കലകള്‍ കാഴ്ചഭംഗിയോടെ വിളഞ്ഞുനില്‍ക്കുന്ന കേരളം അതിശയിപ്പിക്കുന്ന കലാഭൂമി തന്നെ. കാഴ്ച്ചയുടെയും കേള്‍വിയുടെയും അനുഭവം പകരുന്ന നിരവധി ക്ഷേത്രകലകള്‍ നമുക്കുണ്ട്. അനുഷ്ഠിച്ചും പ്രോത്സാഹിപ്പിച്ചും ഈ കലകളെ വളര്‍ത്തിയവരും അനേകരാണ്. പുകള്‍പെറ്റ പൂമുള്ളി മനയിലെ നിരവധി കെട്ടിടങ്ങളില്‍ ഒന്നില്‍ ഒരു നാടകസംഘത്തെ വളര്‍ത്തിയിരുന്നു. നാട്ടിലെ മിടുക്കന്മാരെ പങ്കെടുപ്പിച്ച് പാടി അഭിനയിക്കുന്ന പുരാണ നാടകങ്ങളാണ് അവതരിപ്പിച്ചിരുന്നത്. അവിടെനിന്നും ശ്രദ്ധേയനായ ഒരു ബാലനെ ക്രാന്തദര്‍ശിയായ ആറാം തമ്പുരാന് കലാമണ്ഡലത്തിലേക്കയക്കാന് നിശ്ചയിച്ചു. സ്കൂളില്‍ ഫീസടച്ച് പഠിക്കാന്‍ ഗതിമുട്ടിനിന്ന സുബ്രഹ്മണ്യന് അങ്ങനെ കലാമണ്ഡലത്തില്‍ കഥകളി സംഗീത വിദ്യാര്‍ത്ഥിയായി.
പില്ക്കാലത്ത് സംഗീതത്തില്‍ പ്രശസ്തരായവരുടെ നീണ്ട നിര പഠനം തകൃതിയായി നടത്തുന്ന കാലം. ശങ്കരന് എമ്പ്രാന്തിരി, ഹൈദരാലി, തിരൂര്‍ നമ്പീശന്, മാടമ്പി തുടങ്ങിയവര്‍ക്കൊപ്പം ജൂനിയറായി വി.സുബ്രഹ്മണ്യനും ചേര്‍ന്നു. കഥകളി ആസ്വാദകരില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ തക്കശേഷിയുള്ളവരായിരുന്നു ഈ പ്രതിഭകള്‍.
1958 ല്‍ 13-ാം വയസ്സിലാണ് കലാമണ്ഡലത്തില്‍ പെരിങ്ങോട്ട് നിന്നും വട്ടേക്കാട്ട് വീട്ടിലെ വി.സുബ്രഹ്മണ്യന് പാട്ടു പഠിക്കാന്‍ എത്തിച്ചേരുന്നത്. എട്ട് വര്‍ഷമായിരുന്നു പഠനകാലം. താമസിയാതെ ആറ് മാസത്തേയ്ക്ക് അവിടെ അധ്യാപകനായി. തുടര്‍ന്ന് മദിരാശിയിലെ അഡയാര്‍ കലാക്ഷേത്രത്തില്‍ കഥകളി സംഘത്തിലെ അംഗമായി. നാലുകൊല്ലക്കാലം അവിടെ ചേര്‍ന്നത് സുബ്രഹ്മണ്യന് തന്റെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ അവസരമൊരുക്കി.
എം.ഡി.രാമനാഥനെന്ന കര്‍ണാടക സംഗീതപ്രതിഭയുടെ ക്ലാസിലും മധുരൈ മണി അയ്യര്‍ തുറയൂര്‍ രാജഗോപാല ശര്‍മ എന്നിവരുടെ ശിക്ഷണവും വേണ്ടുവോളം ലഭിച്ചു. തന്നെയുമല്ല ആ ഭാഗത്ത് നടന്നിരുന്ന സംഗീത കച്ചേരികളേയും ആസ്വദിക്കാനായി. അവിടെനിന്നും ദര്പ്പണിയിലും തുടര്‍ന്ന് പേരൂര്‍ ഗാന്ധി സേവാ സദനത്തിലും നാലുവര്‍ഷം ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലും അധ്യാപകനായി. ഇക്കാലയളവിലെല്ലാം കഥകളി സംഗീതരംഗത്തെ സാമ്രാട്ടുകളായ നീലകണ്ഠന് നമ്പീശന്, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, ഗംഗാധരന്, നെടുങ്ങാടി, എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയവരോടൊപ്പം അരങ്ങിന്റെ കൂട്ടാളിയായി. സംഗീതത്തിലെ മഹദ് പ്രതിഭയായ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ശാരീരത്തേയും പിന്പറ്റാനിടവന്നു.
കഴിഞ്ഞ ദശകത്തില്‍ ഒട്ടേറെ ധിഷണാശാലികളായ സംഗീതജ്ഞര്‍ കഥകളി അരങ്ങില്‍ നിന്നൊഴിഞ്ഞു. ഏറെ വേദനിപ്പിക്കുന്ന സംഭവമായി എങ്കിലും പുതിയ തലമുറക്കാരും അരങ്ങിനെ പൂര്‍ണതയിലേയ്ക്ക് നയിക്കുന്നുണ്ട് എന്നതും ആശാവഹമാണെന്ന് സുബ്രഹ്മണ്യന് പറയുന്നു. ക്ലാസിക്കല്‍ സംഗീതത്തെ അടുത്തറിഞ്ഞവരായ ഇവരുടെ വരവില്‍ ശൈലിക്ക് മാറ്റം വരുന്നുണ്ടെന്നതും ഓര്‍മിപ്പിക്കാതിരുന്നില്ല.
തെക്കന്‍ കേരളത്തിലെ കളിയരങ്ങിലെ നിറസാന്നിദ്ധ്യങ്ങളായ മാങ്കുളം, കുട്ടപ്പക്കുറുപ്പ് എന്നിവരെപ്പറ്റി പറയുമ്പോള്‍ നിര്‍ത്താതെ ഇദ്ദേഹം സംസാരിക്കും. മാങ്കുളവും ഒന്നിച്ച് ഏറെ വേദികള്‍ പങ്കിട്ടതിന്റെ അനുഭവം മറക്കാനാകാത്തതെന്ന് പറയും. പാട്ടിന്റേയും കൊട്ടിന്റേയും രംഗാവതരണത്തില്‍ ശ്രദ്ധിക്കേണ്ടവയെപ്പറ്റി അദ്ദേഹത്തിന് നല്ല ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. നല്ല ശാസനയും ഉപദേശവും മടിയാതെ പകര്‍ന്നു നല്‍കും. ഇത് പില്ക്കാലത്ത് ഗുണപ്രദം ആയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്.
കഥകളിയെ ഏറെ ആരാധനയോടെ കൊണ്ടു നടന്ന മഹാത്മാക്കളായ ആശാന്മാര് നിറഞ്ഞ സുവര്‍ണ കാലത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി എന്നത് ജീവിതത്തിലെ ധന്യമായ അനുഭവം എന്ന് ഈ പ്രതിഭ തുറന്ന് പറയുന്നു. വള്ളുവനാടന്‍ സംസ്ക്കാരത്തിലെ കലയുമായി കുട്ടിക്കാലം അടുത്തറിഞ്ഞ കലാമണ്ഡലം സുബ്രഹ്മണ്യന്റെ കഴിവിനെ വിലയിരുത്തി സംഗീത നാടക അക്കാദമി 2012 ല്‍ ആദരിച്ചു. കേരള കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളും ഇരിങ്ങാലക്കുട കഥകളി ക്ലബും തുടങ്ങിയ കഥകളിയെ സ്നേഹിക്കുന്ന സംഘടനകളും ഈ കലാകാരനെ വേണ്ടവിധം ബഹുമാനിച്ചിട്ടുണ്ട്.
വിശിഷ്ടമായ അവതരണ ഭംഗിയാല്‍ ഇന്നും വിശ്രമിക്കാന്‍ അവസരമില്ല. പഠിപ്പിച്ചും അരങ്ങില്‍ പാടിയും തന്നെയുമല്ല സ്വയം പഠിക്കാനും പ്രത്യേക ശ്രദ്ധ ഇദ്ദേഹം വയ്ക്കുന്നുണ്ട്. കലയെ സ്നേഹത്തോടെ കണ്ട അമ്മയാണ് ഈ കലാകാരന്റെ വളര്‍ച്ചക്ക് മുഖ്യ ഹേതു. പിന്നെ കലയേയും കലാകാരന്മാരേയും വളര്‍ത്തുന്ന പെരിങ്ങോട് ഗ്രാമത്തിന്റെ പൈതൃക നിധിയായ പൂമുള്ളി മനയും.
വട്ടേക്കാട്ട് കാര്‍ത്യായനി അമ്മയാണ് മാതാവ്. പോസ്റ്റ് മാഷായിരുന്ന ഗോവിന്ദന് നായരാണ് അച്ഛന്. ബിഎസ്എന്‍എല്‍- ല്‍ നിന്നും വിരമിച്ച രാധയാണ് ഭാര്യ. ഓട്ടന്തുള്ളല് കലയഭ്യസിച്ച് സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ രംഗത്ത് നിരവധി സമ്മാനങ്ങള്‍ നേടിയ സംഗീത മകളുമാണ്. കലാമണ്ഡലം സരോജിനിയില്നിന്നുമാണ് സംഗീത ഓട്ടന്‍ തുള്ളലിനെ അടുത്തറിഞ്ഞത്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: