കോതമംഗലം: കീരമ്പാറ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റടക്കം ആറ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി.
കോണ്‍ഗ്രസ്സ് അംഗങ്ങളായ പ്രസിഡന്റ് സുജ സലീം, വൈസ് പ്രസിഡന്റ് കെ.പി.വര്‍ക്കി, കേരള കോണ്‍ഗ്രസ് എം അംഗങ്ങളായ എം.പി.ചന്ദ്രന്, സാലി വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) അംഗം സിന്ധു രാജപ്പന്, യുഡിഎഫ് സ്വതന്ത്രന് ബിനോയിതോമസ് എന്നിവരെയാണ് അയോഗ്യരാക്കിയത്.
പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ ലിസി വത്സലനെ യുഡിഎഫ് തീരുമാനമില്ലാതെ അയോഗ്യരാക്കപ്പെട്ട യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് അംഗങ്ങളെ അയോഗ്യരാക്കിയത്.
എന്നാല്‍ പഞ്ചായത്തിന്റെ വികസനകാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങളില്‍ മുന്‍ പ്രസിഡന്റിന്റെ അലംഭാവം യുഡിഎഫ് നേതൃത്വത്തെ ഒന്നിലേറെ തവണ അറിയിക്കുകയും, പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നേതൃത്വം ഇടപെട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തീരുന്നതാണെന്നും അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്ക് അവിശ്വാസത്തിന് മുമ്പ് വിപ്പ് ലഭിച്ചിട്ടില്ലെന്നും, മെമ്പര്‍മാര്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് ഭരണകാര്യത്തില്‍ ഏകാധിപത്യ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്നും ഇതിനോട് യോജിച്ച് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.
മുപ്പത് ദിവസത്തെ അപ്പീല്‍ കാലാവധിക്കുള്ളില്‍ കോടതിയെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുവാനുള്ള നീക്കത്തിലാണ് അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍. പതിമുന്നംഗ ഭരണസമിതിയില്‍ പതിനൊന്ന് യുഡിഎഫ് അംഗങ്ങളും ഒരു എല്‍ഡിഎഫ് അംഗവും, ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. എല്‍ഡിഎഫ് അംഗം ഷൈബി ഏലിയാസും, സ്വതന്ത്ര അംഗം ബിനു വര്‍ക്കിയും അവിശ്വാസത്തെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: