പള്ളുരുത്തി: മഴ രൂക്ഷമായതോടെ പടിഞ്ഞാറന്‍ കൊച്ചിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ ടാര്‍ ചെയ്ത റോഡുകള്‍ തകര്‍ന്നു. മട്ടാഞ്ചേരി, തോപ്പുംപടി, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, പെരുമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന റോഡുകളും, ഇടറോഡുകളും തകര്‍ന്ന നിലയിലാണ്. കുമ്പളങ്ങി പഞ്ചായത്തിലെ റോഡ് മുഴുവന്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് കുമ്പളങ്ങിയിലെ റോഡുകള്‍ മൂന്നുമാസത്തിനു മുമ്പ് പുനര്‍നിര്‍മ്മാണം നടത്തിയത്. പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷന് തെക്ക് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കൊച്ചി നഗരസഭ നിര്‍മ്മാണം നടത്തിയ പള്ളുരുത്തി നാല്പതടി റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ബിഎംആന്റ് ബിസി പ്രകാരം നിര്‍മ്മാണം നടത്തിയ റോഡാണിത്. പുല്ലാര്‍ദേശം റോഡ്, ഇഎസ്ഐ റോഡ്, പള്ളിച്ചാല്‍ റോഡ്, നമ്പ്യാപുരം റോഡ്, എംഎല്‍എ റോഡ് തുടങ്ങിയ റോഡുകളും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡുകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമായി. റോഡിലെ അപകടക്കുഴികള്‍ മരണക്കെണിയായി മാറുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അശാസ്ത്രീയമായ റോഡുനിര്‍മ്മാണമാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമെന്നും ഇവര്‍ പറഞ്ഞു.
നിര്‍മ്മാണ വേളയില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയ കൃത്യവിലോപമാണ് റോഡുകളുടെ ഈ ദുരവസ്ഥക്ക് കാരണമെന്ന് ബിജെപി നേതാവ് പി.ബി.സുജിത് കുറ്റപ്പെടുത്തി. തകര്‍ന്ന റോഡുകളുടെ മുഴുവന്‍ കണക്കെടുത്ത് പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും, നഗരസഭാ മേയര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നടപടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: