വാഷിംഗ്ടണ്‍: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഫോണ്‍, വെബ്സൈറ്റ് വിശദാംശങ്ങള്‍ എന്നിവ അമേരിക്ക ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ എന്‍എസ്ഐ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന് അഭയം നല്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. സ്നോഡനെ രാജ്യം വിട്ടു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും അമേരിക്ക മുന്നറിയിപ്പു നല്കി. അതിനിടെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെത്തിയ സ്നോഡന് ഇക്വഡോറിലേക്ക് കടന്നതായി സൂചനയുണ്ട്.
ഹവാന വെനസ്വേല എന്നിവിടങ്ങളിലൂടെയാണ് സ്നോഡന് ഇക്വഡറിലേക്ക് കടന്നിരിക്കുന്നത്. സ്നോഡന് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അറിയിച്ചു കൊണ്ട് ഇക്വഡോര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയതായി ഇക്വഡോര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സ്നോഡന്റെ അപേക്ഷ ലഭിച്ചെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പാറ്റിനോ വ്യക്തമാക്കി. സ്നോഡന് അഭയ സ്ഥാനത്തേക്ക് എത്താന്‍ യാത്ര ചെയ്തേക്കാവുന്ന രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായെല്ലാം അമേരിക്ക ബന്ധപ്പെട്ടിട്ടുണ്ട്. ചൈനയ്ക്കും റഷ്യയ്ക്കും സ്നോഡനിലുള്ള താല്പര്യവും അമേരിക്കയ്ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സ്നോഡന് രാഷ്ട്രീയ അഭയം നല്കുകയാണെങ്കില് അതിന്റെ പ്രത്യാഘാതം റഷ്യ അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ സെനേറ്റര്‍ ചാള്‍സ് സ്കമ്മര്‍ പറഞ്ഞു.
ചൈനയുടെ സമ്മതമില്ലാതെ ഹോങ്കോംഗില്‍ കഴിയാന്‍ സ്നോഡന് കഴിയില്ല എന്നാണ് അമേരിക്ക വിലയിരുത്തുന്നത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പറ്റിയ സമയമാണിതെന്നും ചൈന സഹകരിക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂബ, കരാക്കസ് , വെനസ്വേല എന്നീ രാജ്യങ്ങളില്‍ സ്നോഡന് എത്താന്‍ സാധ്യതയുള്ളതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട സ്നോഡന് ഹോങ്കോങില്‍ അഭയം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: