ജൂണ്‍ 26 ന് ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ മുപ്പത്തെട്ടുവര്‍ഷം മുമ്പ് നമ്മുടെ രാജ്യത്തെ ജനങ്ങളാകെ അടിയന്തരാവസ്ഥയെന്ന ഇരുണ്ട കാലത്തേക്ക് പ്രവേശിച്ച സന്ദര്‍ഭം ഓര്‍ക്കുകയാണ്. ജന്മഭൂമിയുടെ കഴിഞ്ഞ വാരാദ്യത്തില്‍ ടി.സതീശന്റേതായി വന്ന മുഴുപേജ് ലേഖനത്തില്‍ ആ കാലഘട്ടത്തിന്റെ സാമാന്യ വിശകലനം വന്നു കഴിഞ്ഞു. ജയിലിനകത്തും പുറത്തും ഒളിവിലുമായി കഴിഞ്ഞ ആ 19 മാസക്കാലം ജീവിതത്തിലെ ഏറ്റവും ഉദ്വേഗജനകമായിരുന്നു. അക്കാലത്ത് അടിയന്തരാവസ്ഥക്കെതിരെ നടന്ന സംഘര്‍ഷത്തിന്റെ ഏതാണ്ടു മുഴുവന്‍ ഭാരവും താങ്ങിയതും അതിനെ വിജയിപ്പിച്ചതും രാഷ്ട്രീയ സ്വയംസേവക സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളുമായിരുന്നുവെന്ന കാര്യം ഇന്നു പലരും വിസ്മരിക്കാനും മറച്ചുപിടിക്കാനും ശ്രമിക്കുന്നതു കാണാം. അന്നത്തെ ദിവസമായിരുന്നു എളമക്കരയിലെ പ്രാന്തകാര്യാലയത്തിന്റെ ഗൃഹപ്രവേശം. ഇന്നത്തേതുപോലത്തെ വിപുലമായ വാര്‍ത്താവിനിമയ സൗകര്യമില്ലാതിരുന്ന അക്കാലത്ത് ആകാശവാണി വാര്ത്താബുള്ളറ്റിന് മാത്രമായിരുന്നു വിവരങ്ങള്‍ അറിയാനുള്ള മാര്‍ഗം. എറണാകുളത്തെ മഹാത്മാഗാന്ധി റോഡിലെ ജനസംഘ കാര്യാലയത്തില്‍ പുലര്‍ച്ചെ എണീറ്റ് ഗൃഹപ്രവേശത്തിനു പോകാന്‍ തയ്യാറാടെക്കുന്നതിനിടെ പതിവുപോലെ ബിബിസി വാര്‍ത്ത കേട്ടപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാക്കളെയും ജയപ്രകാശ് നാരായണനെയും കോണ്‍ഗ്രസിലെ ഇന്ദിരാ വിരുദ്ധ നേതാക്കന്മാരേയും അര്‍ധരാത്രിയില്‍ അകത്താക്കിയ വിവരം അറിഞ്ഞത്. പിന്നീടുണ്ടായ കാര്യങ്ങള്‍ ഇന്ന് പ്രത്യേകിച്ച് വിവരിക്കേണ്ടതില്ല.
ഇന്ന് ഇക്കാര്യങ്ങളെ ഓര്‍ക്കാന്‍ തക്ക മറ്റൊരു അവസരം കൂടിയുണ്ടായി. ജന്മഭൂമി പത്രത്തിന്റെ ചുമതല ഏറെക്കാലം വഹിച്ചിരുന്ന കോഴിക്കോട്ടുകാരന് ചന്ദ്രന് തൊടുപുഴയിലെ എന്റെ വീട്ടില്‍ വന്നു കുറെ സമയം ചെലവഴിച്ചു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ധര്മപത്നി ഇവിടെനിന്നും 25 കി.മീ. അകലെയുള്ള ഒരു സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രധാനാധ്യാപികയായി സ്ഥലം മാറി വന്നതിനാല്‍ കൊണ്ടുവന്നു വിട്ട് മടങ്ങുകയായിരുന്നു. ജന്മഭൂമി കോഴിക്കോടുനിന്ന് സായാഹ്ന പത്രമായി പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അവിടെ മുഖ്യ ഉത്സാഹിയായിരുന്നു ചന്ദ്രന്. കോപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ കാണാറുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രമുഖ പത്രപ്രവര്‍ത്തകനായി പിന്നീട് പ്രസിദ്ധി നേടിയ പി.ടി.ഉണ്ണി മാധവന്, കടലുണ്ടിക്കാരന്‍ നളരാജന് തുടങ്ങിയ ഒരു സംഘം യുവാക്കള്‍ അന്ന് എന്തിനും ഒരുക്കമായി രംഗത്തുണ്ടായിരുന്നു. കണ്ണൂരില്‍ ദേശമിത്രം വാരികയും സുദര്‍ശനം സായാഹ്ന പത്രവും നടത്തിയിരുന്ന പി.വി.കെ.നെടുങ്ങാടിയും കോഴിക്കോട്ടുവന്നു. നാദാപുരത്തിനടുത്തുകാരന് കക്കട്ടില്‍ രാമചന്ദ്രനും ജന്മഭൂമിയില് പ്രവര്‍ത്തിക്കാനെത്തി. കേസരി വാരിക അച്ചടിച്ചിരുന്ന ജയഭാരത് അച്ചുകൂടം അച്ചടി ചുമതലയും ഏറ്റു. 1975 ഏപ്രില്‍ 28 ന് പത്രമാരംഭിച്ചു. ജന്മഭൂമിയുടെ സ്ഥാപനത്തിനായി എല്ലാവിധ ഉദ്യമങ്ങള്‍ക്കും മുന്‍കൈയെടുത്ത യു.ദത്താത്രയറാവുവിന്റെ പ്രയത്നങ്ങളുടെ സാക്ഷാത്കരണം കൂടിയായിരുന്നു അത്. കോഴിക്കോട്ട് സംഘപ്രവര്‍ത്തനത്തിന്റെ പ്രാരംഭകാലം മുതല്‍ മുന്നില്‍ നിന്ന അദ്ദേഹം 1975 കാലത്ത് ജനസംഘത്തിന്റെ ജില്ലാ അധ്യക്ഷന്‍ കൂടിയായിരുന്നു.
സംഘത്തിന്റെയും ജനസംഘത്തിന്റെയും സമുന്നത നേതാക്കള്‍ക്കെല്ലാം ആതിഥേയത്വം വഹിക്കാനും അദ്ദേഹം മുന്നില്‍ നിന്നിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം നടന്ന സംഘനായാട്ടിന് ഏറ്റവും ക്രൂരമായ വിധത്തില്‍ ദത്താത്രയറാവു ഇരയാകേണ്ടിവന്നു. അന്നത്തെ കോഴിക്കോട്ടെ പോലീസ് മേധാവിയായിരുന്ന ലക്ഷ്മണ തന്നെ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിന് മുന്‍കൈയെടുത്തു. ജൂണ്‍ 26 നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും കേരളത്തില്‍ ആദ്യ അറസ്റ്റുകള്‍ ജൂലൈ 2-3 തീയതികളിലാണ് നടന്നത്. ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധി സഭ ചേരാനായി നേതൃത്വം മുഴുവന്‍ കോഴിക്കോട്ടുണ്ടായിരുന്നു. സമ്മേളനത്തിന് നേരത്തെ നല്കപ്പെട്ട അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നേതാക്കളെ സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിച്ചിരുന്നു. അവരുടെ വിവരം ആവശ്യപ്പെട്ടുകൊണ്ടാണ് റാവുവിനെ പോലീസ് മര്‍ദ്ദിച്ചത്.
ജന്മഭൂമിയുടെ ഓഫീസായി പാളയം റോഡിലെ ജനസംഘ കാര്യാലയത്തിലെ ഒരു മുറി ഉപയോഗിച്ചുവന്നു. അവിടെ ചന്ദ്രന്, നളരാജന് തുടങ്ങിയവര്‍ രാത്രികളില്‍ താമസിച്ചുവന്നു. ജൂലൈ ഒന്നിന് ഞാന്‍ എറണാകുളത്തുനിന്ന് കോഴിക്കോട്ടെത്തി ചന്ദ്രനോടും നളരാജനോടും അവരുടെ വീടുകളില്‍ പോയി അടുത്തദിവസം വരാന്‍ അയച്ചു. അവര്‍ അര്‍ധരാത്രിയിലെ അറസ്റ്റ് വിവരം അറിയാതെ പിറ്റേന്ന് എത്തിയപ്പോള്‍ താഴെ നിന്നുതന്നെ വിവരങ്ങള്‍ അറിഞ്ഞു. പ്രത്യുത്പന്നമതിത്വം കൈവിടാതെ ആഫീസില്‍ കയറി പണം, ചെക്കുകള്‍ മുതലായ അവശ്യസാധനങ്ങള്‍ എടുത്ത് മേശയും അലമാരികളും പൂട്ടി പുറത്തുകടന്നു. അവരൊഴികെ ജന്മഭൂമിയുമായി ബന്ധപ്പെട്ടവര്‍ ദത്താത്രേയ റാവു, പി.വി.കെ.നെടുങ്ങാടി, കക്കട്ടില്‍ രാമചന്ദ്രന്, ഈ ലേഖകന്‍ എന്നിവര്‍ പോലീസ് വലയിലായി.
കാസര്കോട്ടുകാരന് രവീന്ദ്രന് ജനസംഘ സമ്മേളനത്തിന് വന്ന് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെയും പോലീസ് പിടികൂടി. നെടുങ്ങാടിയും രാമചന്ദ്രനും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വിട്ടയയ്ക്കപ്പെട്ടു. ഞാനും രവീന്ദ്രനും കോഴിക്കോട്ട് ജയിലില്‍ നാലുമാസം ഡിഐആര്‍ തടവുകാരായി കഴിഞ്ഞു. ദത്താത്രയറാവു ആഭ്യന്തര സുരക്ഷാ നിയമം (മിസ)പ്രകാരം 19 മാസം ജയിലില്‍ കഴിഞ്ഞു.
ജയിലില്‍ കിടക്കുന്നവര്‍ക്ക് സുരക്ഷിതമായ ജീവിതമായിരുന്നു. മര്‍ദ്ദനമേറ്റവര്‍ക്ക് വേണ്ട ചികിത്സയും അവിടെ കിട്ടി. എന്നാല്‍ പുറത്തുള്ളവരായിരുന്നു ഏറ്റവും കൂടുതല്‍ വിഷമമനുഭവിച്ചത്. സംഘടനാ പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രത്തെപ്പോലെ നിലനിര്‍ത്തുന്നതിന് പുറമേ സ്വയം അകത്താകാതെ നോക്കണം. ജയിലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെ മനോവീര്യം നിലനിര്‍ത്തണം. അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ എത്തിക്കണം, രാജ്യരക്ഷാ ചട്ടപ്രകാരം വിചാരണ നേരിടുന്നവരുടെ കേസുകള്‍ നടത്താന്‍ ഏര്‍പ്പാടു ചെയ്യണം. അതിനുപുറമെ അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷം ഊര്‍ജ്ജിതമായി നിലനിര്‍ത്തണം.
ജന്മഭൂമിക്കും കേസരിക്കും കൂടുതല്‍ പ്രശ്നങ്ങളുണ്ടായി. കേസരി മാനേജര്‍ രാഘവേട്ടനും മുഖ്യ പത്രാധിപര്‍ എം.എ.കൃഷ്ണനും ഒളിവിലായിരുന്നു.
സഹപത്രാധിപരായിരുന്ന പി.കെ.സുകുമാരന്‍ കേസരി പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തി കോഴിക്കോട്ടെ പത്രരംഗത്തെ തലമുതിര്‍ന്ന കെ.പി.കേശവമേനോനെപ്പോലുള്ളവരുമായി എംഎ സാറിനും വി.എ.കൊറാത്തിനും മറ്റുമുണ്ടായിരുന്ന അടുപ്പവും സമ്പര്‍ക്കവും മൂലം കളക്ടറും എസ്പിയും അല്പ്പാല്പ്പം അയഞ്ഞു തുടങ്ങി. കേസരിക്കെതിരായി ഒരു നിയമനടപടിയും എടുത്തിരുന്നില്ല എന്ന വസ്തുതയും അവര്‍ വ്യക്തമാക്കി. അങ്ങനെ അച്ചടിക്കാനുള്ള മാറ്റര്‍ മുഴുവന്‍ പ്രീസെന്‍സറിങ് നടത്തി പ്രസിദ്ധീകരിക്കാന്‍ അനുമതി കിട്ടി.
അതിനിടെ മറ്റൊരനുഗ്രഹം കൂടി വന്നു ചേര്‍ന്നു. ജന്മഭൂമിയുടെ ഓഫീസില്‍ വരുന്ന കത്തുകള്‍ തുറന്നു വായിച്ചു, കേസിനായി എന്നെ കോടതിയില്‍ കൊണ്ടുവരുന്ന സമയത്ത് ചന്ദ്രന് വിവരമറിയിച്ചുവന്നു. ജന്മഭൂമി തുടങ്ങുന്നതിന് ധനം ശേഖരിക്കാന്‍ ഗുരുവായൂര്‍ ചാവക്കാട്ട് ഭാഗത്തുനിന്നും അബുദാബിയില്‍ പോയി ജോലി ചെയ്തിരുന്ന ചില പഴയ സ്വയംസേവകരെ കണ്ട് അഭ്യര്‍ത്ഥിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. യാദൃശ്ചികമായി ഒരിക്കല്‍ ഗുരുവായൂരില്‍ കണ്ട ശിവന് എന്ന സ്വയംസേവകനെ അതിന് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന് വലിയ ഉത്സാഹമായി. കുറെപ്പേരെ അദ്ദേഹം സമ്പര്‍ക്കം ചെയ്ത് അന്നത്തെ നിലയ്ക്ക് നല്ലൊരു തുക സംഭരിച്ച് ചാവക്കാട്ട് വന്നിട്ടുണ്ടെന്നായിരുന്നു കത്തിലെ വിവരം. കോടതിയില്‍ വെച്ചു വിവരമറിഞ്ഞപ്പോള്‍ ചാവക്കാട്ടു പോയി ആ തുക വാങ്ങി ഭദ്രമായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഗുരൂവായൂര്‍ ഭാഗത്ത് പ്രചാരകനായിരുന്ന പി.സി.കെ.രാജയും ചന്ദ്രനും ചാവക്കാട്ടെ വീട്ടില്‍ ചെന്ന് തുകയും രേഖകളും വാങ്ങി കൊണ്ടുവന്ന് സുരക്ഷിതായി സൂക്ഷിച്ചു. കേസരിയുടെ മുടങ്ങിയ പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ അന്നത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഈ തുക ഉപകരിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി വീണ്ടും എറണാകുളത്തുനിന്ന് ആരംഭിച്ചപ്പോള്‍ ആ തുക കേസരിയില്‍ നിന്ന് തിരികെ കിട്ടി. തുക തന്നവരുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും രസീതുകളും അയച്ചുകൊടുത്തു. ആ സുഹൃത്തുക്കള്‍ പിന്നീടും ജന്മഭൂമിയെ സഹായിച്ചിട്ടുണ്ട്.
ജന്മഭൂമി എറണാകുളത്തുനിന്ന് ആരംഭിച്ചപ്പോള്‍ ചന്ദ്രന് അങ്ങോട്ടുവന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് അമ്മയുടെ അനുമതി വാങ്ങിയാണ് അതിന് അവസരമുണ്ടായത്. ആ വീട്ടില്‍ അച്ഛനും അമ്മയും ജ്യേഷ്ഠന്മാരും എന്നെ സ്വന്തം കുടുംബാംഗമായിട്ടാണ് കരുതി വന്നത്. ജന്മഭൂമിയില് വരുന്നതിന് മുമ്പ് ചന്ദ്രന് കോഴിക്കോട്ടെ വിപ്ലവം പത്രത്തില്‍ പത്രാധിപര്‍ പി.പി.ഉമ്മര്‍ കോയയുടെ ശിക്ഷണത്തില്‍ കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഉമ്മര്‍കോയ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മന്ത്രിയുമായിരുന്ന ആളായിരുന്നു. കോണ്‍ഗ്രസ് മുസ്ലിംലീഗുമായി കൂട്ടുകെട്ടിലേര്പ്പെട്ടപ്പോള് സജീവരാഷ്ട്രീയം വിട്ടിരുന്നു. ചന്ദ്രന്റെ ആത്മാര്‍ത്ഥതയും ഉത്സാഹശീലവും അദ്ദേഹത്തിന് വളരെ ഇഷ്ടമായി.
ജന്മഭൂമിയുടെ എറണാകുളത്തെ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസവും ഭക്ഷണവുമൊക്കെ. ആദ്യം മുന്‍ ജനസംഘ കാര്യാലയത്തില്‍. പിന്നെ പ്രാന്തകാര്യാലയത്തില്‍ ജന്മഭൂമിയുടെ ആദ്യകാല കഷ്ടദുരിതങ്ങള് ഒരുമിച്ചനുഭവിച്ച ഒട്ടേറെ ഓര്‍മകള്‍ ഇന്നത്തെ അല്പ്പസമയത്തിനകത്ത് അയവിറക്കാന്‍ കഴിഞ്ഞു. ചന്ദ്രന്റെ മക്കളും അതുകേട്ട് അത്ഭുതം കൂറിയെന്നു പറയുന്നത് തികച്ചും സത്യമാണ്. ജന്മഭൂമിയില് ന്യൂസ് എഡിറ്ററായിരിക്കെ അദ്ദേഹത്തിന് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പിഎസ്സി സെലക്ഷന് കിട്ടി. അതില്‍ ഉയര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. കോഴിക്കോട്ടെ സുകൃതിന്ദ്ര കലാമന്ദിരത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് പന്തീരാങ്കാവിലെ വീട്ടില്‍ കൊണ്ടുപോയി വിട്ടശേഷം തിരിച്ചുപോന്നു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് വലിയ സന്തോഷമായി.
വളരെക്കാലത്തിനുശേഷം നടന്ന സമാഗമം ഹൃദയത്തെ കുളിര്‍പ്പിക്കുന്നതായി. അടിയന്തരാവസ്ഥക്കാലം മുഴുവനും അതിനുശേഷം ഏതാണ്ട് എട്ടുവര്‍ഷക്കാലവും ഒരുമിച്ച് കഴിഞ്ഞതിന്റെ ഓര്‍മകള്‍ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിവസം തന്നെ പുതുക്കാന്‍ ആ സന്ദര്‍ശനം അവസരമുണ്ടാക്കി.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: