കത്തുന്ന വേനലിലൂടെ
കനിവിനായ് കരഞ്ഞുകൊണ്ട്
കനല്‍വഴികള്‍ താണ്ടിനടന്ന്
പോയൊരുകാലം; ചുടുകണ്ണീര്‍ക്കാലം. . . . .
ഈ ഗാനം പാടിയതിലൂടെ വിപ്ലവഗായിക പി.കെ.മേദിനി ചരിത്രത്തില്‍ ഇടംനേടുകയായിരുന്നു. 80-ാം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീനിലകളില്‍ പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രലോകത്തില്‍ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യ വനിതയായി മാറി. വീശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍.വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രമാണ് പി.കെ.മേദിനിക്ക് ഈ ചരിത്രനേട്ടം നേടിക്കൊടുത്തത്.
പത്തുവയസ്സുമുതല്‍ തന്നെ സതീര്‍ത്ഥ്യരായ സി. കാളിക്കുടി, കെ.മീനാക്ഷി, അനസൂയ, സഹോദരനും തിരക്കഥാകൃത്തുമായ കെ.ശാരംഗപാണി, കെ.ബാവ തുടങ്ങിയവരുമായി ചേര്‍ന്ന് പാടിത്തുടങ്ങി. അന്നത്തെ രാഷ്ട്രീയസാഹചര്യമനുസരിച്ച് പാര്‍ട്ടിക്കുവേണ്ടി പാടി. അങ്ങനെ പാര്‍ട്ടി ചടങ്ങുകള്‍ക്കും പാടി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിയില്‍ ജോലിയിലിരിക്കെ രാജവാഴ്ചയ്ക്കെതിരായ പാട്ടുകള്‍ നിരോധിക്കുകയുണ്ടായി. ഈ പ്രശ്നത്തില്‍ 17-ാം വയസ്സില്‍ ഒരുദിവസത്തെ ജയില്‍വാസവും അനുഭവിച്ചു. മുറച്ചെറുക്കനായിരുന്ന ശങ്കുണ്ണിയുടെ ജീവിതസഖിയാകുമ്പോള്‍ രണ്ടുപേരും രാഷ്ട്രീയമായി വ്യത്യസ്ത ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. അത് അറിഞ്ഞുകൊണ്ടു ജീവിതം തുടങ്ങിയതിനാല്‍ കുടുംബ ബന്ധത്തിന് രാഷ്ട്രീയം തടസ്സമായിരുന്നില്ല. രണ്ടുപെണ്‍മക്കളും ചെറുമക്കളും കൊച്ചുമക്കളുള്‍പ്പെടെ അഞ്ചുതലമുറയുടെ മുത്തശ്ശിയായി കഴിയുമ്പോള്‍ കിട്ടിയ അപൂര്‍വഭാഗ്യമാണ് ഇപ്പോള്‍ കൈവന്നതെന്ന് പി.കെ.മേദിനി പറയുന്നു. ഈ നേട്ടം കൈവരിക്കാന്‍ അവസരമൊരുക്കിയ സംവിധായകന് അനിലിനോട് കടപ്പാടും നന്ദിയുമുണ്ട്.
പാര്‍ട്ടിയുടെ വിപ്ലവഗായിക, നാട്ടുകാരുടെ പടപ്പാട്ടുകാരി, പുതിയ തലമുറക്കാരുടെ മേദിനി മുത്തശ്ശി അതാണ് നാട്ടുകാര്‍ നല്കിയ വിശേഷണങ്ങള്‍. ഇതുപറയുമ്പോള്‍ ആത്മസംതൃപ്തിയുടെ പ്രസന്നത ആ മുഖത്ത് കാണാം.
ഏഴ് പ്രഗത്ഭ സംഗീത സംവിധായകരും ഇരുപതോളം പ്രശസ്തഗായകരും ചേര്‍ന്നൊരുക്കിയ എട്ടുഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്രലോകത്തെ റെക്കാര്‍ഡ് സൃഷ്ടിക്കുന്ന ഈ സിനിമയുടെ ചരിത്രമായതിലും ജീവിതം ധന്യമായി എന്ന് പറയുകയാണ് ഈ പടപ്പാട്ടുകാരി. പി. കൃഷ്ണപിള്ളയെ നേരിട്ടുകണ്ടിട്ടുള്ള തനിക്ക് അദ്ദേഹത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ജന്മാന്തരസുകൃതം എന്നാണ് മേദിനി പറഞ്ഞത്. 1948 കാലഘട്ടത്തില്‍ നേരിട്ടനുഭവിച്ച സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികയായ ചിരുതയുടെ വാര്‍ദ്ധക്യകാലമാണ് അഭിനയിച്ചത്. നീലാമ്പരിരാഗത്തില്‍ ഈണം നല്കി സ്വന്തമായി പാടുക കൂടി ചെയ്തതോടെ സംഗീത സംവിധായികയുടെ മേലങ്കി അണിയാനുമായി. ഈ ചിത്രത്തില്‍ രണ്ടു വനിതകളാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. അതിലൊന്ന് പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ സഹോദരി റെഹാനയാണ് എന്നത് മേദിനിക്ക് ഏറെ സന്തോഷം പകരുന്നു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: