കൂവിത്തെളിയാനും കൂത്തുപറയാനും ഒരു വേദി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ മേല്‍ കലാപരിപാടികളില്‍ അത്യാവശ്യം ഗ്രാഹ്യമുള്ളവരായിരിക്കുമല്ലോ. അല്ലാതെ അത്തരം ഏര്‍പ്പാടുകള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ട് കാര്യമില്ല. ജനാധിപത്യം ശക്തി പ്രാപിക്കുന്നതും ആയത് ജനോപകാരമായിത്തീരുന്നതും ജനകീയ പ്രശ്നങ്ങള്‍ യുക്തിസഹമായ തരത്തില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതുകൊണ്ടാണ്. ആ ചര്‍ച്ച ജനാധിപത്യത്തിന്റെ ജീവത്തായ വഴികളിലൂടെ പോവണമെങ്കില്‍ സ്വയം ജനാധിപത്യവിശ്വാസം ഉണ്ടായിരിക്കണം. തല്ല് പിടിക്കാനും കൂവിത്തോല്‍പ്പിക്കാനും ശ്രമിച്ചാല്‍ പിന്നെ കഥയെന്ത് പറയേണ്ടൂ.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ നിയമസഭയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്താനാണോ എന്നു തോന്നുമാറാണ് കാര്യങ്ങള്‍. കേരളത്തിന്റെ മാനത്ത് സരിതോര്ജം കത്തിജ്വലിച്ചതു മുതല്‍ സംഭവഗതികള്‍ നേരാംവണ്ണമല്ല മുന്നോട്ടുപോകുന്നത്. അന്വേഷണത്തിന്റെ വജ്രസൂചിയുടെ മൂര്‍ച്ച കൂട്ടാനല്ല, ഒടിക്കാനാണ് ഒരളവുവരെ പ്രതിപക്ഷം ശ്രമിച്ചത്. ഒരാഴ്ചയിലധികം അതു നീണ്ടപ്പോള്‍ അതാ വരുന്നു തെറ്റാലികെട്ടിയ മറ്റൊരു ദുരന്തം. ആയതിന്റെ നടുക്കം എത്രമാത്രമാണെന്നറിയണമെങ്കില് നേര് നേരത്തെ അറിയിക്കുന്ന പത്രം നോക്കിയാല്‍ മതി. ടി സംഗതിയെക്കുറിച്ച് മുന്‍പേജില്‍ നോ വഹ. കുറ്റം പറയരുത്, അഞ്ചാംപേജില്‍ ഒറ്റക്കോളത്തില്‍ ഒരു പച്ചവെള്ളം വാര്‍ത്ത കിടപ്പുണ്ട്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തേ കോട്ടയം മുത്തശ്ശിയും അങ്ങനെ തന്നെയല്ലേ ചെയ്തതെന്ന്. ശര്യാണ്, ശര്യാണ്. ഒന്നിന് രാഷ്ട്രീയമുഖം മറ്റതിന് പള്ളിമുഖം. പത്രപ്രവര്‍ത്തനം സൂപ്പര്പാതകളിലൂടെ പ്രയാണം തുടരുമ്പോള്‍ ഇമ്മാതിരി ചിന്നചിന്ന ഏര്‍പ്പാടുകളാല്‍ സമ്പല്സമൃദ്ധമീ കേരം തിങ്ങും നാട്. എപ്പോഴും ഒരടി മുന്നില്‍ എന്ന തങ്ങളുടെ പ്രഖ്യാപിത നയം കോട്ടയം മുത്തശ്ശി ഇക്കാര്യത്തിലും നിലനിര്‍ത്തി എന്നതാണ് കാര്യം. വായനക്കാരുടെ (അവരല്ലോ പത്രത്തിന്റെ രണ്ടാം നട്ടെല്ല്) അഭിപ്രായം ഇതാ പിടിച്ചോളൂ എന്ന തരത്തിലായിരുന്നു അത്. പത്രാധിപ പേജില്‍ (എഡിറ്റ് പേജ് എന്ന് ആംഗലേയം) രണ്ടുമൂന്ന് കേമന്‍ വായനക്കാര്‍ തെറ്റാലി പീഡന വാര്‍ത്ത ഉള്‍പ്പേജില്‍ ചേര്‍ത്തതിനെ മുക്തകണ്ഠം പ്രശംസിച്ചു. പോരെ, ഇനിയെന്തുവേണം കൂവേ എന്ന തരത്തില്‍ പത്രാധിപരുടെ വക കള്ളച്ചിരി മൊത്തമായി വേറെ.
ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ശക്തിയെക്കുറിച്ചാണ് ഒരുവേള സൂചിപ്പിച്ചത്. മറ്റൊരു തൂണായ നിയമസഭയില്‍ നടക്കുന്ന സാധാരണ കാര്യങ്ങള്‍ പുറത്തുള്ളവര്‍ എങ്ങനെയാണ് കാണുന്നതെന്നറിയുമോ? കേരള കൗമുദി ജൂണ്‍ 25ന് ഒന്നാംപുറത്ത് തലവര എന്ന കാര്‍ട്ടൂണ്‍ പെട്ടി വഴി ഇക്കാര്യം ഭംഗിയായി നമുക്ക് പറഞ്ഞുതരുന്നു. കൃതഹസ്തനായ സുജിത്ത് ജനാധിപത്യ ശ്രീകോവിലിന് മറ്റൊരു പേര് നല്‍കിയത് കാര്‍ട്ടൂണ്‍ കണ്ട് മനസ്സിലാക്കുക. ഇപ്പോള്‍ നാമ്പിട്ട് വളര്‍ന്നു വരുന്നു തലമുറ വാസ്തവത്തില്‍ നിയമസഭയെ അങ്ങനെ തന്നെ കണ്ട് വ്യാഖ്യാനിക്കും എന്നത് ഉറപ്പ്.
എന്തുകൊണ്ടാണ് മാലാഖമാര്‍ക്ക് പറക്കാന്‍ കഴിയുന്നത്? റൈറ്റ് സഹോദരന്മാര്ക്ക് മുമ്പെ ശാസ്ത്രീയമായി ഇക്കാര്യം മാലാഖമാര്‍ എങ്ങനെ പഠിച്ചു? ചിലര്‍ നിലംപതിച്ചുപോകുന്നത് എന്തുകൊണ്ട്? ചോദ്യങ്ങളുടെ മഹാപ്രവാഹത്തില്‍പ്പെട്ട് ഉഴലുന്ന നിങ്ങളെ വീണ്ടും ഊരാക്കുടുക്കിലാക്കുകയൊന്നുമല്ല. ജി.കെ. ചെസ്റ്റര്‍ട്ടന്റെ ഒരു വാക്യം ആധുനിക സംഭവഗതികളുമായി നന്നായി ഇണങ്ങിച്ചേരുമെന്ന് കരുതിയതുകൊണ്ട് സൂചിപ്പിച്ചു എന്നു മാത്രം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: മാലാഖമാര്‍ക്ക് പറക്കാനാകും. കാരണം അവര്‍ തങ്ങളെത്തന്നെ ഭാരമില്ലാത്തവരായി കരുതുന്നു. പിശാചുക്കള്‍ നിലം പതിക്കാന്‍ കാരണം അവരുടെ ഭാരമാണ്. കേരളത്തിലായാലും ഭാരതത്തിലായാലും മൊത്തം ലോകത്തായാലും ആരൊക്കെ പറക്കുന്നു, ആരൊക്കെ പതിക്കുന്നു എന്നു നോക്കുക. എന്നിട്ട് എന്തുകൊണ്ടങ്ങനെ എന്ന് ചിന്തിക്കുക. ചിന്തയത്രേ മനുഷ്യനിലെ മനുഷ്യത്വത്തെ പുറത്തുകൊണ്ടുവരുന്നത്.
വെടിവെപ്പും കീഴ്പ്പെടുത്തലും തുടങ്ങി ആക്രാമിക കാര്യങ്ങളുമായാണ് പട്ടാളത്തെ ഒരുവിധപ്പെട്ടവരൊക്കെ ബന്ധപ്പെടുത്തുന്നത്. എന്നാല്‍ സംഹാരതാണ്ഡവമാടിയ ഉത്തരാഖണ്ഡില്‍ പട്ടാളക്കാരുടെ സേവനം കണ്ടാല്‍ അവരുടെ കാല്ക്കല് പുഷ്പമര്‍പ്പിച്ച് കണ്ണീരുകൊണ്ട് നിങ്ങള്‍ പാദപൂജ നടത്തും. കരുത്തുറ്റ കൈകളിലേക്ക് ജീവന് അടര്‍ന്നു തുടങ്ങിയ ശരീരങ്ങള്‍ വീഴുന്നു. വാത്സല്യത്തിന്റെ പരിരംഭണങ്ങളാല്‍ അതിനെ പൊതിയുന്നു. പിന്നീട് ആശ്വാസത്തിന്റെ കുളിര്‍തെന്നല്‍ വിശുന്ന ഇടത്തേയ്ക്ക്. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കരുതിവെപ്പുകള്‍ എത്രയെത്ര. നമ്മുടെ അതിര്‍ത്തി കാക്കുന്ന, നമ്മുടെ സംസ്കാരത്തിന്റെ ചൂടും ചൂരും ഹൃദയത്തില്‍ നിറച്ചുവെച്ച് മഞ്ഞിലും മഴയിലും വെയിലിലും ജാഗ്രതയോടെയിരിക്കുന്ന വീരജവാന്മാരെ നിങ്ങള്‍ക്ക് അഭിമാനപൂര്‍വ്വം ഒരു സല്യൂട്ട്.
ഈ പ്രളയ പ്രവാഹത്തിലും ചിലര്‍ക്ക് പെരുത്ത സന്തോഷമുണ്ട്. നിങ്ങള്‍ക്ക് അതില്‍ അത്ഭുതം തോന്നാം. എന്നാലും വസ്തുത വസ്തുത തന്നെ. ഉത്തരാഖണ്ഡിലെ വിഖ്യാത തീര്‍ത്ഥാടനകേന്ദ്രമാണ് കേദാര്‍നാഥ് ക്ഷേത്രം. എല്ലാം തകര്‍ക്കാനുള്ള സംഹാര ശക്തിയുമായി അലറിക്കുതിച്ചെത്തിയ വെള്ളം ക്ഷേത്രനഗരിയെ നക്കിയെടുത്തു. അവശേഷിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം മാത്രം. ഒരുടവും തട്ടാതെ വിശ്വാസ സഹസ്രങ്ങളുടെ മുമ്പില്‍ ജാജ്വല്യമാനമായി നില്ക്കുന്നു. എല്ലാ പത്രവും ക്ഷേത്രം മാത്രം അവശേഷിച്ചു എന്ന അടിക്കുറിപ്പോടെ ആയതിന്റെ ചിത്രം കൊടുത്തപ്പോള്‍ കണ്ണേറുകാരന്റെ പത്രത്തില്‍ തകര്‍ന്നടിഞ്ഞ കേദാര്‍നാഥ് ക്ഷേത്രം എന്നായിരുന്നു അടിക്കുറിപ്പ്. ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. നേരത്തെ സൂചിപ്പിച്ച ചെസ്റ്റര്‍ട്ടന്റെ വാക്യം ഇവിടെ ചേര്‍ത്തുവെച്ച് വായിക്കാന്‍ താല്‍പ്പര്യം.
പാര്‍ട്ടിക്കുവേണ്ടി ചാനലുകളില്‍ പോകുന്നവര്‍ അവരുടെ വിശ്വാസ്യത നിലനിര്‍ത്തണം എന്നു പറഞ്ഞിരിക്കുന്നു ഏറ്റവും ശക്തനായ വിശ്വസ്തന് എം.എം. ലോറന്‍സ്. മാതൃഭൂമി ആഴ്ചപ്പതി(ജൂണ്‍ 30)പ്പില്‍ പന്ത്രണ്ടുപേജില്‍ ലോറന്‍സുമായി സംവദിക്കുന്നു ശക്തനായ മറ്റൊരു വിശ്വസ്തന് എന്‍.എം.പിയേഴ്സണ്‍. ലാവ്ലിന്: അച്യുതാനന്ദന് ഒരു സത്യവും പറഞ്ഞിട്ടില്ല എന്ന തലക്കെട്ടിലാണ് സൃഷ്ടി. ലാവ്ലിനെക്കുറിച്ച് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്ത് സത്യങ്ങളത്രയും കണ്ടെത്തിയിട്ടുണ്ട്. അത് ബഹുമാനപ്പെട്ട മുതിര്‍ന്ന അംഗങ്ങളെ തെര്യപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും അച്യുതാനന്ദന് മറുകണ്ടം ചാടിയത് എന്തുകൊണ്ട് എന്നതിന് ജനങ്ങള്‍ക്ക് ഉത്തരമുണ്ടെങ്കിലും ലോറന്‍സിനില്ല. കാരണം ലോറന്‍സ് വിശ്വസ്തനായ പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടിക്കാരനായാല്‍ അങ്ങനെ വേണംതാനും. ചോറിങ്ങ്, കൂറങ്ങ് എന്ന പരിപാടി പാടില്ല. ഏതായാലും അല്ലറ ചില്ലറ വസ്തുതാ മിന്നായങ്ങള്‍ ലോറന്‍സ് തൊട്ടുനോക്കിപ്പോവുന്നുണ്ട്.
അക്കാര്യത്തില്‍ പിയേഴ്സണിന്റെ ചടുലത പ്രകടമാണുതാനും. ലോറന്‍സ് വക ഒരുപഹാരം ഇതാ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വലിയ പ്രസ്ഥാനമായി. അടിമത്തവും ദാരിദ്ര്യവും ഇല്ല. സമൂഹത്തില്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും സംഘടിതരാണ്. പാര്‍ട്ടിയുടെ പരിപാടി അനുസരിച്ച് ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം. എന്നാല്‍ പ്രായോഗിക കാഴ്ചപ്പാടില്‍ അതൊന്നുമില്ല. എങ്ങനെയെങ്കിലും സംഘടന നിലനിര്‍ത്തിക്കൊണ്ടു പോകുക എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ഇടങ്കോലിടാന്‍ അച്യുതാനന്ദന് ശ്രമിച്ചാല്‍ സഹിക്കുമോ? എല്ലാ സത്യവും ഇനിയെങ്കിലും അച്യുതനല്ലാത്തതില് ആനന്ദിക്കുന്ന ബഹുമാനിതന് പറയണം. പാര്‍ട്ടിയെ എങ്ങനെയെങ്കിലും സെക്രട്ടറി മുന്നോട്ട് കൊണ്ടുപോകട്ടെ, ലാല്‍സലാം.
ഡോ. എസ്. ബലരാമന്. അഭിമാനം തുടിക്കും ആ പേര് കേള്‍ക്കുമ്പോള്‍. മനുഷ്യാവകാശത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നടന്ന് എന്താണ് ആ അവകാശമെന്ന് കാണിച്ചുകൊടുത്ത വ്യക്തി. പക്ഷേ, അവസാനകാലത്ത് ആ അവകാശത്തിന്റെ ഒരു തരിയെങ്കിലും അദ്ദേഹത്തിന് കിട്ടിയില്ല. നന്ദികേടിന്റെ ഉമ്മറക്കോലായയില്‍ അദ്ദേഹം വെള്ള പുതച്ചുകിടക്കുന്നു. ഡോ. എസ്. ബലരാമന് മനുഷ്യാവകാശങ്ങളുടെ കാവലാള്‍ എന്ന രണ്ടുപേജ് കുറിപ്പ് കേരളശബ്ദ (ജൂലൈ 7)ത്തില്‍. ടി.കെ. വിനോദനാണ് എഴുതിയിരിക്കുന്നത്. നന്മനിറഞ്ഞ ബലരാമന് സാറിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ കാലികവട്ടത്തിന്റെ കൂപ്പുകൈ.
തൊട്ടുകൂട്ടാന്‍
മോന് അവതരിച്ചപ്പോള്‍
അപ്പന് ഭൂതമായി
തമ്മില്‍ തമ്മില്‍ വര്‍ത്തമാനമായി
പിന്നെ ഭാവി ആരിലെന്ന്
അസന്ദിഗ്ദ്ധമായി
എല്‍. തോമസ്കുട്ടി
കവിത: കണ്ണി
ഇന്ന് മാസിക, മലപ്പുറം (ജൂണ്‍)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: