മനുഷ്യന് പല രൂപങ്ങളായി മാറുന്നത് അവരവരുടെ ഭാവനകളിലുണ്ട്. ഒറ്റ നിമിഷം കൊണ്ട് അമേരിക്കയിലും ആഫ്രിക്കയിലും മനസ്സെത്തുംപോലെ ദൈവവും ചെകുത്താനും പക്ഷിമൃഗാദികളുമാകുന്ന രൂപങ്ങള്‍. രൂപം മാറുന്ന ദേവീ-ദേവന്മാരുടെ കഥകള്‍ പുരാണേതിഹാസങ്ങളിലുണ്ട്. മനുഷ്യനെ വേഷം മാറ്റുന്ന ആദ്യ ചമയല്‍ക്കാരന്‍ മാന്ത്രികനായ മനസ്സാകാം. പിന്നെ പിന്നെ കാലം ചെന്നപ്പോള്‍ വേഷം മാറ്റവും ഒരുങ്ങലുമൊക്കെ കലയായി. ചമയല്‍ക്കാരനായി. മേക്കപ്പ് മാനായി.
ഇരുപതുകാരനെ എഴുപതുകാരനും വൃദ്ധനെ ചെറുപ്പവുമാക്കുന്നതിന് പിന്നിലെ ചമയല്‍ക്കാരനിപ്പോള്‍ ഇന്നലത്തെപ്പോലെ വിസ്മൃതനല്ല. സിനിമയായാലും നാടകമായാലും നൃത്തമായാലും എന്തായാലും അരങ്ങിലെ വേഷത്തിനു പിന്നിലെ ചമയ സാമര്‍ത്ഥ്യം പ്രേക്ഷകന് തിരിച്ചറിയുന്നു. അംഗീകരിക്കുന്നു. കഴിവുള്ള മേക്കപ്പ്മാന് ഇന്ന് സംതൃപ്തനാണ്. പറയുന്നത് 52 വര്‍ഷങ്ങളായി ചമയരംഗത്തുള്ള ബാബു എന്ന ബാബുച്ചേട്ടന്.
ജീവിത വേഷം മേക്കപ്പ്മാനായതില്‍ ആഹ്ലാദം തന്നെ ബാബുവിന്. എല്ലാ ദുഃഖങ്ങളും മറന്ന് ആസ്വദിക്കാവുന്ന രംഗമാണിത്. ഉണ്ടായതെല്ലാം ഇതില്‍നിന്നു തന്നെ. ചമയ സാമഗ്രി കയ്യിലെടുക്കുമ്പോള്‍ അറുപത്തഞ്ചു കഴിഞ്ഞ ബാബു ചെറുപ്പക്കാരനായി മാറുന്നു.
ചമയക്കാരനായി തുടക്കം സ്വന്തം വീട്ടുമുറ്റത്തുനിന്നു തന്നെ എന്നു പറയാം. മേക്കപ്പ് ചെയ്യുന്നതുകണ്ടുള്ള കമ്പം പ്രചോദനവും പ്രലോഭനവുമായി. കൊച്ചി ചുള്ളിക്കലെ പ്രസിദ്ധ നര്‍ത്തകി ഡോ.ശോഭയെ അജന്താ സ്റ്റീഫനും ആര്‍ട്ടിസ്റ്റ് രാമുച്ചേട്ടനും കൂടി അണിയിച്ചൊരുക്കുന്നത് നോക്കി നില്ക്കും. ആദ്യം കണ്ട ശോഭ അല്ല പിന്നീട്. അത്ഭുത മാറ്റം. ആ അത്ഭുതങ്ങളില്‍നിന്ന് ഭാവിയിലേക്കുള്ള മേക്കപ്പ്മാന് ജനിക്കുന്നു. അന്നൊക്കെ നാടക മത്സരങ്ങളുടെ കാലമായിരുന്നു. നാടകക്കാരോടൊപ്പം പോകും. അങ്ങനെ കാശും കിട്ടിത്തുടങ്ങി. സ്നേഹവും അംഗീകാരവും കൂടെ. നാടകത്തോടൊപ്പം നൃത്തപരിപാടികള്‍ക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മേക്കപ്പ്മാന് കോസ്റ്റൂമര്‍ കൂടിയായി.
നൂറുകണക്കിന് നാടകങ്ങള്‍. എണ്ണമറ്റ നൃത്തപരിപാടികള്‍. അനേകം ബാലെകള്‍. ഒത്തിരി നൃത്ത ഗുരുക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഗുരു ഗോപിനാഥ്, ഷാഡോ ഗോപിനാഥ്, പള്ളുരുത്തി നടരാജന് മാസ്റ്റര്‍, സുരേന്ദ്രന് മാസ്റ്റര്‍, മാലിപ്പുറം ഖാന് എന്നിങ്ങനെ നൃത്തലോകത്തെ ആരാധ്യരായ അനേകര്‍ക്കൊപ്പം ജോലി ചെയ്തു. അവരുടെ സ്നേഹവാത്സല്യങ്ങളും അനുഗ്രഹങ്ങളും കൂടെയുണ്ടെന്ന് പറയുമ്പോള്‍ ബാബുച്ചേട്ടന്റെ തലകുനിയുന്നു, വിനയം കൊണ്ട്.
കേരളത്തെയും ഇന്ത്യയേയും കൂടുതല്‍ കണ്ടതും അറിഞ്ഞതും മേക്കപ്പ്മാന് ആയതുകൊണ്ട്. കോളേജുകളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളുമായി പലയിടത്തും പലതവണ പോകാന്‍ ഭാഗ്യമുണ്ടായി. ഗള്‍ഫില്‍ പോയത് കലാമണ്ഡലം സുമതിയുടെ സംഘത്തോടൊപ്പം. കലാമണ്ഡലത്തിലെ പ്രതിഭകളുമായി കുറെക്കാലം സഹകരിച്ചിരുന്നു.
ചമയകലയില്‍നിന്നും കിട്ടിയിട്ടുള്ളത് സംതൃപ്തിമാത്രം. നിരാശയില്ല. നൂറുകണക്കിനുണ്ട് സംതൃപ്തിയുടെ കഥ പറയാന്‍. മഹാവിജയമായിരുന്ന സമ്പൂര്‍ണ രാമായണം ബാലെ ചെയ്തിരുന്നത് നാല് മേക്കപ്പ്മാന്മാരാണ്. ഒടുക്കം തനിച്ചു തീര്‍ക്കാന്‍ കഴിഞ്ഞുവെന്നത് ഈ രംഗത്തെ അനേകം സംതൃപ്തികളിലൊന്ന്.
കാലം മാറിയപ്പോള്‍ മേക്കപ്പിനും വന്നു മാറ്റം. വരേണ്ടത് അനിവാര്യം. പുതിയ പരീക്ഷണങ്ങള്‍. സാമഗ്രികള്‍ അനേകം. എന്തും എവിടേയും കിട്ടും. പൗഡറുകള്‍ എണ്ണയില്‍ ചാലിച്ച് പേസ്റ്റാക്കി ഉപയോഗിച്ചായിരുന്നു ആദ്യകാലം. അതിന് മീതെ വാട്ടര്‍ കളറിട്ട് ഫിനിഷ് ചെയ്യും. പിന്നീട് പേയ്സ്റ്റ് ട്യൂബ് ഇറങ്ങാന്‍ തുടങ്ങി. അതുവലിയ മാറ്റമായിരുന്നു. ഇപ്പോള്‍ പാന്‍സ്റ്റിക്കും പാന്‍കേക്കും. ഇവയുടെ നിര്‍മാണവും വിതരണവുമായി മേല്‍ത്തരം കമ്പനികളുണ്ട്. ലൈറ്റ് ആന്റ് ഷേഡ് വര്‍ക്കാണ് കൂടുതലും. ഒന്നുകൂടി പറഞ്ഞാല്‍ ഹൈലൈറ്റ് വര്‍ക്ക്. പുതുകാലത്തിന്റെ ഹൈടെക് രീതി. ഏതു രീതിയായാലും മേക്കപ്പിന്റെ അടിസ്ഥാനതത്വങ്ങള്‍ മറക്കരുതെന്ന് ബാബുച്ചേട്ടന്. അതെന്തെന്നു ചോദിച്ചാല്‍ വ്യക്തിയും വേഷവും മേക്കപ്പ്മാനും തമ്മിലുള്ള പാരസ്പര്യമെന്നു പറയും ഈ കൊച്ചിക്കാരന്.
മേക്കപ്പ് രംഗത്തെ കൊച്ചിയിലെ ഇതിഹാസമായ കെ.ആര്.ശാസ്ത്രിയാണ് ബാബുച്ചേട്ടന്റെ ഗുരു. പള്ളുരുത്തിക്കാരനായ ശാസ്ത്രി മാനസികമായി ഒത്തിരി സഹായിച്ചിട്ടുണ്ട്. ‘എവിടെയും നേരത്തെ എത്തണം. പോകാനും വരാനും വണ്ടിക്കൂലി കരുതണം’ ഗുരുവിന്റെ ഈ ഉപദേശം ഇന്നും തെറ്റിച്ചിട്ടില്ല. അതൊരു മാതൃകാ പാഠമാണെന്ന് എത്ര വട്ടം അറിഞ്ഞനുഭവിച്ചിരിക്കുന്നു. ഈ രംഗത്ത് സൗഹൃദമായി കിട്ടിയവര്‍ അനവധിയാണ്. പട്ടണം റഷീദ്, പട്ടണം ഷാ, ഉദയരാമു, എം.ഒ.ദേവസ്യ, ശാസ്ത്രിയുടെ മക്കളായ കലാ ശാസ്ത്രി, സജി ശാസ്ത്രി, സുധീര്‍ ശാസ്ത്രി. ചിലര്‍ ഇന്നില്ല. ചമയകലയെ ധ്യാനം പോലെ കണ്ടവരാണിവര്‍.
താന്‍ മേക്കപ്പ് ചെയ്തവര്‍ ഉന്നതനിലയിലെത്തിയിട്ടുണ്ടെന്ന് ബാബുച്ചേട്ടന് അഭിമാനത്തോടെ പറയുമ്പോള്‍ അത് ഹൃദയം പകുത്തുവെച്ച വാക്കുകളായി മാറുന്നു. മേക്കപ്പില്‍ ഒരു ഐശ്വര്യമുണ്ട്. പിന്നെ കളിക്കുന്നവരുടെ ഭാഗ്യം. വേഷത്തില്‍ മറ്റൊന്നായി മാറുന്നതാണ് മേക്കപ്പ്. ഇത്രയും കാലം നിന്നുപോകുന്നത് സഭ്യമായ പെരുമാറ്റം കൊണ്ട്. എല്ലാവരും മാന്യമായിത്തന്നെ ഈ കലയെ കാണുന്നു. ആരും ഇന്നുവരെ പറ്റിച്ചിട്ടില്ല. പലിശക്കെടുത്താണെങ്കിലും തരും. പ്രതീക്ഷിച്ചതില്‍ കൂടുതല്‍. ചിലപ്പോള്‍ കൈനിറയെ. മത്സരരംഗത്താണെങ്കില്‍ സ്നേഹംകൊണ്ട് മാന്തിത്തിന്നു കളയും.
പറയാന്‍ ഒരുപാടുണ്ട് ബാബുച്ചേട്ടന്. അരനൂറ്റാണ്ടിന്റെ കഥകള്‍. ഇന്നലത്തെയും ഇന്നത്തെയും മാഹാ പ്രതിഭകളെക്കുറിച്ച് അവരുടെ കലകളെക്കുറിച്ച്. ഓര്‍മകളില്‍ ഭൂതകാല ഞൊറികള്‍ വിടരുന്നു. പുറത്ത് നേര്‍ത്ത മഴ സൂചികള്‍. കുറച്ചുനേരം അത് നോക്കി. മഴയ്ക്കും ഒന്നു മേക്കപ്പിട്ടാലോ എന്നാണോ ബാബുച്ചേട്ടന്റെ കണ്ണിലെ കുസൃതി.
കൊച്ചിയിലെ കൊച്ചങ്ങാടി അഞ്ചര മുറി വീട്ടില്‍ ജനനം. നാല്പ്പത്താറു വര്‍ഷമായി കുടുംബസമേതം പള്ളുരുത്തില്‍ താമസം. ഭാര്യ: സൗമിനി ബാബു. മൂന്നു മക്കള്‍: ബിനീഷ് ബാബു, ബിജീഷ് ബാബു, ബിബിഷ്. രണ്ടുപേര്‍ വിവാഹിതര്‍.
സേവ്യര്‍ ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: