പറവൂര്‍: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 47 അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് ഇനി കളിയൂഞ്ഞാലിന്റെ ആനന്ദവും. അംഗന്‍വാടികള്‍ക്ക് കളിയൂഞ്ഞാല് സ്ഥാപിക്കുന്നതിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഏഴിക്കര ഗ്രാമ പഞ്ചായത്തില്‍ നെട്ടായിക്കോട് 94-ാം അംഗന്‍വാടിയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥമേനോന് നിര്‍വഹിച്ചു.
2012- 13 സാമ്പത്തിക വര്‍ഷം ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേണ്ടമംഗലം, കോട്ടുവള്ളി ഗ്രാമ പഞ്ചായത്തുകളിലെ 47 അംഗന്‍വാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അംഗന്‍വാടികള്‍ക്ക് കളിയൂഞ്ഞാല് പദ്ധതി ആരംഭിക്കുന്നതിന് 339280 രൂപയാണ് മാറ്റിവെച്ചിരുന്നത്. ബാക്കിയുള്ള എല്ലാ അംഗന്‍വാടികളിലും ഈ വര്‍ഷം കളിയൂഞ്ഞാല് പദ്ധതി നടപ്പാക്കും. കുട്ടികളുടെ കളി ചിരികളാണ് അവരുടെ മാനസിക ശാരീരിക വികാസങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം ആരംഭിക്കും.
ഇതിനായി ബ്ലോക്കിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഓരോ വീട്ടില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം.രാജഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: