ഈയിടെ ഗോവയില്‍ ചേര്‍ന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രതിനിധി സഭായോഗം, വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണ സമിതിയുടെ നേതാവിനെ നിശ്ചയിച്ചതിനെച്ചൊല്ലി ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും കെങ്കേമമായി ഒന്‍പതാം ഉത്സവമാഘോഷിക്കുകയുണ്ടായല്ലൊ. ശാരീരികാസ്വാസ്ഥ്യം മൂലം സമ്മേളനത്തില്‍ എത്താന്‍ സാധ്യമാവില്ലെന്ന് പാര്‍ട്ടിയുടെ സമുന്നത നേതാവും സ്ഥാപകരില്‍ പ്രധാനിയുമായ ലാല്‍ കൃഷ്ണ അദ്വാനി, അധ്യക്ഷന്‍ രാജ്നാഥ് സിംഗിനെ അറിയിച്ച കത്തില്‍ നേതൃത്വം വഹിക്കുന്ന ചിലരുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ബിജെപിയുടെ നിര്‍വാഹക സമിതി ഏകകണ്ഠമായിട്ടാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണ സമിതി അധ്യക്ഷനായി നിയോഗിച്ചത്. ഈ സംഭവങ്ങളുടെ മാധ്യമ ചര്‍ച്ചകള്‍ ഏതാണ്ട് ഉന്മാദാവസ്ഥയിലെത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ശ്രീ മോഹന്‍ ഭാഗവത് എല്‍.കെ.അദ്വാനിജിക്ക് പാര്‍ട്ടി നേരിടുന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ ഉചിതമായ തീരുമാനമെടുത്ത് താന്‍ ഒഴിയാന്‍ ആഗ്രഹിച്ച പദവികള്‍ വീണ്ടും വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഏത് സ്വയംസേവകനേയും പോലെ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.
ഈ നടപടിയെ ശ്ലാഘിച്ചുകൊണ്ട് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മോഹന്‍ജി ഭാഗവതിന് അയച്ച കത്തും അതിന് മോഹന്‍ജി നല്കിയ മറുപടിക്കത്തും ജന്മഭൂമിയില് വായിക്കുകയുണ്ടായി. മറ്റു മാധ്യമങ്ങള്‍ അത് വാര്‍ത്തയായിപ്പോലും കരുതാതെ തമസ്ക്കരിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ സുവര്‍ണാധ്യായങ്ങള്‍ രചിച്ച അനേകം വിധികളുടെ കര്‍ത്താവും ഏറ്റവും മഹത്തും ബ്രഹത്തുമായ സ്വയം സന്നദ്ധ പ്രസ്ഥാനത്തിന്റെ തലവനും തമ്മില്‍ നടന്ന ഈ ആശയവിനിമയം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. നിയമപരിഷ്ക്കരണ കമ്മീഷന് അധ്യക്ഷന്‍ എന്ന നിലയ്ക്ക് ജസ്റ്റീസ് കൃഷ്ണയ്യര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമഗ്രവും ഇതിഹാസമാനങ്ങളുള്ളതും ആണ്. രാജ്യതാല്‍പ്പര്യങ്ങളെയും ജനതയുടെ ഭാവി ഭദ്രതയെയും മുന്‍നിര്‍ത്തിയാണ് 90 കഴിഞ്ഞ കാലത്ത് ഏതാണ്ട് ഏകനായിത്തന്നെ അദ്ദേഹം അത് പൂര്‍ത്തിയാക്കിയത്. അതേ കാരണം കൊണ്ടുതന്നെ സംഘടിത ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അതിനെ എതിര്‍ക്കുകയും അംഗീകരിക്കുന്നതിന് തടസ്സം നിന്ന് കൃഷ്ണയ്യരുടെ മേല്‍ ഹിന്ദുവര്‍ഗീയത ആരോപിക്കുകയും ചെയ്തു. ഇനി മോഹന്‍ ഭാഗവതിന് കത്തെഴുതിയതിന്റെ പ്രത്യാഘാതമെന്തെന്ന് വരാനിരിക്കുന്നതേയുള്ളൂ. നരേന്ദ്ര മോദിക്കും അദ്ദേഹം എഴുതിയിരുന്നത്രേ. കഴിഞ്ഞ കേരള സന്ദര്‍ശനത്തിനിടെ മോദി ജസ്റ്റിസ് കൃഷ്ണയ്യരെ ചെന്നു കണ്ട് ആശീര്‍വാദങ്ങള്‍ തേടിയതാണ്. ഗുജറാത്തില്‍ ഒരു ഔദ്യോഗിക പരിപാടിക്കു പോയപ്പോള്‍ കേവലമര്യാദയുടെ പേരില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഉപചാരം കാട്ടിയ മന്ത്രി ഷിബു ബേബി ജോണിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം ആവശ്യപ്പെട്ടതും മോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ച ധര്‍മസംഘത്തിന്റെ മഹാപാതകത്തെ അപലപിച്ച് മതിതീരാത്ത മതേതരക്കാരും കൃഷ്ണയ്യരെ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. നൂറാം വയസ്സിലേക്ക് നീങ്ങുന്ന അദ്ദേഹത്തോട് ഒരുപക്ഷേ കരുണ കാണിച്ചേക്കാം.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൃഷ്ണയ്യരോട് പൊറുക്കാന്‍ സാധ്യതയില്ല. 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിച്ച കൃഷ്ണയ്യരെ സിപിഐയുടെ സഹായം തേടിയതിനാല്‍ എതിര്‍ത്ത് തോല്‍പ്പിച്ച് കെട്ടിവെച്ച തുക പോലും കിട്ടാതാക്കിയവരാണ് അവര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ കൃഷ്ണയ്യര്‍ ആഗ്രഹിച്ചപ്പോള്‍ പിന്തുണ കൊടുക്കാന്‍ ഇഎംഎസ് ഉന്നയിച്ച വ്യവസ്ഥ ബിജെപിയുടെ സഹായം തേടരുതെന്നായിരുന്നു. അക്കാര്യം നമ്പൂതിരിപ്പാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചപ്പോള്‍ ബിജെപി നേതാക്കളെ പിന്തുണയ്ക്കായി സമീപിച്ച അയ്യര്‍ അക്കാര്യം പിന്നീട് ഹൃദയവ്യഥയോടെ അവരെ അറിയിച്ചതാണ്.
വി.ആര്.കൃഷ്ണയ്യര്‍ക്ക് സംഘവുമായി ആറുപതിറ്റാണ്ടിലേറെക്കാലത്തെ സമ്പര്‍ക്കവും അടുപ്പവുമുണ്ടെന്ന് എനിക്കറിയാം. 1947-48 കാലത്ത് തലശ്ശേരിയില്‍ പ്രചാരകനായിരുന്ന പി.മാധവജി തന്നെ തന്റെ അനുഭവം എന്നോടു പറഞ്ഞിട്ടുണ്ട്. അക്കാലത്ത് മാധവജി താമസിച്ചു കാര്യാലയംപോലെ ഉപയോഗിച്ചിരുന്ന വീട് തിരുവങ്ങാട്ട്, എ.കെ.എം.രാജാ എന്ന കടത്തനാട്ടെ തമ്പുരാന് തന്റെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാര്‍ഥം താമസിച്ചിരുന്ന വീടായിരുന്നു. എകെഎമ്മിന്റെ കോടതി കാര്യങ്ങള്‍ നോക്കിയത് അന്നവിടെ വക്കീലായിരുന്ന കൃഷ്ണയ്യരും. മാധവജിയും കൃഷ്ണയ്യരും അങ്ങനെ പരിചയമാവുകയും സംഘശിക്ഷാവര്‍ഗിന് പോകാന്‍ ഒരു സ്വയംസേവകന്റെ ചെലവ് കൃഷ്ണയ്യര്‍ നല്‍കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ വധസംഭവത്തെത്തുടര്ന്ന് കമ്മ്യൂണിസ്റ്റുകാര്‍ പ്രകടനമായി തമ്പുരാന്റെ വസതി ആക്രമിച്ച സംഭവവും അക്കാലത്തുണ്ടായി. സംഘര്‍ഷത്തെപ്പറ്റി അറിഞ്ഞ കൃഷ്ണയ്യര്‍ സ്ഥലത്തെത്തി.
അവിടെ ആയുധങ്ങള്‍ തിരഞ്ഞ് അവര്‍ കിണറ്റില്‍ വരെ തപ്പി. ഒടുവില്‍ ഒന്നും കിട്ടിയില്ലെന്ന് സഖാക്കളും, ഒന്നും നഷ്ടപ്പെട്ടില്ലെന്ന് എകെഎമ്മും എഴുതി ഒപ്പിട്ട കടലാസുകള്‍ കൈമാറി. സംഭവം കേസാക്കുകയും എന്‍.ഇ.ബാലറാമിന്റെ നേതൃത്വത്തില്‍ ആക്രമണം സംഘടിപ്പിച്ച് ഒപ്പിട്ടുകൊടുത്തവര്ക്കെല്ലാം തടവുശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. കേസ് വിധി പറഞ്ഞപ്പോള്‍ ബാലറാം ഒളിവിലായിരുന്നു. പാര്‍ട്ടി നിരോധനം നീങ്ങി പുറത്തുവന്നപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടതായും വന്നു. വര്‍ഷങ്ങള്‍ക്കുശേഷം കടത്തനാട്ടെ പുറമേരിയില്‍ താമസിച്ചിരുന്ന തമ്പുരാനെ പോയി കണ്ടപ്പോള്‍ അദ്ദേഹവും ആ സംഭവത്തിനിടെ കൃഷ്ണയ്യര്‍ നല്കിയ ഔചിത്യപൂര്‍ണമായ ഉപദേശത്തെപ്പറ്റി പറഞ്ഞു.
പക്ഷേ അദ്ദേഹം കമ്മ്യൂണിസ്റ്റ് മന്ത്രിയായതും കമ്മ്യൂണിസ്റ്റുകാര്‍ സംഘത്തെ ശാരീരികമായിത്തന്നെ നശിപ്പിക്കാന്‍ വ്യഗ്രത കാട്ടിയപ്പോള്‍ കൃഷ്ണയ്യര്‍ മാര്‍ക്സിസ്റ്റ് ചായ്വ് അവലംബിച്ചതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിക്കവസരം നല്‍കുംവിധം അവരുടെ തെരഞ്ഞെടുപ്പ് കേസിന്റെ അപ്പീലില്‍ വിധി നല്കിയതും സംഘാനുഭാവികള്‍ അദ്ദേഹത്തെ സംശയത്തോടെ വീക്ഷിക്കാന്‍ അവസരമുണ്ടാക്കി. ഒരിക്കല്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച ഒരു ലേഖനം ജന്മഭൂമിയില് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് പത്രാധിപരായിരുന്ന ഈ ലേഖകനെ അദ്ദേഹം ഫോണില്‍ വിളിക്കുകയും പഴയ തലശ്ശേരിക്കാര്യങ്ങളും പരമേശ്വര്‍ജിയുമായുള്ള അടുപ്പവും ദല്‍ഹിയിലെ ദീനദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയതും ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ വിളിച്ചപ്പോഴൊക്കെ ചെന്നതും പറയുകയുണ്ടായി. തന്റെ നിലപാട് എന്നും സ്വതന്ത്രമാണെന്നും അതിന് ഒരിടത്തേക്കും ചായ്വില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നപ്പോള്‍ താനും മറ്റു പ്രമുഖരും ചേര്‍ത്തലയിലെയും തലശ്ശേരിയിലെയും സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വസ്തുതകള്‍ അടങ്ങിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തരികയും ചെയ്തു. താന്‍ മന്ത്രിയായിരുന്ന സമയത്ത് കൊയിലാണ്ടിയിലൂടെ പോകുമ്പോള്‍ ജനസംഘപ്രവര്‍ത്തകനായിരുന്ന കുട്ടിശങ്കരമേനോന്‍ കാറിന് മുമ്പില്‍ ചാടി തടസ്സമുണ്ടാക്കിയതും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ സ്ഫോടകങ്ങളായ സംഭവങ്ങള്‍ക്കുശേഷം അദ്വാനിജി തിരുവനന്തപുരത്ത് സ്വീകരണത്തിനെത്തിയപ്പോള്‍ താമസിച്ചത് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരുന്നു. അടുത്ത മുറിയില്‍ ജസ്റ്റിസ് കൃഷ്ണയ്യരുമുണ്ടായിരുന്നു. അദ്ദേഹം ഏതോ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് വന്നതാണ്. അദ്ദേഹത്തെ മുറിയിലാക്കിയശേഷം ആതിഥേയരൊക്കെ സ്ഥലം വിട്ടു. സ്വാമി ഒറ്റയ്ക്കായി. അപ്പോള്‍ ഞങ്ങള്‍, ഞാനും രാമന് പിള്ളയും അദ്ദേഹത്തെ കണ്ടു സംസാരിച്ചു. അതിനടുത്ത ദിവസം അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായിരുന്നു. സംസാരത്തിനിടെ അദ്വാനിജി അടുത്ത മുറിയിലുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാണാന്‍ താല്‍പ്പര്യമായി. വിവരം അദ്വാനിജിയെ അറിയിച്ച് അദ്ദേഹം പുറപ്പെടാനൊരുങ്ങുമ്പോഴേക്കും കൃഷ്ണയ്യര്‍ വാതില്ക്കലെത്തി. അവര്‍ തമ്മില്‍ അയോധ്യാ സംഭവങ്ങളെപ്പറ്റിയും മറ്റും കുറേ നേരം സംസാരിച്ചു. പ്രധാനമന്ത്രിയും ലഖ്നൗവിലെ മുസ്ലിം നേതാക്കളുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിജി അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നു.
കുരുക്ഷേത്ര മുന്‍കൈയെടുത്ത് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ തുടക്കം മുതല്‍ എല്ലാവിധ സഹകരണവും നല്കി വന്നു. പ്രധാനപ്പെട്ട ദിവസങ്ങളില്‍ നേരിട്ടുവന്ന് ചടങ്ങുകളില്‍ പങ്കെടുക്കുകയും സാന്നിധ്യം കൊണ്ട് അവിടത്തെ മാന്യത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഒരവസരത്തില്‍ അദ്ദേഹത്തിന് അസുഖമായിരുന്നതിനാല്‍ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി ഭാരവാഹികള്‍ സമിതിയില്പ്പെടുത്താതെയും പരിപാടികള്‍ നല്‍കാതെയും നോക്കി. പക്ഷേ പരിപാടിയുടെ വിവരം അറിഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യര്‍ കൃത്യസമയത്ത് സ്ഥലത്തെത്തി. അദ്ദേഹത്തെ ഭാരവാഹികള്‍ വേദിയില്‍ തന്നെ ഇരുത്തി ആദരിച്ചു.സംഘപരിവാറില്‍പ്പെട്ട പലര്‍ക്കും വൈമുഖ്യമുള്ള ആളാണ് ജസ്റ്റിസ് കൃഷ്ണയ്യരെങ്കിലും അദ്ദേഹം കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ സംഘവുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് ഈ ഏറ്റവും അടുത്ത നപടികളില്‍നിന്ന് കൂടി നമുക്ക് അറിയാന്‍ കഴിയുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: