ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ വീണ്ടും ഇന്ത്യ ക്രീസിലേക്ക്. ഇന്ന് വെസ്റ്റീന്‍ഡീസില്‍ തുടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറമെ വെസ്റ്റിന്‍ഡീസും ശ്രീലങ്കയുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ന് ശ്രീലങ്ക വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്കാണ് മത്സരം. മൂന്ന് ടീമുകളും രണ്ടു വട്ടം ഏറ്റുമുട്ടും. കൂടുതല്‍ പോയനൃ നേടുന്ന ടീമുകള്‍ ജൂലൈ 11ന് നടക്കുന്ന ഫൈനലില്‍ പോരടിക്കും.
ഇംഗ്ലണ്ടിനെ ഫൈനലില്‍ തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പുതിയ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമില്‍ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയിട്ടുള്ളത്. പരിക്കേറ്റ ഓള് റൗണ്ടര്‍ ഇര്ഫാന് പഠാന് പകരം ബംഗാള്‍ പേസര്‍ മുഹമ്മദ് ഷാമിയെയാണ് ടീം ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 2ന് ഇന്ത്യ ശ്രീലങ്കയുമായും 5ന് വെസ്റ്റിന്‍ഡീസുമായും 9ന് ശ്രീലങ്കയുമായും ഏറ്റുമുട്ടും. 11നാണ് ഫൈനല്‍.
കിംഗ്സ്റ്റണിലെ സബീന പാര്‍ക്കിലും പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമാണ് മത്സരങ്ങള്‍. മൂന്ന് മത്സരങ്ങള്‍ കിംഗ്സ്റ്റണിലും ഫൈനലുള്‍പ്പെടെ നാല് മത്സരങ്ങള്‍ പോര്‍ട്ട് ഓഫ് സ്പെയിനിലും നടക്കും.
ഇന്ത്യന്‍ ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേഷ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ആര്. വിനയ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: