ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെക്കുറിച്ച് ഓര്‍മ്മയുണ്ടാവണം. ഇന്ത്യയാകെ നടുങ്ങിപ്പോയ വന്‍ പ്രകൃതി ക്ഷോഭം. അന്ന് വിദേശ രാജ്യങ്ങളില്‍നിന്നു പോലും വിദഗ്ദ്ധര്‍ വന്നു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്. അവര്‍ അത്യാന്താധുനിക സംവിധാനങ്ങള്‍ കൊണ്ട് അപകട പ്രദേശങ്ങളില്‍ ജീവനോടെ ശേഷിക്കുന്നവരുണ്ടോ എന്നു തിരഞ്ഞപ്പോള്‍ മൂന്നും നാലും ദിവസം പഴകിയ ജഡങ്ങള്‍ കണ്ടെടുത്തു സംസ്കരിക്കാന്‍ കൂട്ടമായി ചെറുപ്പക്കാര്‍ അവിടവിടെ തിരഞ്ഞു നടന്നു. അവരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണവും കണ്ട് അന്യരാജ്യങ്ങളില്‍നിന്നു വന്ന രക്ഷാ പ്രവര്‍ത്തകരും അതിശയിച്ചു നിന്നു. അവര്‍ പ്രശംസകള്‍ ചൊരിഞ്ഞു. പക്ഷേ, തത്സമയം സംപ്രേഷണം നടത്താന്‍ തിക്കിത്തിരക്കിയ ഒരു ടെലിവിഷന്‍ ചാനലും ആ കൂട്ടരിലേക്കു ക്യാമറ തിരിച്ചില്ല. കേരളത്തില്‍ അന്ന് ഇത്രയേറെ ചാനലുകള്‍ ഉണ്ടായിരുന്നില്ല. അവിടെ പ്രത്യേക ഡ്യൂട്ടിയിലെത്തിയ ഒരു മലയാളം ചാനലിന്റെ റിപ്പോര്‍ട്ടറോട് ഈ കാഴ്ച കാണുന്നില്ലെ, അതു പ്രേക്ഷകരെ കാണിക്കേണ്ടതില്ലെ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെയായിരുന്നു, “അതു വാര്‍ത്തയല്ല. ഇത്തരം ദുരന്തങ്ങളില്‍ ശവം എടുക്കുന്നതുള്‍പ്പെടെയുള്ള സേവനം ആര്‍എസ്എസ്സിന്റേതാണ്. അവരത് ചെയ്തില്ലെങ്കിലാണു വാര്‍ത്തയെന്ന്.”
ഉത്തരാഖണ്ഡിലും അതുതന്നെയാണ് സ്ഥിതി. യുദ്ധരംഗത്തെ സേവനത്തിന്റെ പേരില്‍ രാജ്യത്തിന്റെ റിപ്പബ്ലിക് പരേഡില്‍ പങ്കാളികളാക്കിയ ചരിത്രമുണ്ട് സംഘത്തിന്. മോര്‍വിയില്‍, ലത്തൂരില്‍, ഗുജറാത്തില്‍ എന്നിങ്ങനെ ദേശീയ ദുരന്ത സ്ഥലങ്ങളില്‍ സൈനികരുടെ ബി ടീം പോലെ പ്രവര്‍ത്തിച്ച അനുഭവമുണ്ട്. ഇങ്ങു കേരളത്തില്‍ പെരുമണ്‍ ദുരന്തത്തില്‍, കടലുണ്ടി അപകടത്തില്‍, സുനാമി ദുരിതത്തില്‍ എല്ലാം ആര്‍എസ്എസ് വഹിച്ച സേവന ദൗത്യം എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഇതിനു പുറമേ എത്രയെത്ര സേവനങ്ങള്‍ പ്രാദേശികമായും ദേശീയമായും സ്വയം സേവകര്‍ ചെയ്തിരിക്കുന്നു.
ഉത്തരാഖണ്ഡിലെ ദുരന്തബാധിതരുടെ ജീവന് സംരക്ഷിക്കുന്നതില്‍ ഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെട്ടപ്പോള്‍ സേവനത്തിന്റെ മറ്റൊരു ഇതിഹാസഗാഥയുമായി എത്തിയ സ്വയം സേവകരെയും മറക്കാനാകില്ല. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ദേശസേവനദൗത്യത്തിനായുള്ള ആഹ്വാനം ഉള്‍ക്കൊണ്ട് ആയിരക്കണക്കിന് സ്വയം സേവകരാണ് സേവനഹസ്തവുമായി ദുരന്തഭൂമിയിലക്കിറങ്ങിയത്. കടുത്ത മഴയും തണുപ്പും അതിജീവിച്ച് സൈനികര്‍ രക്ഷപ്പെടുത്തിയവര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും അവരെ സുരക്ഷിത ക്യാമ്പുകളിലെത്തിച്ചുമാണ് ഇവര്‍ മാതൃകയായത്.
ദിവസങ്ങളായി പ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആഹാരം, വസ്ത്രം തുടങ്ങിയവ നല്‍കാനായി നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്നു. കോര്‍പ്പറേറ്റ് ഓഫീസുകള്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയുള്ളവരുടെ പക്കല്‍നിന്ന് സഹായങ്ങള്‍ സ്വീകരിച്ച് ഉത്തര്ഖണ്ഡിലേക്ക് എത്തിക്കുക എന്ന ഹിമാലയന്‍ ദൗത്യവും രാജ്യവ്യാപകമായി വിജയകരമായി സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 20 ട്രക്കുകളിലായി തീര്‍ത്ഥാടകര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ഉത്തരകാശി,രുദ്രപ്രയാഗ്,ജോഷിമഠ്,ഗുപ്ത്കാശി,ഘന്ശാലി,ചമ്പ എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളിലെത്തിച്ചിട്ടുണ്ട്. സൈനികര്‍ക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയില്‍ ആദ്യമായി ഹെലികോപ്ടര്‍ ഇറങ്ങാന്‍ ഹെലിപ്പാഡുണ്ടാക്കിയതിനു സൈനികര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണുണ്ടായിരുന്നത്. പക്ഷേ ക്യാമറകള്‍ കണ്ടില്ല, ലേഖകരുടെ പേനകള്ക്കതൊന്നുമെഴുതാന് മഷി കിട്ടിയില്ല. പക്ഷേ അതവരെ സംബന്ധിച്ച് ഒരു വിഷയമേ അല്ലല്ലോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: