കാസര്‍കോട്: ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ബിജെപി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിഎസ്സി പരീക്ഷകളില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം. പരീക്ഷയില്‍ മലയാളത്തിന് പത്ത് മാര്‍ക്ക് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മലയാളത്തിന് പകരം കന്നഡയും തമിഴും വിഷയങ്ങളായി അംഗീകരിക്കും. കന്നഡ, തമിഴ് വിഷയങ്ങളിലുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തും. ഇതേ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ നടക്കാനിരിക്കുന്ന സബ്ട്രഷറി ഓഫീസര്‍ പരീക്ഷ മാറ്റി വെച്ചതായി പിഎസ്സി അറിയിച്ചു. ജൂലായ് 13ന് നടക്കുന്ന കമ്പനി-കോര്പ്പറേഷന് അസിസ്റ്റന്റ് രണ്ടാംഘട്ട പരീക്ഷയ്ക്ക് തമിഴ്, കന്നഡ ഭാഷകള്‍ ഓപ്ഷണലായി അനുവദിക്കും. ജൂണ്‍ എട്ടിന് ബിജെപിയുടെ പിഎസ്സി ഉപരോധത്തെതുടര്‍ന്ന് മാറ്റിവെച്ച കമ്പനി-കോര്പ്പറേഷന് അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ തീയ്യതി പിന്നീട് തീരുമാനിക്കും.
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് കന്നഡ ഭാഷാന്യൂനപക്ഷങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരുന്നു. ജോലിനേടി പത്ത് വര്‍ഷത്തിനുള്ളില്‍ മലയാള പരിജ്ഞാനം നേടിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിഎസ്സി പരീക്ഷയ്ക്ക് തന്നെ മലയാളത്തിന് പത്ത് മാര്‍ക്ക് ഏര്‍പ്പെടുത്തി ഭാഷാന്യൂനപക്ഷങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കന്നഡ ഭാഷപഠിച്ചുവരുന്ന വിഭാഗങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പുറന്തള്ളുന്ന സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്.
ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് വ്യക്തമായതോടെ ബിജെപി പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ആവശ്യം അംഗീകരിക്കാതെ കാസര്‍കോട്ട് പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്ന് പിഎസ്സി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇളവനുവദിക്കാന്‍ തീരുമാനമായത്.
മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഇളവനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ബിജെപിയുടെ ചരിത്ര വിജയമാണെന്നും ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാര്‍ഷെട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: