കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ അങ്കം. രണ്ടാം സെമിഫൈനലില്‍ മല്ലിടുന്നത് ടീം ഇന്ത്യയും ലങ്കന്‍ സിംഹങ്ങളും. ഉജ്ജ്വല ഫോമിലുള്ള ഇരു ടീമുകളും തമ്മിലെ മുഖാമുഖം തീപാറുമെന്നതില്‍ സംശയമില്ല.
ഗ്രൂപ്പ് ബിയിലെ എല്ലാ മത്സരങ്ങളിലും ഏറെക്കുറെ ആധികാരികമായി ജയിച്ചാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും അവസാന നാലിലെത്തിയത്. ബാറ്റിങ് സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തവണയും ഇന്ത്യയുടെ തുറപ്പുചീട്ടുകള്‍. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഫോം തെളിയിച്ചുകഴിഞ്ഞു. വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക് , ധോണി എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര ഏതെതിരാളിയെയും അങ്കലാപ്പിലാക്കും. രവീന്ദ്ര ജഡേജയുടെ ഓള് റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ഇന്ത്യ അക്ഷാര്‍ഥത്തില്‍ വിജയികളുടെ സംഘമാകുന്നു. ഇന്ത്യന്‍ ബൗളര്‍മാരും ഇതുവരെ മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്ത്. ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഇഷാന്ത് ശര്‍മയുമെല്ലാം എതിരാളികളുടെ ബഹുമാനം പതിവില്‍ക്കൂടുതല്‍ നേടിയെടുത്തുകഴിഞ്ഞു. ആര്. അശ്വിന്റെയും ജഡേജയുടെയും കൃത്യതയും കൗശലവും ചാലിച്ച പന്തുകളും കലാശക്കളത്തിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നു.
മറുവശത്ത് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ലങ്ക. നിര്‍ണായക അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയ സിംഹളവീരര്‍ മനോബലം അല്‍പ്പം കൂട്ടുകയും ചെയ്തു. സന്നാഹക്കളിയില് ഇന്ത്യയോടേറ്റ തോല്‍വി കണക്കിലെടുക്കുന്നില്ലെന്ന മഹേല ജയവര്‍ധനയുടെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു.
പരിചയസമ്പന്നതയും യുവത്വവും ചേര്‍ന്നതാണ് ലങ്കന്‍ ബാറ്റിങ് ലൈനപ്പ്. പ്രതിഭാധനരായ കുമാര്‍ സംഗക്കാരയും ജയവര്‍ധനയും താളം കണ്ടെത്തിയത് ലങ്കയെ കൂടുതല്‍ അപകടകാരികളാക്കുന്നു. തിലകരത്നെ ദില്‍ഷനും ഫോമിലെത്തിയാല്‍ അവര്‍ക്ക് വമ്പന്‍ സ്കോര്‍ ഉറപ്പിക്കാം.
ബൗളിങ്ങിലെ അസ്ഥിരത ലങ്കയെ അലട്ടുന്നുണ്ട്. എന്നിരുന്നാലും ലസിത് മലിംഗ നയിക്കുന്ന ലങ്കന്‍ പന്തേറുകാരെ എഴുതിത്തള്ളാനാവില്ല.
നുവാന്‍ കുലശേഖരയും രംഗന ഹെറാത്തും ഷാമിന്ത എറാംഗയും ഏതു ബാറ്റിങ്ങ് വിസ്മയങ്ങളെയും തടയാന്‍ പ്രാപ്തര്‍ തന്നെ. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെ ബാറ്റിലും ബൗളിലും ലങ്ക കണ്ണുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: