മൂവാറ്റുപുഴ: ഇലക്ട്രിക് തേപ്പുപെട്ടി ഉപയോഗിച്ചതിന് ശേഷം സ്വിച്ച് ഓഫാക്കാതെ കുടുംബാംഗങ്ങള്‍ വീട് പൂട്ടി പുറത്ത് പോയത് അഗ്നിബാധക്ക് ഇടയാക്കി. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. പായിപ്ര പരുത്തിക്കാട്ടില്‍ പി.എസ്.ബഷീറിന്റെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. മേശയും മേശവിരിപ്പും കത്തി നശിച്ചു. സമീപത്തെ വീട്ടില്‍ കല്ല്യാണത്തില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങള്‍ വീട് പൂട്ടി പുറത്തുപോയപ്പോഴാണ് അപകടം. അടഞ്ഞ് കിടക്കുന്ന വീട്ടില്‍ നിന്ന് വന്‍ പുക ഉയര്‍ന്നതോടെ സമീപവാസികള്‍ മൂവാറ്റുപുഴ അഗ്നിശമന സേനാ യൂണിറ്റില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ചതോടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. ഇതിനിടയില്‍ അയല്‍വാസികള്‍ വീട്ടുടമയേയും വിവരം അറയിച്ചു. ഇദ്ദേഹം എത്തി വീട് തുറന്നപ്പോള്‍ മേശയും വിരിയും കത്തുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ ഇവ വീടിന് പുറത്തേക്ക് മാറ്റി. കൃത്യ സമയത്ത് നാട്ടുകാര്‍ വീട് പുകയുന്നത് കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: