ലാഹോര്‍: പാക് ഭീകരസംഘടനയായ ലഷ്കറി തോയ്ബയുടെ പിതൃസംഘടന ജമാ അത്ത് ഉദ്ദവയ്ക്ക് പാക്കിസ്ഥാന് സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക സഹായം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരാണ് തങ്ങളുടെ ബജറ്റില്‍ നിന്നും 2008ലെ മുംബൈ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവയ്ക്ക് 61 ദശലക്ഷം സാമ്പത്തികസഹായം അനുവദിച്ചിരിക്കുന്നത്.
ഇതുകൂടാതെ ജമാ അത്ത് ഉദ്ദവയുടെ കേന്ദ്ര ആസ്ഥാനമായ മര്‍ക്കസ് ഇ തോയ്ബയ്ക്ക് പ്രവിശ്യാ സര്‍ക്കാര്‍ 350 ദശലക്ഷത്തിന്റെ മറ്റൊരു ഫണ്ടും അനുവദിച്ചിട്ടുണ്ട്. മര്‍ക്കസ് കേന്ദ്രത്തില്‍ നോളജ് പാര്‍ക്കും മറ്റ് വികസനപ്രവര്‍ത്തനങ്ങളും നടത്താനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ബജറ്റില്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ പാക്കിസ്ഥാന് മുസ്ലിം ലീഗിന്റെ പ്രവിശ്യാ മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച പഞ്ചാബ് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
മര്‍ക്കസില്‍ നോളജ് പാര്‍ക്ക് സ്ഥാപിക്കാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നതായി ധനകാര്യമന്ത്രി മുജ്താബ ഷുജാഹര് റഹ്മാന് തന്റെ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനായി 350 ദശലക്ഷം സര്‍ക്കാര്‍ അനുവദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ലഷ്കറി തോയ്ബയുടെ മുഖമാണ് ജമാ അത്ത് ഉദ്ദവയെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തി ഏറെ ദിനം കഴിയും മുമ്പാണ് പാക് സര്‍ക്കാര്‍ അവര്‍ക്ക് വന്‍തുക സഹായം അനുവദിച്ചിരിക്കുന്നത്.
മുമ്പ് പഞ്ചാബ് പ്രവിശ്യയില്‍ ഭരണം നടത്തിയിരുന്ന പാക്കിസ്ഥാന് മുസ്ലിം ലീഗ് ഇതുപോലെ ജമാ അത്ത് ഉദ്ദവയ്ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2009-10ല്‍ സര്‍ക്കാര്‍ 82 ദശലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കിയത്.
2010-11ല്‍ മുഖ്യമന്ത്രി ഷെരീഫ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഇവര്‍ക്ക് രണ്ട് പ്രത്യേക ഗ്രാന്റുകള്‍ അനുവദിച്ചിരുന്നു.
മര്‍ക്കസിലെ ആറ് സംഘടനകള്‍ക്കായി സര്‍ക്കാര്‍ 79.77 ദശലക്ഷവും ജമാ അത്ത് ഉദ്ദവയുടെ പഞ്ചാബ് ജില്ലയിലെ അല്‍ ദവ സ്കൂളുകള്‍ക്ക് മൂന്ന് ദശലക്ഷവുമാണ് നല്‍കിയത്.
ഈ സംഘടന നടത്തിവരുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ഫണ്ട് അനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
ഫണ്ട് ജമാ അത്ത് ഉദ്ദവയ്ക്കല്ല അനുവദിക്കുന്നതെന്നും മറിച്ച് മര്‍ക്കസ് ഇ തോയ്ബയ്ക്കുമാണെന്ന് സര്‍ക്കാര്‍ നിരന്തരം അവകാശപ്പെട്ടിരുന്നു. ജമാ അത്ത് ഉദ്ദവയെ നിരോധിക്കാനോ അതിന്റെ തലവന്‍ ഹാഫിസ് സയീദിനെ പിടികൂടാനോ പാക് സര്‍ക്കാര്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല. സയീദിന്റെ തലയ്ക്ക് അമേരിക്ക പത്ത് ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടും ഇയാള്‍ ലാഹോറില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: