സാധാരണക്കാരുടെ ഏക ആശ്രയ കേന്ദ്രമായ കൊച്ചിന് മെഡിക്കല്‍ കോളേജിനെ രക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കള്ളക്കളികള്‍ തുടരുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ക്രിയാത്മകമായ യാതൊരു നടപടിയുമായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ ആദ്യവാരത്തില്‍ ആണ് കൊച്ചിന് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പ്രഖ്യാപനമുണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജും ഇക്കൂട്ടത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചതോടെ പലരും ഉടക്കുമായി രംഗത്തെത്തി.
മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിന്നീട് മാറ്റി പറഞ്ഞു. അതിനുശേഷം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജനഹിതം പാലിക്കുമെന്ന് പ്രഖ്യാപിച്ചു. സഹകരണ മന്ത്രി ഇ.എന്‍.ബാലകൃഷ്ണനും കൊച്ചിന് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുവാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തി. മെഡിക്കല്‍ കോളേജിന്റെ ആസ്തി ബാധ്യതാ കണക്കുകള്‍ എടുക്കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജിന്റെ ആസ്തി ബാധ്യതാ കണക്കെടുപ്പ് കളക്ടര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. ആസ്തി ബാധ്യത റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജന്മഭൂമിയോട് പറഞ്ഞു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തശേഷമേ തീരുമാനമുണ്ടാവുകയുള്ളൂ. പരിയാരവും കൊച്ചിയും ഒരുമിച്ച് പരിഗണിച്ചാല്‍ തീരുമാനം വീണ്ടും നീളുവാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് കൊച്ചിന് മെഡിക്കല്‍ കോളേജിന്റെ കാര്യം പ്രത്യേകമായെടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
കൊച്ചിന് മെഡിക്കല്‍ കോളേജിന് 37 കോടി രൂപയുടെ ബാധ്യത കണക്കാക്കിയിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഡിപ്രീസിയേഷന് കണക്കാക്കിയാല്‍ ഏഴോ എട്ടോ കോടി രൂപ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കിന് മുമ്പില്‍ 60 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ മെഡിക്കല്‍ കോളേജിന്റെ മൂല്യം വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയും ആസ്തി മറ്റ് പലയിടത്തും ഇല്ല. ഇവിടുത്തെ സ്ഥലത്തിന്റെ വില ഒഴിവാക്കിയാല്‍ പോലും 122 കോടി രൂപയുടെ ആസ്തിയാണ് മെഡിക്കല്‍ കോളേജിനുള്ളത്. ബാധ്യതയാവട്ടെ, പ്രതിവര്‍ഷം 2.73 കോടി മാത്രം. ഇതില്‍ ഒരുകോടി സര്‍ക്കാരിന്റെ ചികിത്സാ സഹായ പദ്ധതിപ്രകാരം നിര്‍ധന രോഗികളെ ചികിത്സിച്ച ഇനത്തില്‍ കിട്ടാനുള്ളതാണ്. ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള രോഗികളുടെ ചികിത്സയിലൂടെ 15 ലക്ഷത്തിന്റെ ബാധ്യത മാത്രമാണ് വരുന്നത്.
പുതിയതായി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ സര്‍ക്കാരിന് 400-500 കോടി രൂപയെങ്കിലും വേണമെന്നിരിക്കെ കൊച്ചിന് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ സര്‍ക്കാരിന് ലാഭം മാത്രമാണ്. അതേസമയം പരിയാരമാകട്ടെ വന്ബാധ്യതയിലുമാണ്.
കൊച്ചിന് മെഡിക്കല്‍ കോളേജ് വിട്ടുകൊടുക്കുവാന്‍ തയ്യാറാണെന്ന് സഹകരണ അക്കാദമി പരസ്യമായി പറയുമ്പോഴും ഇക്കാര്യം വച്ച് താമസിപ്പിക്കുവാനുള്ള നീക്കമാണ് രഹസ്യമായി നടത്തുന്നതെന്ന ആക്ഷേപമുണ്ട്. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാകുന്നതുവരെ ഏറ്റെടുക്കല്‍ ദീര്‍ഘിപ്പിക്കുവാനാണ് ഇവര്‍ പരിശ്രമിക്കുന്നത്. എംബിബിഎസ് പ്രവേശനം സ്വാശ്രയ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിലൂടെ അക്കാദമിയ്ക്ക് ലഭിക്കുന്നത് കോടികളാണ്. ഈ കച്ചവടക്കണ്ണിലൂടെയുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. സഹകരണ വകുപ്പിന്റെ അംഗീകാരത്തോടെ കേപ് എംബിബിഎസ് പ്രവേശനവുമായി മുന്നോട്ട് നീങ്ങുകയാണ്. മൊത്തം എംബിബിഎസിന് 100 സീറ്റുകളാണുള്ളത്. ഇതില്‍ 50 എണ്ണം മെരിറ്റ് സീറ്റ്. 35 മാനേജ്മെന്റും 15 എന്‍ആര്‍ഐ സീറ്റുകളുമാണ്. ഇതില്‍ ഏറ്റവും ആകര്‍ഷണം എന്‍ആര്‍ഐ സീറ്റുകള്‍ തന്നെയാണ്. എന്‍ആര്‍ഐ സീറ്റിന് പത്ത് ലക്ഷമാണ് ഫീസ്. മാനേജ്മെന്റ് സീറ്റ് ഫീസ്് 6.5 ലക്ഷമാണ്. 50 മെരിറ്റ് സീറ്റില്‍ 27 എണ്ണത്തിന് 1.5 ലക്ഷമാണ് ഫീസ്. ബാക്കി 23 സീറ്റില്‍ 13 എണ്ണം പിന്നോക്ക വിഭാഗങ്ങളിലും പത്തെണ്ണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാണ്. പിന്നോക്കവിഭാഗത്തിന്റെ 13 സീറ്റിന് 25000 രൂപയാണ് വാര്‍ഷിക ഫീസ്. 15 എന്‍ആര്‍ഐ സീറ്റുകളിലേയ്ക്ക് 104 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവ സൂക്ഷ്മ പരിശോധനയ്ക്കായി കേപ് ആസ്ഥാനത്തേയ്ക്ക് അയച്ചിരിക്കുകയാണ്.
എന്‍ആര്‍ഐ സീറ്റുകള്‍ വാങ്ങി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി വന്‍ ലോബി തന്നെ രംഗത്തുണ്ട്. ഇതിലൂടെ തല്പ്പരകക്ഷികളിലെത്തുന്നതും വന്‍ തുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനവും രംഗത്ത് വന്നിട്ടില്ലെന്നതാണ് രസകരം.
സുപ്രീംകോടതിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും ഉത്തരവനുസരിച്ച് മെഡിക്കല്‍ പ്രവേശനത്തിന് ഒരൊറ്റ പ്രവേശന പരീക്ഷയാണ് നടന്നത്. ഇതിന്റെ ഫലം വന്നെങ്കിലും അഡ്മിഷന് നടപടികള്‍ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കിയാല്‍ മതി. സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ 100 മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ ഇവിടെ പ്രവേശനം ലഭിക്കുമായിരുന്നു. ഈ സാധ്യത കൂടിയാണ് ഇല്ലാതായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആസ്തി ബാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാലും മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തീരുമാനം നീളാനാണ് സാധ്യത.
എന്‍.പി.സജീവ്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: