നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗോള്‍ഫ് ക്ലബില്‍നിന്ന് മാലിന്യം അടങ്ങിയ വെള്ളം പുറത്തേയ്ക്ക് തള്ളുന്നത് പ്രാദേശികവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതായി പരാതി.
ഗോള്‍ഫ് ക്ലബിന്റെ പുറകുവശത്തോടു ചേര്‍ന്നുള്ള പൊതുതോടിലൂടെ അമിതമായി ഒഴുക്കിവിടുന്ന മാലിനജലം കയറി ഈ പ്രദേശത്തെ കൃഷി നശിക്കുന്നതോടൊപ്പം സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു. ഈ പ്രദേശത്ത് പ്രധാനമായും കൃഷി ചെയ്തിട്ടുള്ള കപ്പ തോട്ടങ്ങളിലേക്കാണ് മാലിനജലം പ്രധാനമായും ഒഴുകി യെത്തുന്നത്. ഇത് മൂലം കപ്പകൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്. ഗോള്‍ഫ് ക്ലബ് നിര്‍മ്മിച്ചപ്പോള്‍ മലിനജലം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമത്രെ. മലിനജലം പുറത്തുവിടുന്നതിനെതിരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനി അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഗോള്‍ഫ് ക്ലബില്‍നിന്നുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളം നെടുവന്നൂര്‍-കൈതക്കോട് ചിറവഴിയാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. കാലവര്‍ഷം ശക്തമാകുകയും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് മലിനജലം യാതൊരു മാനദമണ്ഡങ്ങളുമില്ലാതെ ജനവാസകേന്ദ്രത്തോടു ചേര്‍ന്നുള്ള തോടിലേക്ക് ഒഴുക്കിവിടുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനിയുടെ അധീനതയിലുള്ള ഗോള്‍ഫ് ക്ലബിന്റെ 260 ഓളം ഏക്കര്‍ സ്ഥലത്തായി വീഴുന്ന മഴവെള്ളവും മാലിന്യങ്ങളും പുറത്തേക്ക് ഒഴുക്കുന്നത് ഈ തോടിലൂടെയാണ്. മഴവെള്ളം സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ഈ സ്ഥലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനും സിയാല്‍ ആവശ്യങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയും. തോടിന് ആഴം കൂട്ടി ഇരുവശങ്ങളിലും കരിങ്കല്‍ഭിത്തി കെട്ടി സമീപത്തെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പിലാക്കുവാന്‍ വിമാനത്താവള കമ്പനി അധികൃതരോ പഞ്ചായത്ത് അധികൃതരോ തയ്യാറാവാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: