പെരുമ്പാവൂര്‍: 11 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പുല്ലുവഴി നെല്ലിമോളത്തുനിന്നും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറും സംഘവും പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അസഫുദ്ദീന് ബിശ്വാസ് മകന് സ്താക്കിന് ബിശ്വാസ് ആണ് പിടിയിലായത്. മിര്ഷിദാബാദില് നിന്നും കേരളത്തിലെത്തിയ പ്രതി മലയാളികള്‍ക്കും, അന്യസംസ്ഥാനതൊഴിലാളികള്‍ക്കും ചെറിയ പൊതികളിലായി ഹെറോയില്‍ നല്‍കിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് സമ്മതിച്ചു. ഹെറോയിന്‍ ചെറിയ പൊതികളായി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് കുറച്ചു ദിവസമായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. മേസ്തിരി പണിക്കെന്ന് പേരിലാണ് ഇയാള്‍ നെല്ലിമോളത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്നത്. ആവശ്യക്കാര്‍ ഇവരുടെ വാടക വീട് അന്വേഷിച്ചെത്തി ഹെറോയിന്‍ വാങ്ങാറുണ്ടെന്നും, ഫോണ്‍ വിളിച്ചു പറയുന്ന പരിചയക്കാര്‍ക്ക് യഥാസ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് പതിവ്. അന്യസംസ്ഥാന തൊഴിലാളികള്‍ കിഴക്കമ്പലം, പട്ടിമറ്റം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവും, മറ്റുമയക്കുമരുന്നുകളും വില്‍പ്പന നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് സഹായികളായി മലയാളികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രഹസ്യമായി നടത്തുന്നുണ്ടെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, കെ.കെ.സുബ്രഹ്മണ്യന് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി.ജോസ്, വി.ഇ.അയൂബ്, കെ.പി.സജികുമാര്‍, ടി.വി.ജോണ്സണ്, പി.ജി.പ്രകാശ്, ഡ്രൈവര്‍ സക്കിര്‍ ഹുസൈന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: