മരട്: ‘വിസ്മോര്‍’ എന്ന പേരില്‍ നിക്ഷേപ തട്ടിപ്പു നടത്തിയവര്‍ നിരവധിപേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയതായി സൂചന. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്റ് ചെയ്ത മുഖ്യപ്രതികളിലൊരാള്‍ കുമ്പളം സ്വദേശി പി.കെ.ജയ്കുട്ടന്‍ എന്നയാളാണ്. ഇയാളുടെ സുഹൃത്ത് കൂടിയായ പനങ്ങാട് സ്വദേശിയാണ് മറ്റൊരാള്‍. തട്ടിപ്പു സംഘത്തിലെ സഹായിയായ പനങ്ങാട് സ്വദേശിയുടെ ഒത്താശയോടെ നിരവധി പേരെ കബളിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. പനങ്ങാട് സ്കൂളിലെ ഒരധ്യാപകന്റെ പക്കല്‍നിന്നും 12 ലക്ഷം വിസ്മോറില്‍ നിക്ഷേപിച്ചതായും പണമോ പലിശയോ തിരികെ നല്‍കിയിട്ടില്ലെന്നും സൂചനയുണ്ട്.
തട്ടിപ്പുസംഘത്തിലെ പ്രധാനി പി.കെ.ജയ്കുട്ടന്‍ മുഖ്യസൂത്രധാരകരിലൊരാളായിരുന്നെന്നാണ് സൂചന. പത്താംതരം വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ കൊച്ചിയിലെ ടെലിവിഷന്‍ കമ്പനിയുടെ സര്‍വീസ് വിഭാഗത്തില്‍ ജോലി നോക്കി വരികയായിരുന്നു. ഇതിനിടെ കുറച്ചുകാലം സ്വന്തമായി കമ്പനിയുടെ സര്‍വീസ് ഏജന്‍സിയും ഏറ്റെടുത്തു നടത്തി വന്നശേഷമാണ് നിക്ഷേപ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായത്. ഷെയര്‍ മാര്‍ക്കറ്റ് ഏജന്റായാണ് ഇയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.
ഇരുട്ടിവെളുക്കുന്നതിനിടയിലായിരുന്നു ജയ്കുട്ടന്‍ കോടീശ്വരനായതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തമായി കാറും വീടുമൊക്കെ മാസങ്ങള്‍ക്കകം ജയ്കുട്ടന്‍ സ്വന്തമാക്കിയതായി കുമ്പളം നിവാസികള്‍ അത്ഭുതത്തോടെയാണ് വിവരിക്കുന്നത്. മിതഭാഷിയും സൗമ്യസ്വഭാവക്കാരനുമായ ഇയാള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിപ്പുനടത്തിയ സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.
ചെറുകിടക്കാരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് പുറമെ പല വമ്പന്മാരേയും കബളിപ്പിച്ച് കോടികള്‍ കൈവശത്താക്കിയതായും സൂചനയുണ്ട്. കൊച്ചിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപന ഉടമയില്‍നിന്നും ഒരു കോടിയോളം രൂപ സംഘം തട്ടിയെടുത്തെന്നും വിവരം ലഭിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത കോടികള്‍ വിസ്മോറില്‍ നിക്ഷേപിച്ച പലരും സംഭവം പുറത്തുപറയാനോ പരാതിപ്പെടാനോ കഴിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: