ശിവചൈതന്യത്തിന്റെ പ്രോജ്ജ്വലതയാല് തലമുറകള്‍ക്ക് പുണ്യം പകര്‍ന്ന ക്ഷേത്രനഗരിയിലെ വിതുമ്പലുകള്‍ അവസാനിച്ചിട്ടില്ല. മോക്ഷദായകനായ മഹേശ്വരന്റെ മുന്നില്‍ പ്രകൃതി സംഹാരതാ ണ്ഡവമാടിയതിന്റെ നഷ്ടക്കണക്കെടുപ്പ് പൂര്‍ത്തിയായിട്ടുമില്ല. പുരാണങ്ങളിലെ ചില കഥകള്‍ വര്‍ത്തമാനകലികാലത്തില്‍ അവിശ്വസനീയമാണ്. അഭയമറ്റ് ഉള്ളുരുകി വിലപിക്കുന്നവര്‍ക്ക് മുന്നില്‍ സര്വ്വാഭാരണവിഭൂഷിതരായി ദിവ്യായുധങ്ങളുമായി ഈശ്വരന്മാര് പ്രത്യക്ഷരാകുന്നതും വരം നല്കി മറയുന്നതും കഥ മാത്രമാകാം. കഥകളില്‍ പിന്നീട് തിരുത്തലുകള്‍ വന്നു. വിശക്കുന്നവന്റെ മുന്നില്‍ ദൈവം ഭക്ഷണമായി അവതരിക്കുമെന്ന ആധുനികതത്വചിന്തയോളം..
ഉത്തരാഖണ്ഡിലെ പേമാരി പെയ്തിറങ്ങിയ മലയടിവാരങ്ങളില്‍ പക്ഷേ ദൈവം നേരിട്ട് അവതരിച്ചത് ഒരുകൂട്ടം സൈനികരുടെ വേഷത്തിലായിരുന്നു-പതിനൊന്നാം അവതാരം പോലെ. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ യുദ്ധമുഖത്തെ തോക്കിന്മുനയിലേക്ക് ചങ്കുറപ്പോടെ നടന്നുചെല്ലുന്ന ധീരസൈനികരുടെ കഥ ‘ചില സിനിമകളില്‍’ നിന്നെങ്കിലും നാമറിഞ്ഞു. രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്നതില്‍ മാത്രമല്ല ഓരോ പൗരന്റെയും ജീവിതത്തിനും സൈനികന് എത്രമാത്രം വില കല്പ്പിക്കുന്നു എന്ന് വിളിച്ചു പറയുന്നതായിരുന്നു ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ദുരന്തഭൂമിയിലകപ്പെട്ട തീര്‍ത്ഥാടകരെ കോരിയെടുത്ത് ചുമലിലേറ്റി ഭക്ഷണവും വസ്ത്രവും നല്കി സുരക്ഷിതതാവളങ്ങളിലാക്കുന്ന സൈനികരുടെ അക്ഷീണപ്രയത്നത്തിന് അവരിലോരോരുത്തരുടെയും കാല്ക്കല് കണ്ണീര്ക്കണങ്ങളര്പ്പിച്ച് നന്ദി പ്രകടിപ്പിച്ചു മരണവക്ത്രത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരൊക്കെയും.
അഭിമാനത്തിന്റെയും ഒപ്പം തീരാനഷ്ടത്തിന്റെയും നൊമ്പരത്തിന്റെയും ഏടുകള്‍ ബാക്കിവച്ചാണ് ഉത്തരാഖണ്ഡിലെ പ്രളയഭൂമിയില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങുക. പ്രളയക്കെടുതികളില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ പുറപ്പെട്ട ഹെലികോപ്ടറിനൊപ്പം അവസാനിച്ച 20 സൈനികരുടെ ജീവന്റെ വില ആകാശത്തിലും വലുതാണ്. ഉള്ളിലെവിടെയോ നീറുന്ന നൊമ്പരമാണ് ഓരോ ഭാരതീയനും ആ നഷ്ടങ്ങള്‍. തീര്‍ത്ഥാടകര്‍ അഭയാര്‍ത്ഥികളായ ദുരിതക്കാഴ്ച്ചകളുടെ ഞെട്ടലിലാണ് രാജ്യം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഓരോരുത്തര്‍ക്കും പറയാനുണ്ട് ആ ഹിമാലയന്‍ സുനാമിയുടെ ഭീകരതയെക്കുറിച്ച്…മരണത്തിന്റെ കറുത്ത രാത്രികളിലെ നിലവിളികള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക്, വെളിച്ചത്തിലേക്ക് നടന്നുകയറിയതിനെക്കുറിച്ച്…
സൈനികരുടെ രക്ഷാപ്രവര്‍ത്ത നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ദൃശ്യങ്ങളും ന്യൂസ് ചാനലുകളില്‍ നിരന്തരം നിറയുമ്പോള്‍ എറണാകുളം പാലാരിവട്ടത്തെ വസതിയിലിരുന്ന് അഭിമാനത്തോടെ അത് കാണുകയാണ് കേണല്‍ വേണുഗോപാല്‍.. സൈന്യത്തില്‍ നിന്ന് വിരമിച്ചിട്ട് 19 വര്‍ഷമായെങ്കിലും രാജ്യസ്നേഹികളായ ഓരോ സൈനികന്റെയും ഹൃദയത്തുടിപ്പുകളിലെ സേവനതത്പരതയും മനോവികാരവും തൊട്ടടുത്ത് കാണാന്‍ ഈ കേണലിന് കഴിയുന്നുണ്ട്. ആവേശത്തോടെ കേണല്‍ വി.കെ.വേണുഗോപാലന്‍ പറയുന്നു- “ഒരു സാധാരണ മനുഷ്യനില്‍ നിന്ന് നിസ്വാര്‍ത്ഥനും കര്‍മ്മയോഗിയുമായ ഒരു സൈനികന് സൃഷ്ടിക്കപ്പെടുകയാണ്. ശാരീരികവും മാനസികവുമായി സജ്ജമാക്കപ്പെട്ട ഒരു സൈനികനും തന്റെ കര്‍മ്മഭൂമിയില്‍ സംശയഗ്രസ്തനായി ഒരു നിമിഷം പോലും പാഴാക്കുന്നില്ല, അതിന് അയാള്‍ക്കാകില്ല”
അഴുകിത്തുടങ്ങിയ മൃതദേഹം പരിശോധിച്ച് അടയാളങ്ങള്‍ കണ്ടെത്തി ഡിഎന്‍എ ടെസ്റ്റിനുള്ള സാമ്പിളുകള്‍ ശേഖരിച്ച്, മതാചാരപ്രകാരം സംസ്ക്കാര കര്‍മ്മവും നിര്‍വഹിച്ചാണ് സൈനികര്‍ മടങ്ങുന്നത്. ദുര്‍ഗന്ധം വമിക്കുന്ന, കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹത്തിലാണ് പരിശോധന നടത്തേണ്ടത്. മഴയില്‍ നനഞ്ഞുകുതിര്‍ന്ന യൂണിഫോമും ഷൂവുമായി തണുത്ത് വിറച്ച് മണിക്കൂറുകളോളം, ചിലപ്പോള്‍ ദിവസങ്ങളോളം, രക്ഷാപ്രവര്‍ത്തനം തുടരണം. മാനുഷികമായ വികാരങ്ങള്‍ ഒരു സൈനികന്റെ നിശ്ചയദാര്‍ഢ്യത്തെയോ കര്മ്മബോധത്തെയോ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും അനുഭവത്തിലൂടെ കേണല്‍ വ്യക്തമാക്കുന്നു.
അപ്രതീക്ഷിതമായ ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുമ്പോള്‍, തീരെ മുന്‍പരിചയമില്ലാത്ത ഒരു സ്ഥലത്ത് എങ്ങനെ ഇത്രയും പേര്‍ക്ക് കിറുകൃത്യമായി കണക്കുതെറ്റാതെ ഒരേ താളത്തില്‍ പ്രവര്‍ത്തിക്കാനാവുന്നു?
സിഗ്നല്‍ സമ്പ്രദായമാണ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ജീവനാഡി. പ്രകൃതിദുരന്തം പോലുള്ളവയില്‍ രാജ്യസുരക്ഷയുടെ ഭീഷണി വിഷയമാകാറില്ലെങ്കിലും നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമെല്ലാം കോഡ് ഭാഷയില്‍ തന്നെ. ഈ കോഡ് ഓരോ ദിവസവും മാറ്റുകയും ചെയ്യും. ഇതേക്കുറിച്ച് മുതിര്‍ന്ന സൈനികോദ്യാഗസ്ഥര്ക്ക് അറിയിപ്പ് ലഭിക്കും.
ഓഫീസര്‍ റാങ്കുകളില്‍ സൈനികസേവനത്തിന് പ്രവേശിക്കുന്നവര്‍ മൂന്ന് പ്രതിജ്ഞാവാചകങ്ങള്‍ ചൊല്ലിയാണ് സേവനം തുടങ്ങുന്നത്. രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും പ്രഥമപരിഗണന നല്കി അത് കാത്തുരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ, തനിക്ക് കീഴിലുള്ള ഓരോ സൈനികന്റെയും ജീവന് കാത്തുസൂക്ഷിക്കുമെന്ന ഉറപ്പ്, മൂന്നാമതായി ഈ ജീവന്മരണപോരാട്ടത്തില് സ്വന്തം ജീവന് നഷ്ടമാകാതെ സേവനം പൂര്‍ണ്ണമാക്കുമെന്ന വാക്ക്. രാജ്യത്തിന്റെ അഖണ്ഡതക്കായി സ്വജീവിതം സമര്‍പ്പിക്കാന്‍ തയ്യാറാകുന്ന സൈനികര്‍ക്ക് എന്നും പ്രചോദനം മുതിര്‍ന്ന ഓഫീസര്‍മാരാണ്. ആത്മവീര്യം ചോരാതെ തന്റെ റെജിമന്റിലെ ഓരോ സൈനികനെയും പ്രാപ്തനാക്കി നിലനിര്‍ത്തേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.
ബാഹ്യശക്തികളില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനൊപ്പം ആഭ്യന്തരമായും രാജ്യത്തെ സുരക്ഷിതമാക്കുന്നതും സൈന്യത്തിന്റെ ചുമതലയാണ്. അപ്രതീക്ഷിതമായി പൊട്ടിപുറപ്പെടുന്ന വര്‍ഗീയ കലാപങ്ങളില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും തീവ്രവാദ ഭീഷണികളില്‍ നിന്നും കണ്ണിമ ചിമ്മാതെ നാടിനെ കാക്കുന്ന കാവലാളാണ് ഓരോ സൈനികനും. പ്രശ്നങ്ങളില്‍ സൈന്യം നേരിട്ട് ഇടപെടുന്നില്ല. പ്രശ്നം തങ്ങളുടെ കൈകളില്‍ ഒതുങ്ങില്ലെന്ന് ജില്ലാഭരണകൂടത്തിന് ബോധ്യമാകുമ്പോള്‍ അവര്‍ ഇക്കാര്യം സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുന്നു. സംസ്ഥാനം സൈനികസേവനം ആവശ്യപ്പെടുമ്പോഴാണ് സൈനികവിന്യാസം.
പ്രകൃതിദുരന്തങ്ങള്‍ അപ്രതീക്ഷിതങ്ങളായതിനാല് അത് നേരിടുന്നതില്‍ സൈന്യം എപ്പോഴും സുസജ്ജമായിരിക്കും. വെള്ളപ്പൊക്കം പതിവായ സംസ്ഥാനങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം കൃത്യമായ പദ്ധതി തയ്യാറാക്കുകയും എല്ലാവര്‍ഷവും ഇത് പുനരവലോകനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് കേണല്‍ വേണുഗാപാല്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ സാധാരണ ഗതിയില്‍ മഴസാധ്യത കണക്കിലാക്കി സൈന്യം സജ്ജമാകാനാണ് സാധ്യതയെന്നും എന്നാല്‍ ചരിത്രത്തിലാദ്യമായി പെയ്തിറങ്ങിയ പേമാരിയാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചതെന്നും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള കേണല്‍ ചൂണ്ടിക്കാണിക്കുന്നു. മഴസാധ്യത മുന്കൂട്ടിയറിയാവുന്നതിനാല് കഴിഞ്ഞ മാസം ബദരീനാഥ് ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ കേണലും കുടുംബവും സന്ദര്‍ശിച്ചിച്ച് നേരത്തെ മടങ്ങുകയായിരുന്നു. (ഇവിടെയാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ ഉത്തരവാദികളെ തേടുന്നവര്‍ എത്തിച്ചേരുന്നത്. ഇങ്ങു കേരളത്തിലിരുന്ന് ഉത്തരാഖണ്ഡിലെ കാലാവസ്ഥയറിഞ്ഞ് മുന്‍കരുതലെടുത്ത കേണലിന്റെ കര്‍ത്തവ്യ ബോധം വലുതാണ്. ഉത്തരാഖണ്ഡ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നു. പക്ഷേ, അധികൃതര്‍ അത് അവഗണിച്ചുവത്രേ. വരും നാളുകളിലെ വിവാദങ്ങള്‍ ഇതിനെച്ചൊല്ലിയായേക്കാം)
എന്തായാലും പ്രതികൂലകാലാവസ്ഥയെ മറികടന്ന് അഹോരാത്രം അക്ഷീണപ്രയത്നം നടത്തി ഇന്ത്യന്‍ സൈനികര്‍ രക്ഷിച്ചത് ഒരുലക്ഷത്തോളം തീര്‍ത്ഥാടകരെയാണ്. കരസേനക്കൊപ്പം വ്യോമസേനയും പ്രവര്‍ത്തനങ്ങളില്‍ തുല്യപങ്കാളിത്വം വഹിക്കുകയായിരുന്നു. നാവികസേനയുടെ 50 ഹെലികോപ്ടറുകളും കരസേനയുടെ പതിനായിരം സൈനികരുമാണ് ഇവരുടെ രക്ഷക്കായി പുറപ്പെട്ടിറങ്ങിയത്. അതേസമയം ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. റോാഡുകള്‍ തകര്‍ന്നടിഞ്ഞതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട ചില മേഖലകളിലേക്ക് ഹെലികോപ്ടറിനു പോലും എത്തിപ്പെടാനാവുന്നില്ല. പട്ടിണിയും തണുപ്പും സഹിക്കവയ്യാതെ പലരും മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം ജീവന് പണയം വച്ച് സ്വയം പാലമായി നദി മുറിച്ചുകടക്കാന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്ന സൈനികരുടെ ചിത്രം ഉള്ളുലയ്ക്കുന്നതാണ്. ഒരു ജീവന്റെ വില മനസിലാക്കുന്ന മറ്റൊരു ജീവന് സ്വന്തം ജീവനേക്കാള്‍ മറ്റൊന്നിനെ വിലമതിക്കുന്ന വികാരയാഥാര്ത്ഥ്യമാണത്.
മരണപ്പാച്ചില്‍ നടത്തുന്ന നദിക്ക് അക്കരെ നിസ്സഹായരായി കഴിഞ്ഞ തീര്‍ത്ഥാടകരെ വടവും മറ്റുമുപയോഗിച്ച് ഇക്കരെ കടത്തിയും പൊട്ടിയടരുന്ന മലകളില്‍ നിന്ന് അവശരെ ചുമലിലേറ്റി ജീവന് പണയംപെടുത്തി സുരക്ഷിത താവളങ്ങളിലെത്തിച്ചും സൈനികര്‍ ആപദ്ബാന്ധവരായി. താഴ്ന്നു പറക്കാനാകാത്ത ഹെലികോപ്ടറുകളില്‍ നിന്ന് അതിസാഹസികമായി താഴേക്ക് ചാടിയാണ് ഇവര്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ എത്തിയത്. ഒരു സൈനികനെന്ന നിലയില്‍ ജീവിതം സഫലവും ധന്യവുമാക്കി കഴിഞ്ഞു ഉത്തരാഖണ്ഡിലെ പ്രളയഭൂമിയില്‍ സേവനം നടത്തിയ ഓരോ സൈനികനും. രാജ്യമൊന്നായി ഒരേ മനസ്സോടെ ഇവര്‍ക്ക് സല്യൂട്ട് സമര്‍പ്പിക്കുന്നു. പതിനഞ്ച് ദിവസം കൂടി സൈനികര്‍ ഈ മലമേഖലകളിലുണ്ടാകും. ജീവന്റെ അവസാനതുടിപ്പുകളുമായി രക്ഷ കാത്ത് കഴിയുന്നവരുണ്ടെങ്കില്‍ അവസാന വ്യക്തിയേയും തിരിച്ചെത്തിക്കാന്‍, വിധി തൂത്തെറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ അഴുകി ജീര്‍ണ്ണിക്കുന്ന ശവശരീരങ്ങള്‍ അനാഥമാക്കാതെ അഗ്നിക്ക് സമര്‍പ്പിക്കാന്‍, പേമാരി വിതച്ച ദുരന്തത്തില്‍ മഹാവ്യാധികള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള കരുതലെടുപ്പിനായി, പിന്നെ വരുംവര്‍ഷങ്ങളിലും പേടി കൂടാതെ മഹേശ്വരദര്ശനത്തിനെത്തുന്നവര്ക്ക് നല്ല വഴി നിര്‍മ്മിക്കാന്‍…
രതി എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: