കൊച്ചി: മഴയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള അറ്റകുറ്റപ്പണി തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ജില്ല വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി. ദേശീയപാത, സംസ്ഥാനപാത എന്നിവയിലെ കുഴികള്‍ അടക്കുന്നതിനൊപ്പം മറ്റ് പ്രധാന റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പു വരുത്തണം. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് വികസന സമിതി യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വികസന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും നടപ്പാക്കുമ്പോഴും ജില്ലയുടെ കിഴക്കന്‍മേഖലയായ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകള്‍ അവഗണിക്കപ്പെടുന്നതായി പരാതി ഉയരുന്നുണ്ടെന്ന് പി.ടി. തോമസ് എം.പി പറഞ്ഞു. ഈ പ്രദേശങ്ങളുടെ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ക്കും നഗരമേഖലയിലേതിന് തുല്യമായ പരിഗണന നല്‍കണം. വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമനം വേഗത്തിലാക്കാനും വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിലെ ഭവനരഹിതരായ ആദിവാസികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. മാമലക്കണ്ടം ഗവ. യു.പി സ്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം വീണ്ടും സര്‍ക്കാരിന് സമര്‍പ്പിക്കണം. നിരവധി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ സ്കൂളാണിത്. കൃഷിഭവനുകളില്‍ കര്‍ഷകസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആശ വര്‍ക്കര്‍മാര്‍ക്കുള്ള പ്രതിഫലം കൃത്യസമയത്ത് വിതരണം ചെയ്യണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്കാനിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷവും ഡോക്ടര്‍മാര്‍ പുറത്തേക്ക് സ്കാനിങ്ങിന് കുറിപ്പെഴുതുന്നത് സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ് പറഞ്ഞു. ജില്ലയിലെ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി കേഡറുകളില്‍ മാത്രമാണ് ചില ഒഴിവുകളുള്ളത്. ഇവ നികത്തുന്നതിന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മട്ടാഞ്ചേരി ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണിക്ക് 73 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.പി. ബെന്നി അറിയിച്ചു. സ്ഥലം ഏറ്റെടുത്ത് കിട്ടിയാലുടന്‍ കുമ്പളങ്ങി – പഷ്ണിത്തോട് റോഡിന്റെ നിര്‍മാണം ആരംഭിക്കും.
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ആര്.ടി.ഒ ബി.ജെ. ആന്റണി പറഞ്ഞു. ബസുകളില്‍ പരിശോധന നടത്തി ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ ജില്ലയില്‍ 35000 അപേക്ഷകരാണുള്ളതെന്ന് മൂവാറ്റുപുഴ ആര്.ഡി.ഒ എസ്. ഷാനവാസ് പറഞ്ഞു. 3500 പ്ലോട്ടുകളാണ് വിതരണത്തിനായി ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഭവനരഹിതര്‍ക്കായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഫ്ലാറ്റ് മാതൃകയിലുള്ള സമുച്ചയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പി.ടി. തോമസ് എം.പി പറഞ്ഞു. പൊതുസ്ഥലങ്ങള്‍ നിലനിര്‍ത്തിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അധ്യക്ഷത വഹിച്ചു. സാജു പോള്‍ എം.എല്‍.എ, ജില്ല പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: