ലണ്ടന്‍: മഹേന്ദ്ര സിങ് ധോണിയും അലിസ്റ്റര്‍ കുക്കും മോഹങ്ങളുടെ കപ്പല്‍ യാത്രയിലാണ്. ബ്രിട്ടനിലെ ഒരു കൊട്ടാരത്തില്‍ ഇരിക്കുന്ന കനകകിരീടം തേടിയുള്ള പ്രയാണത്തില്‍. ആരുടെ നൗകയാവും വിജയതീരമണയുക. ധോണിപ്പട ജയിച്ചാല്‍ അത് അധിനിവേശമെന്ന് വിശേഷിപ്പിക്കപ്പെടും. വിജയികളുടെസ്ഥാനത്ത് കുക്കും കൂട്ടരുമാണെങ്കില്‍?. അതിജീവനമെന്നു പറയാം. ട്വന്റി20യുടെ അമിതാവേശത്തില്‍ നിന്ന് നിശ്ചിതഓവര് കളിയുടെ പക്വതയാര്‍ന്ന വിചാരങ്ങളിലേക്ക് ലോക ക്രിക്കറ്റിനെ ആനയിച്ച ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്നു പരിസമാപ്തി. കലാശക്കളയില്‍ മല്ലിടുന്ന ഇന്ത്യയും ഇംഗ്ലണ്ടും ഗ്യാലറിക്ക് രുചിയുള്ളൊരു ക്രിക്കറ്റ് സദ്യയൊരുക്കാന്‍ തയാറായിക്കഴിഞ്ഞു.
ആത്മവിശ്വാസത്തിന്റെ ശിഖരത്തില്‍
ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഗിരിശൃംഖങ്ങളിലാണ്. ഒരുമത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനവും ഇന്ത്യയുടേതു തന്നെ. 110.66 ശരാശരിയില്‍ 332 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ശിഖര്‍ ധവാന് എതിരാളികളുടെപോലും പ്രശംസ പിടിച്ചുപറ്റി. രോഹിത് ശര്‍മയിലൂടെ ധവാന് പറ്റിയ കൂട്ടാളിയെയും കിട്ടി. വിരാട് കോഹ്ലിയും ദിനേശ് കാര്‍ത്തിക്കും മിന്നുന്ന ഫോമിലെത്തിക്കഴിഞ്ഞു.
ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്നയും കൂടി താളംകണ്ടെത്തിയാല്‍ ഇന്ത്യയെ തടയുക എളുപ്പമാവില്ല. ബൗളര്‍മാര്‍ പതിവിലും മികവുകാട്ടുന്നതും ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. യുവ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും നല്ലവേഗവും കൃത്യതയും പുലര്‍ത്തുന്നു. കൂടാതെ ഫസ്റ്റ് ചെയ്ഞ്ചായെത്തുന്ന ഇഷാന്ത് ശര്‍മ അനുകൂല സാഹചര്യങ്ങളെ വേണ്ടവിധംപ്രയോജനപ്പെടുത്തുന്നു. സ്പിന്നര്‍മാരായ ആര്. അശ്വിനും രവീന്ദ്ര ജഡേജയും വേഗതാ വ്യതിയാത്തിലൂടെയും നിയന്ത്രിതമായ കുത്തിരിവുകളിലൂടെയും എതിര് ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കുന്നതില്‍ വിജയിക്കുന്നതും ധോണിക്കൂട്ടത്തിന്റെ പ്ലസ് പോയിന്റാണ്.
ഓള് റൗണ്ട് ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ഇതുവരെ പുറത്തെടുത്തത് ഓള് റൗണ്ട് പ്രകടനം. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവര്‍ അത്ര സ്ഥിരതകാട്ടിയില്ല. ശ്രീലങ്കയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ കുക്കിനും കൂട്ടുകാര്‍ക്കും പരാജയം രുചിക്കേണ്ടിവന്നു. എങ്കിലും ലങ്കയ്ക്കെതിരെ അവര്‍ നന്നായി ബാറ്റുചെയ്തു.
ഓസ്ട്രേലിയയോടും മോശമാക്കിയില്ല. അതേസമയം, ന്യൂസിലാന്റിനോട് അമ്പേപാളി. ഫോമിലുള്ള ജൊനാതന്‍ ട്രോട്ടാവും ആതിഥേയരുടെ പ്രധാന ആശ്രയം. കുക്കില്‍ നിന്നും റൂട്ടില്‍ നിന്നും ഇയാന്‍ ബെല്ലില്‍ നിന്നും ഇംഗ്ലണ്ട് ഏറെ പ്രതീക്ഷിക്കുന്നു.
ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് അധികം സങ്കടങ്ങളില്ല ജയിംസ് ആന്‍ഡേഴ്സനും സ്റ്റ്യൂവര്‍ട്ട് ബ്രോഡും സ്വിങ്ങും പേസുംകൊണ്ട് നാശംവിതച്ചുകഴിഞ്ഞു. പരിക്കേറ്റ ടിം ബ്രെസ്നനും ഗ്രെയിം സ്വാനും പകരം സ്റ്റീവന്‍ ഫിന്നും ജയിംസ് ട്രെഡ്വെല്ലിനെയും കലാശക്കളിയില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചേക്കും.
ശ്രദ്ധേയ താരങ്ങള്‍
ശിഖര്‍ ധവാന് (ഇന്ത്യ)
ടൂര്‍ണമെന്റിലുടനീളം ടീമിന് മികച്ച അടിത്തറ നല്കി. ആക്രമണോത്സുകവും സുന്ദരവുമായ ബാറ്റിങ് ശൈലി. ഉശിരന്‍ ഫീല്‍ഡര്‍. ഉജ്വലമൊരു പ്രകടനത്തിലൂടെ ടീമിനു കിരീടം സമ്മാനിക്കുകയാവും ധവാന്റ ഉദ്ദേശ്യം.
ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)
സ്ഥിരതയുള്ള ബാറ്റിങ്. ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ടുവരുന്നു. സമ്മര്‍ദ നിമിഷങ്ങളെ അതിജീവിക്കാന്‍ പാകത്തിലെ സമചിത്തത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: