കൊച്ചി: കൊച്ചി മെട്രോയുടെ കാസ്റ്റിംഗ് യാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കളമശ്ശേരിയിലെ എച്ച് എംടി ഭൂമിയില്‍ ഭൂമി ഒരുക്കല്‍ ജോലികള്‍ തുടങ്ങി. ജെസിബി ഉപയോഗിച്ച് ഭൂമി ഒരുക്കല്‍ ജോലികളാണ് നടന്നുവരുന്നത്. മുട്ടം മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ആദ്യ രണ്ട് റീച്ചുകളിലെയും നിര്‍മാണ ജോലികള്‍ക്കുള്ള വിഭവ സംഭരണ പാകപ്പെടുത്തല്‍ കേന്ദ്രമായിട്ടാണ് ഇവിടത്തെ കാസ്റ്റിംഗ് യാര്‍ഡ് പ്രവര്‍ത്തിക്കുക. മരങ്ങള്‍ വെട്ടി നീക്കുന്ന ജോലികളും മറ്റും പുരോഗമിക്കുന്നതായി ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എച്ച്എംടിയില്‍ നിന്ന് സഹകരണ മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയില്‍ മുസ്ലീം പള്ളിക്കു സമീപത്തുള്ള ഭൂമിയിലാണ് കാസ്റ്റിംഗ് യാര്‍ഡ് നിര്‍മിക്കുന്നത്. ഒരു റീച്ചിലേക്കുള്ള കാസ്റ്റിംഗ് യാര്‍ഡിന് രണ്ടര ഹെക്ടര്‍ സ്ഥലമാണ് വേണ്ടിവരിക. ഇത്തരത്തില്‍ മൊത്തം അഞ്ച് ഹെക്ടര്‍ സ്ഥലമാണ് ഇവിടെ കാസ്റ്റിംഗ് യാര്‍ഡിനായി എടുക്കുന്നത്. രണ്ട് റീച്ചുകളിലെയും കാസ്റ്റിംഗ് യാര്‍ഡുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അഞ്ച് ഹെക്ടര്‍ സ്ഥലം ആവശ്യമായി വന്നിരിക്കുന്നത്. എച്ച്എംടിക്ക് ഇവിടെ കൂടുതല്‍ സ്ഥലം ഉള്ളതിനാല്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലേറെ സ്ഥലം ആവശ്യമായി വന്നാലും എടുക്കാന്‍ സാധിക്കുമെന്നും ഡിഎംആര്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
കാസ്റ്റിംഗ് യാര്‍ഡിനായി വെട്ടിമാറ്റേണ്ടി വരുന്ന വൃക്ഷങ്ങള്‍ക്ക് പകരമായിട്ടാണ് കഴിഞ്ഞ ദിവസം എച്ച്എംടി ഭൂമിയില്‍ തന്നെ 500 ല്‍പരം വൃക്ഷതൈകള്‍ നട്ടത്. വെട്ടി മാറ്റുന്ന ഓരോ മരത്തിനും പകരമായിട്ടാണ് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. കാസ്റ്റിംഗ് യാര്‍ഡ് പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ക്യുവറിംഗ് യാര്‍ഡ്, ഓഫീസുകള്‍, താമസസ്ഥലം തുടങ്ങിയവയാണ് കാസ്റ്റിംഗ് യാര്‍ഡില്‍ പ്രവര്‍ത്തിക്കുക. കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ മാത്രമേ കാസ്റ്റിംഗ് യാര്‍ഡുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. അതു കഴിയുമ്പോള്‍ സ്ഥലം വിട്ടുകൊടുത്തവര്‍ക്കു തന്നെ തിരികെ നല്‍കും. കലൂര്‍ സ്റ്റേഡിയം മുതല്‍ സൗത്ത് വരെയുള്ള മൂന്നാമത്തെ റീച്ചിന്റെയും സൗത്ത് മുതല്‍ പേട്ട വരെയുമുള്ള നാലാമത്തെ റിച്ചിന്റെയും കാസ്റ്റിംഗ് യാര്‍ഡ് പോര്‍ട്ട്ട്രസ്റ്റ് ഭൂമിയിലാവും നിര്‍മിക്കുക. സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മൂന്നാമത്തെ റീച്ചിന്റെ നിര്‍മാണ കരാര്‍ സോമ കണ്‍സ്ട്രക്ഷന്‍സും നാലാമത്തേതിന്റേത് ഈറ കണ്‍സോര്‍ഷ്യവുമാണ് എടുത്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇവരും നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സോമയുടെ പ്രതിനിധികള്‍ ഇതിനകം തന്നെ ഡിഎംആര്‍സിയുമായി ചര്‍ച്ച നടത്തിയിരുന്നു. എച്ച്എംടി ഭൂമിയിലെ കാസ്റ്റിംഗ് യാര്ഡാകും ആദ്യം പ്രവര്‍ത്തനക്ഷമമാകുക. ആദ്യം നിര്‍മാണം ആരംഭിച്ചതും ഇവിടെ തന്നെയാണ്. പെയിലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവയ്ക്ക് മീതെ ഉറപ്പിക്കേണ്ട കാപ്പുകളും മറ്റുമാണ് കാസ്റ്റിംഗ് യാര്‍ഡില്‍ ആദ്യഘട്ടത്തില്‍ രൂപപ്പെടുത്തേണ്ടത്. അതുപോലെ തന്നെ പിയര്‍ കാപ്പുകള്, വയഡക്ടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ഗര്‍ഡറുകള്‍ തുടങ്ങിയവയും കാസ്റ്റിംഗ് യാര്‍ഡിലാണ് ഉണ്ടാക്കുക. മെട്രോയുടെ നഗരത്തിലെ നിര്‍മ്മാണ സമയത്ത് ഗതാഗതം തിരിച്ചുവിടാനായി തമ്മനം കതൃക്കടവ് റോഡ് വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിന് 80 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 22 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: