കൊച്ചിന് മെഡിക്കല്‍ കോളേജിനെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം സാധാരണക്കാര്ക്കുണ്ടായിരുന്നെങ്കിലും വിവാദങ്ങള്‍ സ്ഥാപനത്തിന്റെ ശോഭ കെടുത്തി. ഐസിയുവില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്ത ഏവരേയും ഞെട്ടിച്ചതായിരുന്നു.
കഴിഞ്ഞവര്‍ഷമുണ്ടായ ഈ വിവാദത്തില്‍ നിന്നും കരകയറാന്‍ മെഡിക്കല്‍ കോളേജിന് ഇതുവരെയായിട്ടില്ല. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചുവെന്ന പരാതി ഇവിടുത്തെ ഒരു സ്റ്റാഫ് നഴ്സ് തന്നെയാണ് ഉയര്‍ത്തിയത്. കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലാണ് ശുഭ എന്ന നഴ്സ് ഈ സംഭവം ഉന്നയിച്ചത്. സ്റ്റാഫ് നഴ്സ് ഉയര്‍ത്തിയ ഈ പരാതിയെ അവിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് അന്വേഷിക്കുവാന്‍ മെഡിക്കല്‍ കോളേജ് തലത്തിലും സര്‍ക്കാര്‍ തലത്തിലും ഓരോ അന്വേഷണ കമ്മീഷനുകള്‍ നിയോഗിക്കപ്പെട്ടു. എന്നാല്‍ ഈ രണ്ട് അന്വേഷണ കമ്മറ്റികളുടേയും കണ്ടെത്തലുകള്‍ ഓക്സിജന്‍ ലഭിക്കാതെയല്ല രോഗികള്‍ മരിച്ചതെന്നാണ്. ഇത് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഇവര്‍ തള്ളിക്കളയുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷനുകള്‍ പറയുന്നത്. ഓക്സിജന്‍ വിതരണത്തിന് ശക്തമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഒരു കാരണവശാലും ഓക്സിജന്‍ വിതരണം മുടങ്ങുന്ന പ്രശ്നമില്ലെന്ന് അന്വേഷണ കമ്മീഷനും അധികൃതരും പറയുന്നു. എന്നാല്‍ നഴ്സിന്റെ പരാതി തെറ്റായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലായെന്ന ചോദ്യവും അവശേഷിക്കുന്നു. എറണാകുളം ജില്ലയിലെ ഭരണകക്ഷിയില്‍പ്പെട്ട ഒരു യുവ എംഎല്‍എയുടെ ബന്ധുവാണ് ഈ പരാതി ഉന്നയിച്ച നഴ്സെന്നും പറയപ്പെടുന്നു.
വേണ്ടത്ര സ്ഥിര അധ്യാപകരുടെ അഭാവവും വേണ്ടത്ര ലാബുകളില്ലാത്ത അവസ്ഥയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നടന്ന് വരുന്നതേയുള്ളൂ.
കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ അപാകതകള്‍ മൂലം പലതും ചോര്‍ന്നൊലിക്കുകയാണ്. വലിയ മഴ പെയ്താല്‍ പ്രധാന മന്ദിരം പോലും ചോരുമെന്നതാണ് അവസ്ഥ. മോര്‍ച്ചറി ഉള്‍പ്പടെയുള്ള പല കെട്ടിടങ്ങളും നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം ഒരു മരപ്പട്ടിയെ ക്ലാസ് മുറിയില്‍നിന്ന് പിടികൂടിയിരുന്നു. പാമ്പുകളും ഇവിടെ സ്വൈര്യവിഹാരം നടത്തുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളെ ഭയചകിതരാക്കുന്നു. മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം മാത്രമാണ് ആരംഭിക്കുവാനായത്. കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാവുന്ന സംവിധാനമായിട്ടില്ല. വെള്ളമില്ലാത്ത പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. കുഴല്‍ കിണറുകള്‍ക്ക് പുറമെ ഒരു കിണറും ഇപ്പോള്‍ കുഴിച്ചിട്ടുണ്ട്. നേരത്തെ വെള്ളമില്ലാത്തത് മൂലം ഓപ്പറേഷനുകള്‍ വരെ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വെള്ളം മുടങ്ങിയപ്പോള്‍ ഐസിയുവിലെ രോഗികളെ ഉള്‍പ്പെടെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കേണ്ടിവന്നു വെള്ളമെത്തിക്കുവാന്‍. വെള്ളമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീണ്ട അവധിപോലും നല്‍കിയിരുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണേണ്ടതുണ്ട്.
മരുന്ന് വാങ്ങുന്നതിലും വിതരണത്തിലും അടിമുടി അഴിമതിയാണ് നടക്കുന്നത്. രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തുനിന്നും വാങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ഫാര്‍മസിയുമായി ബന്ധപ്പെട്ട് 20.68 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് സ്റ്റോര്കീപ്പറും ഫാര്‍മസിസ്റ്റുമായ കെ.ആര്.ദിനേശ് കുമാറിന് സഹകരണ അക്കാദമി ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
സ്റ്റോക്ക് ബാലന്‍സില്ലാതെ 10,74,935 രൂപയുടെ 490 ഇനം മരുന്നുകള്‍ ഫാര്‍മസിയില്‍ കണ്ടെത്തി. സ്റ്റോക്കില്‍ 9,94,145 രൂപയുടെ 916 ഇനം മരുന്നുകളുടെ കുറവും കാണപ്പെട്ടു. 2010-11 ല്‍ 80,301 രൂപയുടേയും ക്രമക്കേട് ഫാര്‍മസിയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 2012-13 ല്‍ ഈ വ്യത്യാസം 20 ലക്ഷമായി ഉയര്‍ന്നു. 2011 നെ അപേക്ഷിച്ച് സ്റ്റോക്കില്‍നിന്നും കൂടുതലായുള്ള മരുന്നുകളുടെ തുക 24 ഇരട്ടിയായും കുറവുള്ള മരുന്നുകളുടെ വില 28 ഇരട്ടിയായും വര്‍ധിച്ചെന്ന് ദിനേശ് കുമാറിന് നല്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കാലഹരണപ്പെട്ട 68 മരുന്നുകള്‍ കമ്പനികള്‍ക്ക് തിരിച്ചുകൊടുക്കാതെ സൂക്ഷിച്ചതും കണ്ടെത്തി.
ഇതിന് 46,615 രൂപ വിലവരും. 25,369 രൂപയുടെ 61 ഇനം മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ ഒരു രേഖയും ഫാര്‍മസിയിലില്ല. കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 23 വരെ ആര്‍എംഒയും പിന്നീട് സഹകരണ അക്കാദമിയിലെ ഫിനാന്‍സ് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്. ഫാര്‍മസിയിലെ മെയിന്‍ സ്റ്റോറില്‍ 2012 ലെ കണക്കെടുപ്പില്‍ എട്ടുലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടത്. ഇത് സ്റ്റോര്‍കീപ്പറുടെ മാത്രം വിഴ്ചയാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു രോഗിക്ക് നല്കിയ മരുന്ന് 41 സെക്കന്റിനകം തിരിച്ചെടുത്തതായും 750.60 രൂപ തിരികെ നല്‍കിയതായും രേഖയുണ്ടാക്കി. എന്നാല്‍ കേസ് ഷീറ്റ് പരിശോധിച്ച പ്പോള്‍ രോഗി റീഫണ്ട് അപേഷിച്ചിട്ടില്ലെന്നും നല്കിയ മരുന്നുകളെല്ലാം ഉപയോഗിച്ചതായും വ്യക്തമായി. ഇന്ജക്ഷന് ഉപയോഗിക്കുന്ന സി ഫോറ്റംപ്ലസ് 1.5 ഗ്രാം മരുന്ന് 370 എണ്ണം അധികമായി ഉപയോഗിച്ചത്. 1.61 ലക്ഷം രൂപയാണ് ഇതിന് വില. ആര്‍എസ്ബിവൈ ആനുകൂല്യമുള്ള രോഗികളുടെ പേരിലും വന്‍ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. 21 പേര്‍ക്ക് 25 മരുന്നുകള്‍ റീഫണ്ട് ചെയ്തതായി രേഖയുണ്ടെങ്കിലും അവര്‍ ഇത് വാങ്ങുകപോലും ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ഫാര്‍മസി കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ഫാര്‍മസി അഴിമതി വിമുക്തമാക്കിയാല്‍ തന്നെ വിലകൂടി മരുന്നുകള്‍ വളരെ ചെറിയ നിരക്കില്‍ രോഗികള്‍ക്ക് നല്കുവാനാകും. ഇതിലൂടെ വലിയൊരു ആശ്വാസമാണ് സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്.
വിവാദങ്ങളും അഴിമതിയും മൂലം മെഡിക്കല്‍ ഡയറക്ടറും പ്രിന്‍സിപ്പല്‍മാരും ഇവിടെ മാറിമാറി വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജുനൈദ് റഹ്മാന് ചുമതലയേറ്റിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ. എറണാകുളം ജനറല്‍ ആശുപത്രിയിലടക്കം സേവനമനുഷ്ഠിച്ച് പരിചയസമ്പന്നനായ ഇദ്ദേഹത്തിന് സ്ഥാപനത്തെ മുന്നോട്ട് നയിക്കുവാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: