മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഇന്നലെ യുവതി കന്നി പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ക്ക് ജന്മം നല്കി. മഞ്ചേരി വെള്ളുവങ്ങാട് വടക്കാങ്ങര സുകുമാരന്റെ ഭാര്യ ഒലിപ്പുഴ സുചിത്ര (22) ആണ് ജനറല്‍ ആശുപത്രി ചരിത്രത്തിലെ ആദ്യ സയാമീസ് ഇരട്ടകളെ പ്രസവിച്ചത്. ഇന്നലെ രാവിലെ 8.55നായിരുന്നു പ്രസവം. ജനറല്‍ ആശുപത്രിയിലെ ലേബര്റൂമില് ഡോക്ടര്‍മാരായ രമാദേവി, നസ്റീന് എന്നിവരുടെ മേല്‍നോട്ടത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് 3.8 കിലോ തൂക്കമുണ്ടെങ്കിലും സിസേറിയന് ആവശ്യമായി വന്നില്ല. നടുഭാഗത്ത് ഒട്ടിച്ചേര്‍ന്ന നിലയിലുള്ള നവജാത ശിശുക്കളുടെ തലകള്‍ രണ്ടും എതിര്‍ദിശയിലാണ്. കൈകള്‍ സാധാരണ നിലയിലാണെങ്കിലും കാലുകള്‍ മദ്ധ്യഭാഗത്തു നിന്നും ഇരുവശങ്ങളിലേക്കാണ്. ഒന്ന് പെണ്‍കുഞ്ഞാണെങ്കിലും രണ്ടാമത്തെ കുട്ടിയുടെ ലിംഗ നിര്‍ണ്ണയം സാദ്ധ്യമായിട്ടില്ല. എ പോസിറ്റീവ് രക്തഗ്രൂപ്പില്‍ പെട്ട കുഞ്ഞുങ്ങളില്‍ ഒരാള്‍ കരയുന്നുണ്ട്. വിദഗ്ദപരിശോധനക്കും ചികിത്സക്കുമായി ഇരട്ടകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മാതാവിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: