മലപ്പുറം: പി എസ് സി അധികൃതരുടെ പിടിപ്പുകേട് മൂലം പി എസ് സി വഴി നിയമനം ലഭിച്ചവര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ വലയുന്നു. രണ്ട് വര്‍ഷം മുന്‍പ് കെ എസ് ആര് ടി സി ഉള്‍പ്പെടെ വിവിധ വകുപ്പുകളിലേക്ക് പി എസ് സി വഴി പരീക്ഷ എഴുതി ഉദ്യോഗം ലഭിച്ചവരാണ് നാളിതുവരെയായിട്ടും പി എസ് സി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടത്താത്തതിനെ തുടര്‍ന്ന് ദുരിതത്തിലായത്. ഇതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ തടഞ്ഞുവച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് ജോലിക്ക് കയറിയവരുടെ പ്രൊബേഷന്‍ കാലയളവ് ഇതിനകം തീര്‍ന്നു. പ്രോബേഷന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് അധികമായി ഇന്‍ഗ്രിമെന്റ് നല്‍കും. ഇതിന് പുറമെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവുമുണ്ടാകും. ഇതെല്ലാം കൂടിച്ചേര്‍ന്നാല്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ തസ്തിക അനുസരിച്ച് 500 മുതല്‍ 1500 രൂപ വരെ പ്രതിമാസ ശമ്പളത്തില്‍ കൂടുതലായി ലഭിക്കും. എന്നാല്‍ നാളിതുവരെയായിട്ടും ആരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തി അതാത് വകുപ്പുകളിലേക്ക് അയക്കാന്‍ പി എസ് സി അധികൃതര്‍ തയ്യാറായിട്ടില്ല.
ഇത്തരത്തില്‍ 2000 ജീവനക്കാര്‍ക്കാണ് പി എസ് സി യുടെ നടപടി മൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്നത്. ഇവര്‍ രണ്ട് വര്‍ഷം മുന്‍പ് സര്‍വ്വീസില്‍ കയറിയവരാണ്. ഇവരുടെ പ്രൊബേഷന്‍ കാലാവധി കഴിഞ്ഞ മെയ്മാസത്തില്‍ കഴിഞ്ഞതാണ്. പി എസ് സി അധികൃതരുടെ വീഴ്ചമൂലം അനധികൃതമായി ആരെങ്കിലും ജോലിക്ക് കയറിയിട്ടുണ്ടോ എന്നുപോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. വ്യാജ രേഖകളും മറ്റും ചമച്ച് ഉദ്യോഗം നേടുന്ന സംഭവങ്ങള്‍ അനവധി നിലനില്‍ക്കെ പി എസ് സി അധികൃതര്‍ കാണിക്കുന്ന ഈ അലംഭാവം ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: