കൊച്ചി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം വന്‍തോതില്‍ കുറക്കാന്‍ സഹായകമായ കോംഗ്കണ്‍ റെയില്‍വേ പാത 16 വര്‍ഷം മുന്‍പ് യാഥാര്‍ത്ഥ്യമായതിനുശേഷമുള്ള കാലയളവില്‍ മുംബൈയില്‍ താമസമാക്കിയ കേരളീയര്‍ക്ക് മാത്രം യാത്രച്ചെലവില്‍ 25 കോടി രൂപയിലേറെ ലഭിക്കാന്‍ കഴിഞ്ഞതായി കോംഗ്കണ്‍ റെയില്‍വേ നിര്‍മാണത്തിന് നേതൃത്വം നല്കിയ ഇ. ശ്രീധരന് പറഞ്ഞു.
17 കിലോമീറ്റര്‍ പാത പണിതീര്‍ക്കാന്‍ 24 വര്‍ഷമെടുത്ത കൊല്‍ക്കത്ത മെട്രോയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മറ്റ് ചില നഗരങ്ങള്‍ മെട്രോ സ്വപ്നം കൈവെടിഞ്ഞ സമയത്താണ് ദല്‍ഹി മെട്രോയുടെ നിര്‍മാണച്ചുമതല താന്‍ ഏറ്റെടുത്തതെന്ന് ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ് ക്ലബ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീധരന് പറഞ്ഞു. ലോകത്ത് ഒരു മെട്രോയും ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി മെട്രോയും ലാഭത്തിലാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ ഡിഎം ആര്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ യാത്രാ സമയം കുറക്കാന്‍ സഹായകമാവുക വഴി ഒരു വര്‍ഷം 18 ലക്ഷം മനുഷ്യദിനങ്ങളാണ് ദല്‍ഹിമെട്രോ ലാഭിക്കുന്നത്. ഇന്ധന ലാഭം പ്രതിവര്‍ഷം 1 ലക്ഷം ടണ്ണാണ്. ഡല്‍ഹിയില്‍ റോഡപകടങ്ങളില്‍ ശരാശരി 12 പേര് പ്രതിദിനം മരണപ്പെടുന്നു. ഡല്‍ഹി മെട്രോയില്‍ അപകടം തീരെയില്ലെന്ന് പറയാം; ഒരാള്‍ പോലും ഇതുവരെ അപകടത്തില്‍ മരിച്ചിട്ടില്ല. 200 മനുഷ്യ ജീവനാണ് പ്രതിവര്‍ഷം ദല്‍ഹി മെട്രോ സംരക്ഷിക്കുന്നത്. ദല്‍ഹി മെട്രോ ഇല്ലായിരുന്നെങ്കില്‍ വാഹനങ്ങള്‍ ദല്‍ഹിയില്‍ കൂടുതലായി സൃഷ്ടിക്കാവുന്ന വിഷപുക 38 ടണ്ണാണ്. 99.7 ശതമാനം സമയനിഷ്ഠയാണ് ദല്‍ഹി മെട്രോ പുലര്‍ത്തുന്നതെന്ന് ശ്രീധരന് പറഞ്ഞു.
കൊച്ചി മെട്രോയുടെ പണി നിശ്ചിത സമയത്തിനു മുന്‍പേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ശ്രീധരന് അഭിപ്രായപ്പെട്ടു. വേണ്ടത്ര യാത്രക്കാരെ കിട്ടില്ല എന്നത് പ്രശ്നമാണ്. സാധാരണഗതിയില്‍ 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലാണ് മെട്രോ വരുന്നത്. കൊച്ചിയിലാണെങ്കില്‍ 10 ലക്ഷത്തില്‍ താഴെ മാത്രമാണ് ജനസംഖ്യ. ഇന്ധനച്ചെലവ് പരമാവധി കുറക്കാവുന്ന സാങ്കേതിക വിദ്യ, വരുമാനം അല്പംപോലും ചോര്‍ന്നു പോകാത്ത സോഫ്റ്റ്വെയര് ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കല്‍, റെയില്‍വേ സ്റ്റേഷനുകള്‍ വ്യാപാരവശ്യങ്ങള്‍ക്ക് പരമാവധി ഉപയോഗപ്പെടുത്തല്‍, കെഎംആര്‍ എല്ലിന്റെ കൈവശമുള്ള അധിക ഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് നീക്കിവെക്കല്‍ എന്നിവയിലൂടെ നഷ്ടം നികത്താനാണ് ശ്രമിക്കുന്നത്.
ദല്‍ഹിയിലേതില്‍ നിന്ന് വ്യത്യസ്തമായി, കൊച്ചിയിലെ റോഡുകള്‍ വീതി തീരെ കുറഞ്ഞതാണെന്നത് നിര്‍മാണ രംഗത്ത് നേരിടുന്ന വെല്ലുവിളിയാണ്. റോഡിനടിയിലൂടെ ഒട്ടേറെ കേബിളുകളും പൈപ്പുകളും പോകുന്നു എന്നതാണ് മറ്റൊരു തലവേദന. ഇവയുടെ ഉറവിടത്തെപ്പറ്റി ആര്‍ക്കും ഒരു പിടിപാടുമില്ലതാനും. ബാനര്‍ജി, എംജി, എസ്എ റോഡുകളിലാണ് ഈ പ്രശ്നം കൂടുതല്‍ രൂക്ഷം. ഡിഎംആര്‍സിക്ക് കൈമാറി 5 മാസത്തിനകം കൊച്ചി മെട്രോയുടെ ജോലി ആരംഭിക്കുമെന്ന് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കിയ വാക്ക് കൃത്യമായി പാലിക്കാന്‍ കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനകം പണിപൂര്ത്തിയാക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ആവശ്യം. കടമ്പകള്‍ പലതുമുണ്ടെങ്കിലും അത് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീധരന് പറഞ്ഞു. ഡി.എം.ആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള ധാരണ പ്രകാരം 2017 മെയ്മാസത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. പക്ഷെ 2016 മാര്‍ച്ചിനകം തന്നെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ.
സത്യസന്ധത, പ്രവൃത്തി പരിചയം, സാമൂഹ്യ പ്രതിബദ്ധത എന്നിവ ഏത് പ്രോജക്റ്റിന്റേയും വിജയകരമായ പൂര്‍ത്തീകരണത്തിന് അത്യാവശ്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എല്ലാ വിഭാഗങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഗുണഗണങ്ങളാണ് ഇവയെന്നും ശ്രീധരന് പറഞ്ഞു.
ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്സ് ക്ലബ് പ്രസിഡന്റ് പീറ്റര്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് പി.പി. സുരേഷ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: