കോഴിക്കോട്: കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ തന്ത്രത്തില്‍ മുസ്ലിം ലീഗും മുഖ്യമന്ത്രിയും പതറുന്നു.
കോണ്‍ഗ്രസിലും യുഡിഎഫിലും മേല്‍ക്കൈ നേടാനുള്ള തന്ത്രമെന്ന നിലയ്ക്കാണ് മുസ്ലിം ലീഗിനെതിരെ തിരിയാന്‍ ഐ വിഭാഗത്തിനെ പ്രേരിപ്പിച്ചത്. മുസ്ലിം ലീഗിന്റെ ന്യൂനപക്ഷ-വര്‍ഗ്ഗീയ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനെതിരെ ഐ വിഭാഗം ഒന്നടങ്കം ആഞ്ഞടിച്ചപ്പോള്‍ ലീഗ് നേതൃത്വമാവട്ടെ എന്തു തീരുമാനമെടുക്കണമെന്നറിയാതെ കുഴങ്ങുകയും ചെയ്തു.
ഇന്നലെ പാണക്കാട് കൂടിയ മുസ്ലിംലീഗ് നേതൃയോഗത്തില്‍ വ്യക്തമായ തീരുമാനമെടുക്കാനോ ആവശ്യം ഉയര്‍ത്താനോ ലീഗിന് കഴിഞ്ഞില്ല. രമേശിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം പോലും ലീഗ് യോഗം ഉയര്‍ത്തിയില്ല. മുസ്ലിം ലീഗ് ബാധ്യതയാണെന്നും വര്‍ഗീയ സാമുദായിക സംഘടനകള്‍ക്ക് ലക്ഷ്മണരേഖ വരയ്ക്കണമെന്നുമായിരുന്നു രമേശിന്റെ വിവാദപ്രസ്താവന. ആര്യാടനും കെ.മുരളീധരനും ഈ അഭിപ്രായത്തെ ശക്തമായി പിന്താങ്ങി. മുരളീധരന് ഇന്നലെ തിരുവനന്തപുരത്ത് ഈ വാദം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.
മുസ്ലിം ലീഗിന്റെ സമ്മര്ദ്ദരാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കാന്‍ ഐ വിഭാഗത്തെ പ്രേരിപ്പിച്ചത് ന്യൂനപക്ഷ പ്രീണനത്തിനെതിരായ ആദര്ശനിലപാടല്ല. മറിച്ച് ഗ്രൂപ്പ് യുദ്ധത്തില്‍ മുസ്ലിം ലീഗിനെ കരുവാക്കി മേല്‍ക്കൈ നേടാനും എ വിഭാഗത്തെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കാനുമായിരുന്നു രമേശിന്റെ നേതൃത്വത്തില്‍ നടന്ന നീക്കം. മുസ്ലിം ലീഗ് ഇതേറ്റുപിടിച്ചതോടെ മന്ത്രിസഭയും മുന്നണിയും മറ്റൊരു പ്രതിസന്ധിയുടെ നടുവിലായി.
തന്റെ മന്ത്രിമോഹത്തെ തകര്‍ത്ത എ ഗ്രൂപ്പിനോടും മുഖ്യമന്ത്രിയോടുമുള്ള പക തീര്‍ക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ആത്മാര്‍ഥമായ രാഷ്ട്രീയനിലപാടല്ല രമേശ് ഉയര്‍ത്തിയതെന്ന് വ്യക്തമാണ്. തന്റെ ലക്ഷ്യം നിറവേറ്റിയതോടെ പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറായത് ഇക്കാര്യം വ്യക്തമാക്കുന്നു. രമേശിന്റെ അഭിപ്രായം മറ്റ് ഐ നേതാക്കള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്.
മുസ്ലിം ലീഗിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കാനുള്ള രമേശിന്റെ തന്ത്രമാണ് ഇവിടെ വിജയം കണ്ടത്. പരസ്യമായൊരു നിലപാടെടുക്കാതെ മുഖ്യമന്ത്രി നിശ്ശബ്ദനാവുകയായിരുന്നു. ആത്മാഭിമാനത്തെക്കുറിച്ച് ഏറെ പറയുന്ന മുസ്ലിം ലീഗാകട്ടെ ഇത്രയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും രമേശ് ചെന്നിത്തല പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം പോലും ഉയര്‍ത്താന്‍ കഴിയാതെ സമ്മര്‍ദ്ദത്തിലുമായി.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: