കോഴിക്കോട്: പ്രളയതീരത്ത് നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹത്താല്‍. ബദരീനാഥ്-കേദാര്‍നാഥ് യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകരുടേതാണ് ഈ വാക്കുകള്‍. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ പ്രളയവാര്‍ത്തകള്‍ കോഴിക്കോട് എത്തിയ ഈ തീര്‍ത്ഥാടക സംഘത്തില്‍പെട്ടവരെ തളര്‍ത്തുന്നില്ല. കാരണം ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്കും സംഭവിച്ചുപോകാമായിരുന്ന ദുരന്തമായിരുന്നു അത്. ദൈവാനുഗ്രഹംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് യാത്രസംഘത്തിലെ അംഗങ്ങളായ കക്കോടി സ്വദേശി ഒഴോത്ത് രവീന്ദ്രനും മണ്ടിലേടത്ത് രഘുവീറും ഭാര്യ രേഷ്മയും പറയുന്നു. തങ്ങള്‍ക്കു മുമ്പിലൂടെ കടന്നുവന്ന പാലം ഒഴുകിപ്പോകുന്നതും തലേദിവസം താമസിച്ച കെട്ടിടം പ്രളയത്തില്‍ ഒലിച്ച് പോയതും കണ്ടത് ഇവര്‍ ഭീതിയോടെയാണ് ഓര്‍ക്കുന്നത്.
ജൂണ്‍ ആറിനാണ് ഇവര്‍ അടങ്ങുന്ന വടക്കുമ്പാട്ട് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗായത്രി ട്രാവല്‍സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നിന്ന് തീര്‍ത്ഥയാത്ര പുറപ്പെടുന്നത്. 21 പുരുഷന്മാരും 19 സ്ത്രീകളുമായിരുന്നു സംഘത്തില്‍. 10ന് ഹിമാലയത്തില്‍ കയറുമ്പോള്‍ തന്നെ സ്ഥലത്ത് ശക്തമായ പേമാരിയായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. 16നാണ് ഹിമാലയത്തില്‍നിന്ന് തിരിച്ചിറങ്ങുന്നത്. രുദ്രപ്രയാഗില്‍ എത്തിയപ്പോള്‍ കനത്ത പേമാരിയില്‍ കെട്ടിടങ്ങള്‍ അടക്കമുള്ളവ തകരുന്നതാണ് കണ്ടത്. സൈനികര്‍ നിര്‍മ്മിച്ച റോഡിലൂടെയാണ് ഇവരടങ്ങിയ സംഘം യാത്രചെയ്തത്. തലേദിവസം താമിച്ച കേദാര്‍നാഥിലെ ഹോട്ടല്‍ നിലംപൊത്തിയതും ഇവര്‍ കണ്ടു. അല്പസമയത്തിനകം സൈനികര്‍ വെട്ടിയ താല്‍ക്കാലിക റോഡും വെള്ളം ഒഴുക്കിക്കൊണ്ടുപോയി. 16ന് ഹരിദ്വാറില്‍ സൈനികര്‍ക്കൊപ്പം അവരുടെ നിര്ദ്ദേശങ്ങള്ക്കനുസരിച്ചായിരുന്നു താമസം. 40 പേരടങ്ങുന്ന സംഘത്തിന് സംരക്ഷണം ഒരുക്കുകയായിരുന്നു സൈനികര്‍. പലരും പ്രളയത്തില്‍ കുടുങ്ങിയതായി വിവരം കിട്ടിയിരുന്നു. എന്നാല്‍ ഭീകരത ഇത്രയധികമുണ്ടെന്ന് അറിയുന്നത് കോഴിക്കോട് എത്തിയപ്പോഴാണ്. 17ന് രാവിലെ ഹരിദ്വാറില്‍ നിന്ന് യാത്രതിരിച്ച സംഘം ഇന്നലെ രാവിലെ കൊച്ചുവേളി-ഡെറാഡൂണ്‍ തീവണ്ടിയിലാണ് കോഴിക്കോട്ട് എത്തിയത്. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: