ചെന്നൈ: തമിഴ്നാട്ടില്‍ രാജ്യസഭാ സീറ്റിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. ഒഴിവു വന്ന ആറ് സീറ്റിലേക്കാണ് മത്സരം. 17 വര്‍ഷത്തിന് ശേഷമാണ് രാജ്യസഭയിലേക്ക് മത്സരം നടക്കുന്നത്.
വോട്ടെടുപ്പ് രാവിലെ ഒമ്പതിനാരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. ഏഴ് മണിയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. എഐഎഡിഎംകെയുടെ നാല് സ്ഥാനാര്‍ത്ഥികളും ജയലളിതയുടെ പിന്തുണയോടെ സിപിഐയുടെ ഡി.രാജയും വിജയം ഉറപ്പിച്ചുകഴിഞ്ഞു.
അവശേഷിക്കുന്ന ഒരു സീറ്റില്‍ ഡിഎംകെയുടെ കനിമൊഴിയും ഡിഎംഡികെയുടെ ഇളങ്കോവനും തമ്മിലാണ് മത്സരം. കനിമൊഴിക്ക് കോണ്‍ഗ്രസ് നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിഎംകെയുടെ 23 വോട്ടും,മനിതനയ മക്കള്‍ കച്ചി, പുതിയ തമിഴകം എന്നിവരുടെ വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ അഞ്ചു വോട്ടുകള്‍ കൂടി ആയതോടെ കനിമൊഴിക്ക് 32 വോട്ടായി.
ജയിക്കാന്‍ 34 വോട്ടാണ് വേണ്ടത്. തമിഴ്നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിന്റെ ഡിഎംഡികെ നിര്‍ത്തിയ ഇളങ്കോവന 29 എംഎല്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഏഴു പേര് ഇപ്പോള്‍ ജയലളിതയ്ക്കൊപ്പമാണ്.
നേരത്തെ കൂറുമാറിയ ഇവര്‍ക്ക് വോട്ടവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: