കാസര്‍കോട്: ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭൂമി വന്‍തോതില്‍ ഭൂമാഫിയ കൈവശപ്പെടുത്തിയതായി റവന്യൂതല അന്വേഷണ റിപ്പോര്‍ട്ട്. കാസര്‍കോട് താലൂക്കില്‍ അഞ്ച് വില്ലേജുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ആഴത്തിലുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ദേവീ ദാസ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കാസര്‍കോട് താലൂക്ക് ഓഫീസില്‍ നിന്നും ഭൂമി സംബന്ധമായുള്ള രണ്ട് ഫയലുകള്‍ മോഷണം പോയ സംഭവത്തെത്തുടര്‍ന്നാണ് റവന്യൂ വിഭാഗം അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥ- രാഷ്ട്രീയ ഒത്താശയോടെ കൃത്രിമ രേഖകളുണ്ടാക്കി ആദിവാസി വിഭാഗങ്ങളുടെ ഭൂമി ഭൂമാഫിയ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പുറത്ത് വന്നത്. കൊളത്തൂര്‍, മുളിയാര്‍ വില്ലേജുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനിടയില്‍ ആദൂര്‍, പാടി, ബേഡഡുക്ക എന്നീ വില്ലേജുകളിലും തട്ടിപ്പ് നടന്നതായി അന്വേഷണ സംഘത്തിന് വ്യക്തമാവുകയായിരുന്നു. തട്ടിപ്പിനു പിന്നില്‍ പ്രാദേശിക സംഘങ്ങളല്ലെന്നും ഉന്നത ബന്ധമുള്ള ഭൂമാഫിയകളാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മുഴുവന്‍ തട്ടിപ്പുകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം അഞ്ചിനാണ് താലൂക്ക് ഓഫീസിലെ യുഡിക്ലാര്‍ക്ക് കെ. ശശികലയുടെ മേശപ്പുറത്തുനിന്നും രണ്ട് ഫയല്‍ കാണാതായത്. പോലീസ് അന്വേഷണത്തില്‍ മുഹമ്മദ് റഫീഖ്, ഷാഫി, ബാലകൃഷ്ണന് എന്നിവര്‍ അറസ്റ്റിലായി. വിവരാവകാശ നിയമ പ്രകാരം ഫയല്‍ പരിശോധിക്കാനെത്തിയായിരുന്നു മോഷണം. കൊളത്തൂരിലെ പരേതയായ നാരായണിയുടെ പേരിലുള്ള 48 സെന്റ് സ്ഥലത്തിന്റെ ഫയലുകളാണ് മോഷ്ടിച്ചവയില്‍ ഒന്ന്. ഈ സ്ഥലം വന്‍ തുകയ്ക്ക് അറസ്റ്റിലായവര്‍ ചേര്‍ന്ന് കരിവേടകം സ്വദേശിക്ക് അനധികൃതമായി വില്‍പ്പന നടത്തിയിരുന്നു.
ആദിവാസി ഭൂമി കൈമാറ്റം ചെയ്യണമെങ്കില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ആവശ്യമാണ്. സ്ഥലം ഉടമയുടെ അടിയന്തിര ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞതിന് ശേഷം മാത്രമേ കലക്ടര്‍ ഭൂമി കൈമാറ്റത്തിന് അനുമതി നല്‍കുകയുള്ളു. കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുമ്പോഴും ഭൂമി കൈമാറ്റം ചെയ്യപ്പെട്ടത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് വ്യക്തമാവുന്നു. ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന രജിസ്ട്രേഷന് അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊളത്തൂരിലെ പെര്‍ളടുക്കം, അഞ്ചാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മറ്റ് മൂന്ന് കേസുകള്‍ കൂടി കണ്ടെത്തി. തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്ന് സ്ഥലം കൈമാറ്റം റദ്ദ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഭൂമി പതിച്ചു നല്കുന്നതു സംബന്ധിച്ച് വില്ലേജില്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍ നഷ്ടപ്പെട്ടതിനാല്‍ മുളിയാര്‍ വില്ലേജിലെ ഫയലുമായി ബന്ധപ്പെട്ട സ്ഥലം അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
കാസര്‍കോട് ജില്ലയിലെ ആദിവാസി ഭൂമി തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുതലപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ യു.ഡി. ക്ലാര്‍ക്ക് ശശികലയ്ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസറോടും താലൂക്ക് ഓഫീസ് റിക്കാര്‍ഡ് റൂമിലെ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: