് രണ്ടാംനാള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പൊളിഞ്ഞു. ഇതേത്തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച ടാറ്റാപുരത്ത് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍നിന്ന് പെട്രോളിയം ഡീലര്‍മാരുടെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ദക്ഷിണമേഖല ജനറല്‍ മാനേജര്‍ പി.പി.നാദ്കര്‍ണിയുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതിയുടെ ഭാരവാഹികളുമായിട്ടാണ് ചര്‍ച്ച നടന്നത്.
പുതിയ കരാറിന് 15ദിവസത്തെ സാവകാശംകൂടി വേണമെന്ന് എച്ച്പിസി അധികൃതര്‍ ആവശ്യപ്പെട്ടതും സമരസമിതി ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ഒന്നും പ്രതികരിക്കാതെ മാനേജ്മെന്റ് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറിയതുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
2009 ലെ കരാര്‍ 2011ല്‍ കാലാവധി കഴിഞ്ഞെങ്കിലും കമ്പനി ഒരു കൊല്ലത്തേക്ക് കൂടി നീട്ടിനല്‍കിയിരുന്നു. 2013 മാര്‍ച്ചില്‍ ഇതും അവസാനിച്ചതിനെത്തുടര്‍ന്ന് ജൂലൈ ഒന്നിന് മെച്ചപ്പെട്ട രീതിയില്‍ കരാര്‍ പുതുക്കുമെന്ന് എച്ച്പിസി മാനേജ്മെന്റ് വാക്കാല്‍ ഉറപ്പ് നല്‍കുകയും മൂന്ന് മാസംകൂടി ഇന്ധനവിതരണം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം കഴിഞ്ഞ ജൂണ്‍ അവസാനംവരെ ടാങ്കര്‍ലോറികള്‍ ഇന്ധനവിതരണം നടത്തി. എച്ച്പിസി നല്കിയ ഉറപ്പ് പാലിക്കുമെന്ന് വിശ്വസിച്ച് സഹകരിച്ച കരാറുകാരും തൊഴിലാളികളും ജൂണ്‍ 29ന് കമ്പനി നല്കിയ പുതിയ കരാര്‍ കണ്ട് ഞെട്ടി. 2009ലെ കിലോമീറ്റര്‍ നിരക്ക് 1.86 രൂപ പുതിയ കരാറില്‍ കുറവ് ചെയ്ത് 1.83 രൂപയാക്കിയത് ഡീലര്‍മാരെയും കരാറുകാരെയും തൊഴിലാളികളെയും പ്രകോപിപ്പിക്കുകയാണുണ്ടായത്. അതേസമയം, ടാങ്കര്‍ലോറി പണിമുടക്ക് രണ്ടുദിവസം പിന്നിട്ടതോടെ എച്ച്പിസി പമ്പുകളില്‍ ബുധനാഴ്ച വരെയുള്ള സ്റ്റോക്ക് തീരാന്‍ ഇടയുള്ളതിനാല്‍ ക്ഷാമത്തിന് സാധ്യതയേറി. വ്യാഴാഴ്ച രാവിലെ മുതല്‍തന്നെ പമ്പുകളില്‍ ഇന്ധനക്ഷാമം അനുഭവപ്പെടുമെന്ന് ഡീലര്‍മാരുടെ സംഘടനയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: