സ്വാഭാവിക ചരിത്രശരീരത്തിന് മേല്‍ കപ്പലോടി വന്ന പറങ്കി സംസ്ക്കാരത്തിന്റെ ദുര്‍മ്മേദസുകള്‍. വാളും പീരങ്കിയും ചതിപ്പോരുമായി അധിനിവേശ തമ്പേറുകള്‍. ലോകത്തിലെ തന്നെ നീണ്ട കോളനിക്കാലം. ഭൂതകാല ആഴങ്ങളില്‍ നിന്നും ഓര്മത്തൊട്ടിയില് കോരിയെടുക്കാന്‍ ചരിത്രങ്ങളേറെയുണ്ട് ഗോവയ്ക്ക്.
മഹാഭാരതത്തോളം പൈതൃകമുള്ള ഗോമന്തകരാജ്യമെന്ന ഗോവ പത്താം നൂറ്റാണ്ടില്‍ ഭരിച്ചിരുന്നത് കദംബ രാജവംശം. അശോക സാമ്രാജ്യത്തിന്റെ തെക്കെ അതിര്‍ത്തി. 450 വര്‍ഷം പോര്‍ച്ചുഗീസുകാര്‍ വാണ ഗോവയെ 1961 ല്‍ ഒപ്പം ചേര്‍ക്കാന്‍ സൈനിക ശക്തി വേണ്ടി വന്നു ഇന്ത്യയ്ക്ക്.
വിസ്തീര്‍ണത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറുതും ജനസംഖ്യയില്‍ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവും. ഈ ചെറുത് പക്ഷേ ഇന്ത്യയ്ക്ക് വിദേശ നാണ്യം നേടിത്തരുന്നതില്‍ ഏറ്റവും വലിപ്പമായിത്തീരുന്നു.
വിനോദസഞ്ചാരം കൊയ്തെടുക്കുന്ന സമ്പത്തിന്റെ കിലുക്കമാണ് ഗോവയുടെ ജീവതാളം. ലോകത്തിലെ ഏറ്റവും മുന്തിയ ബീച്ച് ടൂറിസത്തിലൊന്ന്. സ്വതവേ അതില്‍ മുളച്ചു പൊന്തിപ്പടര്ന്ന ബീച്ച് സംസ്ക്കാരവും. ഗോവ ഒരു മാദകത്തിടമ്പായി തന്റെ കടല്‍ത്തീരത്ത് നനഞ്ഞും കുളിച്ചും കളിച്ചും ഉന്മാദത്തിരയിലലിയാന് സഞ്ചാരികളെ പ്രലോഭിപ്പിച്ച് കൊണ്ടിരിക്കുന്നു.
വെള്ളമണലും കൂറ്റന്‍ പാറകളും സ്വര്‍ണവര്‍ണ മണല്‍ത്തരികളുമായി കൗതുകം തോരണം ചാര്‍ത്തിയ കടല്ത്തിരപതപ്പുമായി ധാരാളം ബീച്ചുകള്‍. പാം മരത്തണലില്‍ കടല്‍ക്കാറ്റ് കൂടുവെക്കുന്ന മിറാമര്‍. സഞ്ചാരികളുടെ സ്വര്‍ഗമെന്നും രാജകുമാരിയെന്നും പേരുള്ള കലാന്‍ഗൂട്ട്. പാശ്ചാത്യ സംസ്ക്കാര സങ്കലനവും മത്സ്യബന്ധനവും സൂര്യസ്നാനവും രാത്രിഗോവ എന്ന അപരനാമവുമായ ബാഗ. പാട്ടും നൃത്തവും ആരവവുമായി യുവത്വം ആഘോഷമാക്കുന്ന അഞ്ജുന.
ഒപ്പിയെടുത്താലും ക്യാമറ മോഹങ്ങള്‍ ബാക്കിയാവുന്ന വഗേറ്റര്‍. യോഗയും ധ്യാനവും കായികാഭ്യാസവുമായി വിദേശിപ്പറുദീസയായ ഹര്‍മാല്‍. അങ്ങനെ സവിശേഷതകള്‍ മുദ്ര ചാര്‍ത്തിയ ബീച്ചുകളുടെ നിര. കടലില്‍ മുങ്ങിക്കുളിപ്പിച്ച് സുഖിപ്പിച്ചു തല തോര്‍ത്തിയെടുക്കുന്ന ഓരോ ബീച്ചിലും സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍. ലോകത്തിന്റെ ചെറു ഭൂപടം. വസ്ത്രക്കുറവില് ശരീരവടിവുകളും ദുര്മേദസുപോലും മറന്ന് നീന്തിയും കുളിച്ചും ചുമ്മാ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവര്‍.
കടല്‍ക്കുളിയില്‍ ആരും ആരേയും ശ്രദ്ധിക്കുന്നില്ല. നാണവും മാനവും നോക്കാത്ത ഒത്തൊരുമ! അതെല്ലാം കണ്ട് മൂക്കില്‍ വിരല്‍ വെച്ച് ആശ്ചര്യപ്പെടുന്നു മലയാളി. ഒരുപക്ഷെ ദേഹമാസകലം മൂടിപ്പുതച്ചും ബീച്ചില്‍ നനയുന്നതും മലയാളി മാത്രമാകും. ഇത്തരം പ്രത്യേകതകള്‍ കൊണ്ട് ഗോവയിലെവിടെയും പെട്ടെന്ന് തിരിച്ചറിയുന്നതും കേരളീയനെയാണ്. ശാന്തമായ കടല്‍ത്തീരത്തില്‍ ദേശവും കാലവും മറന്ന് കുത്തിമറിയുകയാണ് പുരുഷാരം. പ്രായവും തീണ്ടാത്തപോലെ. ആറുകാരന് തൊട്ട് എണ്പതുകാരന് വരെ സമുദ്രസ്നാനത്തില്‍.
ബീച്ചും മദ്യവും നൃത്തവുമായി സ്വാതന്ത്ര്യത്തിന്റെ ‘എന്തു’മാകാവുന്ന അതിരില്ലായ്മകള്‍ ചിലപ്പോള്‍ ഗോവയിലുണ്ടെന്ന് തോന്നാം. പാശ്ചാത്യം നുണഞ്ഞ് നിര്‍ലജ്ജ അനാവൃതമാകുന്ന ഇത്തിരി വസ്ത്രങ്ങളുടെ ധാരാളിത്തത്തില്‍ ശരീര കാമനകളുടെ തീച്ചൂടിറക്കിവെക്കാവുന്ന കുളിര് തട്ടകമായി ഈ നാടിനെ കാണുന്നവര്‍ വിദേശികള്‍ക്കൊപ്പം സ്വദേശികളുമുണ്ട്.
സുരക്ഷിതത്വത്തിന്റെ ജാഗ്രതയും മുന്നറിയിപ്പുമായി ലൈഫ് ഗാര്‍ഡുകള്‍ എപ്പോഴുമുണ്ട് കടല്‍ത്തീരത്ത്. മദ്യച്ചൊരുക്കിലും ആവേശത്തിലും അതിര്‍ത്തി കടക്കാതിരിക്കാന്‍ കടല്‍ക്കരയിലൂടെ ജീപ്പ്പോടിച്ച് മാറുന്ന കടല്‍ സ്വഭാവത്തെക്കുറിച്ച് ഇവര്‍ താക്കീത് നല്കുന്നു.
ബോട്ടിംഗില്ലെങ്കില് എന്ത് വിനോദമെന്ന് പറയുന്നവര്‍ക്ക് തകര്‍പ്പന്‍ അനുഭവമാകും ഗോവ. ഈ കമ്പം കേറി അഞ്ചാറു വരികളിലായി ടിക്കേറ്റ്ടുക്കാന്‍ എത്ര നേരവും കാത്തുകെട്ടിക്കിടക്കാനും ആള്‍ക്കാര്‍ക്ക് മടിയില്ല. സീറ്റൊന്നിന് ഇരുന്നൂറുരൂപ. പത്തഞ്ഞൂറ് പേര് കയറും. പറഞ്ഞു വരുമ്പോള്‍ ബോട്ടല്ല, ചെറുകപ്പല്‍ തന്നെ. സ്വാഗതമായി ഗുജറാത്തി പാട്ടും നൃത്തവും ഇടയ്ക്ക് യാത്രക്കാരെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. അവരുടെ ആട്ടവും പാട്ടും. വീണ്ടും ഗുജറാത്തി നൃത്തം. തിന്നാനും കുടിക്കാനുമുള്ള റെസ്റ്റൊറന്റുകള്‍ അകത്തുതന്നെയുണ്ട്. ജലയാത്രയുടെ മുക്കാല്‍ മണിക്കൂര്‍ കടന്നുപോകുന്നതറിയുകയേയില്ല. ഡോള്‍ഫിന്‍ പോയിന്റിലേക്കുമാകാം യാത്ര. മനോഹരമായ കടല്‍ നിരപ്പില്‍ കുത്തിമറിയുന്ന ഡോള്‍ഫിന്‍ കളികള്‍ കാണാം. സാഹസിക മാനമുള്ള യാത്രയായതുകൊണ്ടാവാം കേട്ടാല്‍ നെറ്റി ചുളിയുന്ന ടിക്കറ്റ് നിരക്കാണിതിന്.
സംസ്ഥാനത്തിന് പണവും ഗോവ്നികള്‍ക്ക് അന്നവും നല്‍കുന്നത് ടൂറിസമാകുമ്പോള്‍ കുറച്ചൊക്കെ തട്ടിപ്പും വെട്ടിപ്പും സ്വാഭാവികമെന്നാവാം ഇവിടത്തെ ന്യായം. അതുകൊണ്ടാണ് ഒരു തോര്ത്തിന് ആദ്യം ഇരുന്നൂറ് രൂപ പറയുന്നത്. ഒന്നിരുത്തി ചോദിച്ചാല്‍ പെട്ടെന്ന് നൂറ് കുറയും. ഒരു റെസ്റ്റൊറന്റില്‍ തന്നെ ചായയ്ക്ക് ഇരുപതും അറുപതും രൂപ. ഒന്നു തുടച്ച് ഒന്നു വിരിച്ച് കടലുകണ്ട് ചരിഞ്ഞു കിടക്കാനാകുന്ന ബെഡ്ഡുകള്‍ നൂറ് കണക്കിന്. മണിക്കൂറിന് നൂറ് രൂപ. കൂടെ ആളെ ഇരുത്തി കടല്‍ത്തിരകളെ പായും പുലിപോലെ മുറിച്ചുകടക്കുന്ന വാട്ടര്‍ സ്കൂട്ടറുകള്. അഞ്ചെട്ടാളുകളെ കയറ്റി കടലു കാണിക്കുന്ന കൊച്ചു ബോട്ടുകള്‍. ബീച്ചിലെ ഓരോ റെസ്റ്റൊറന്റിലുമുണ്ട് ഒരുപോലെ ചായയും മദ്യവും. കാശെറിഞ്ഞ് സുഖിക്കാന്‍ വരുന്നവരാണ് സഞ്ചാരികളെന്നു വിചാരിക്കുന്ന ഗോവ്നികള്‍ക്ക് പണമുണ്ടാക്കാനുള്ള അഭ്യാസങ്ങള്‍ നന്നായറിയാം.
നോക്കുമ്പോള്‍ കാഴ്ച്ചയ്ക്കപ്പുറം പുഴയോ കടലോ ഉണ്ടെന്ന് തോന്നുന്ന അന്തരീക്ഷ മ്ലാനത ഗോവയില്‍ പലയിടത്തുമുണ്ട്. നനവ് പടര്‍ച്ചപോലെ ആകാശം. യാത്രക്കിടയില്‍ തനി കണ്ണൂരെന്നോ ഫോര്ട്ടുകൊച്ചിയെന്നോ തോന്നിപ്പോകുന്ന സ്ഥലങ്ങള്‍. ഒന്നു കണ്ണടച്ചു തുറക്കുമ്പോള്‍ കേരളത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സംശയിച്ചാലും കുറ്റം പറയാനാവില്ല. ചില ഗോവന്‍ പ്രദേശങ്ങള്‍ തനി മലയാളക്കരപോലെ. പക്ഷേ മൂന്നാറും വയനാടും കണ്ട് ഉള്ളില്‍ മല വളര്‍ത്തിയ മലയാളിക്ക് പൊക്കം കുറഞ്ഞ കല്‍പ്പൊടി മലകളും മറ്റും കാണുമ്പോള്‍ ഒട്ടുപോരെന്നാവും.
ടൂറിസം അനുഗ്രഹമാകുമ്പോള്‍ അതിനെ പിന്‍പറ്റുന്ന ശാപങ്ങളുമുണ്ട് ഗോവയ്ക്ക്. സഞ്ചാരികള്‍ക്ക് ‘സ്വര്‍ഗം’ തുറക്കുന്ന ഈ നാട് പക്ഷെ അതെല്ലാം ക്ഷമിക്കുന്നു. സഹിക്കുന്നു. വലിപ്പച്ചെറുപ്പങ്ങളും ജാതിവ്യത്യാസങ്ങളുമില്ലാതെ വന്‍ ചെറുകിട-കൊച്ചു കച്ചവടങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്നവരെ കാണാം.
നിരത്തിനോരത്തെ പെട്ടിക്കടകളില്‍ ബാര്‍ കം റെസ്റ്റൊറന്റായി പുതു പരിഷ്ക്കാരം നുരയുമ്പോള്‍. നീണ്ടുനിവര്‍ന്നു കിടക്കാനാകാത്ത കുടിലുകളില്‍ ജീവിത പരിഷ്ക്കാരങ്ങളില്ലാതെ നരകിക്കുന്ന തദ്ദേശിയര്‍ കാഴ്ച സങ്കടങ്ങളുടെ കൂമ്പാരമാണ്. ലോകത്തെവിടെയും പാവപ്പെട്ടവന്റെ ദുരിതത്തില്‍ മുക്കിപ്പൊരിച്ച ജീവിതത്തിന് ഒരേ സ്വഭാവം. സഞ്ചാരികളുടെ ഓട്ടപ്പാച്ചിലിനിടയില്‍ ഒന്നുനിര്ത്തിയാലോയെന്നാഗ്രഹിച്ച് കുറച്ച് മാങ്ങയും ഇത്തിരി കരിക്കും മറ്റുമായി കാത്തിരിക്കുന്ന പാവങ്ങള്‍.
പഴമയും പുതുമയും സങ്കരമായ കാഴ്ച എവിടെയുമുണ്ട് ഗോവയില്‍. തനതു ശൈലിയുടെ സൗന്ദര്യം വേറെ. ചരിത്രം കാറ്റൂതിപ്പോയ ഇന്നലെകളുടെ പിടച്ചിലുകള്‍ പോര്‍ച്ചുഗീസ് സംസ്ക്കാരത്തിന്റെ അവശേഷിപ്പുകളില്‍ കേള്‍ക്കാം. വെള്ള തേച്ച പള്ളികള്‍, കാവിനിറമാര്‍ന്ന ക്ഷേത്രങ്ങള്‍, തിയറ്ററുകള്‍, മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങിയ കാഴ്ച വിതാനങ്ങളനേകം. ഭൂതകാലം ഘനീഭവിച്ച ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള് അറിയാതെ ചുരുണ്ടുകൂടുന്ന അന്തരീക്ഷ പിന്നാമ്പുറത്തിന് പഴങ്കാലമണം.
ജസ്യൂട്ട് വാസ്തുവിദ്യയില്‍ തീര്‍ത്ത കാസാ പ്രൊഫസ്സാ ബോം ജീസസ് കത്തീഡ്രല്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ശവശരീരം ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഗോവയിലെത്തിയ ഫ്രാന്‍സിസ് സേവ്യറിന്റെ കേടുകൂടാതെ സൂക്ഷിക്കുന്ന മൃതദേഹം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുറത്തെടുത്തു പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത്തരമൊരു വേളയില്‍ കടുത്തൊരു വിശ്വാസി കാല് വിരല്‍ കടിച്ചു മുറിച്ച് കഴിച്ചെന്നും പറയപ്പെടുന്നു.
കത്തീഡ്രലിന്റെ ബൃഹദ് പരിസരം ഏകാന്തതയുടെ കളിത്തട്ടുപോലെ. ഇവിടെ നില്ക്കുമ്പോള് അറിയാത്ത ചരിത്രത്തിന്റെ പിന്‍വാതിലുകള്‍ തേടി സഞ്ചാരിയുടെ മനസ്സ് ചിറകടിച്ചു പോകാം. പള്ളിപ്പരിസരത്തിനപ്പുറം ഏക്കറുകളില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ മ്യൂസിയം. ചരിത്രപ്പഴക്കംകൊണ്ടലങ്കരിക്കപ്പെട്ട ഈ കെട്ടിടം പണ്ട് ബിഷപ്സ് ഹൗസായിരുന്നു. രണ്ടു സ്ഥലങ്ങള്‍ക്കിടയില്‍ തിരക്കില്ലാത്ത റോഡുകള്‍. തലയ്ക്കുമുകളില്‍ തടസമില്ലാതെ ആകാശം വലിപ്പത്തില്‍ കാണുന്നത് ഗോവയില്‍ ഒരുപക്ഷെ ഇവിടെ മാത്രമാകും.
പോണ്ട ഗോവയുടെ ഗ്രാമീണതയില്‍ ഭക്തിസാന്ദ്രമായ ധന്യതയാണ് ശ്രീശാന്തി ദുര്‍ഗാ ടെമ്പിള്‍. പേരുപോലെ ശാന്തിയുടെ ഇരിപ്പിടം. മുമ്പില്‍ വലിയ കുളത്തോടുകൂടി ഈ ക്ഷേത്രത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കുണ്ട്. കാവിച്ചായം പൂശി മനോഹരമായ ഈ ക്ഷേത്രാന്തരീക്ഷത്തില്‍ പുറംലോകം മറന്ന് ധ്യാനത്തിലിരുന്നുപോകാം. ചെറു പഴവും ജമന്തിമാലയും മറ്റുമടങ്ങിയതാണ് ഇവിടുത്തെ വഴിപാട്. തൊട്ടടുത്ത ചെറുകടകളിലും ക്ഷേത്ര ഗോപുരവാതില്‍ക്കലും ഇതുമായി ഭക്തരെ കാത്തിരിക്കുന്ന ഗ്രാമീണരെ കാണാം. സമ്പന്ന മികവില്‍ ഗോവ തുടര്‍ വളര്‍ച്ച നേടുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയും ജനസഹകരണവും ഒന്നിച്ചുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ മാത്രമല്ല ഗോവ മാതൃകയാകുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയ്ക്കു തന്നെ റോള്‍ മോഡലാക്കാം ഈ നാടിനെ, കേരളത്തിന് പ്രത്യേകിച്ചും. നൂറു കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചിട്ടും മാലിന്യത്തിന്റെ തരിമ്പും കണ്ടില്ല. പാഴായിക്കിടക്കുന്ന ഒരു തുണ്ടു കടലാസു പോലുമില്ലാത്ത നിരത്തുകള്‍. ശുദ്ധസ്ഫടികംപോലെ കടലും പുഴയും. എവിടെയും കണ്ട പച്ചപ്പ് പരിസ്ഥിതി ജാഗ്രതയുടെ നിറനനവാണ്. യാത്രപോയ ടൂര്‍ ബസില്‍നിന്ന് ഒരു കുട്ടി അറിയാതെ വലിച്ചെറിഞ്ഞ ബിസ്ക്കറ്റ് കവര്‍ കണ്ട് തദ്ദേശീയരുണ്ടാക്കിയ ഒച്ചപ്പാട് ചില്ലറയല്ല. സ്വന്തം നാട്ടില്‍ മൂക്കുപൊത്താതെ നടക്കാന്‍ ഇടമില്ലാത്ത മലയാളിക്ക് ഇതൊക്കെ നടുക്കുന്ന ആശ്ചര്യമാണ്. നമ്മുടെ വിളപ്പില്ശാലയെക്കുറിച്ച് കേട്ടാല്‍ ഏത് നൂറ്റാണ്ടിലാണ് കേരളമെന്ന് ചോദിക്കും ഗോവക്കാര്‍.
ദിവസങ്ങള്‍ യാത്ര ചെയ്തിട്ടും ഒരിടത്തും ട്രാഫിക് ജാം കിട്ടിയില്ല. അങ്ങനെയുള്ളിടമുണ്ടാകാം. ഒച്ചിഴയും പോലെ വണ്ടി നീങ്ങി ജീവിതം വഴിമുട്ടുന്ന കൊച്ചിക്ക് ഗോവന്‍ നിരത്തുകള്‍ വിസ്മയം.
കടല്‍ത്തിരകളുടെ നനവുകൊണ്ടെഴുതിയ ലഹരി നുരയുടെ കവിതയാണ് ഗോവയെന്ന് ചെറുപ്പത്തിന് പറയാം. കാതോര്‍ത്താല്‍ അമര്‍ത്തിയ തേങ്ങലുകളുടെ ചിറകടികള്‍ കേള്‍ക്കാമെന്ന് ചരിത്രവും പറയുന്നു. അതെ, ക്രൂര മതപീഡനങ്ങളാല്‍ കൂട്ട പലായനം ചെയ്തവരുടെ സങ്കടക്കടല്‍ ഇപ്പോഴും തിരയടിക്കുന്നുണ്ട് ഗോവയില്‍.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: