തൃപ്പൂണിത്തുറ: മഴകനത്തതോടെ ഉദയം പേരൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഏകദേശം 150 ഓളം വീടുകള്‍ വെള്ളക്കെട്ടിന്റെ ഭീഷണിയിലുമാണ്. തീരപ്രദേശങ്ങളടക്കം വെള്ളക്കെട്ടിലാണ്.കാര്‍ഷികവിളകള്‍ക്കും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്.
എംഎല്‍എ റോഡില്‍ പലഭാഗങ്ങളും വെള്ളകെട്ടിലാണ്. പലഭാഗങ്ങളിലും റോഡ് തകര്‍ന്ന് കുഴിയായിട്ടുണ്ട്. കുഴക്കുഭാഗത്തും നിരവധിവീടുകളില്‍ വെള്ളം കയറിയിരിക്കുന്നു. പുതിയകാവ്, നടക്കാവ്, കൊച്ചുപള്ളി, പുന്നക്കാവെളി, പൂത്തോട്ട ഭാഗങ്ങളിലും വെള്ളം ഒഴുകിപോകാത്ത അവസ്ഥയാണ്.
പുരാതനമായ ജലനിര്ഗമനതോടുകളെല്ലാം ആളുകള്‍ കൈയേറി നികത്തിയതും, മാഫിയ സംഘങ്ങള്‍ അനധികൃതമായി നെല്പാടങ്ങള് മണ്ണിട്ട് നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമാണ് പ്രദേശങ്ങളിലെ വെള്ളകെട്ടിന് മുഖ്യകാരണം.
വെള്ളമൊഴുകുന്ന ഉള്‍പ്രദേശങ്ങളിലെ തോടുകള്‍ അനധികൃതമായി കയ്യേറി നികത്തിയെടുത്ത സംഭവങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിച്ച് നടപടിയെടുക്കാതിരുന്നതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കിയിട്ടുണ്ട്. നെല്പാടം നികത്തിയത് സ്ഥിതികുടുതല് ഗുരുതരമാക്കി. പഞ്ചായത്തിലെ പട്ടികജാതി കോളനികള്‍ വെള്ളക്കെട്ടിലും, വെള്ളക്കെട്ട് ഭീഷണിയിലുമാണ്. തോരാതെ പെയ്യുന്ന കനത്ത മഴ പഞ്ചായത്ത് പ്രദേശത്തെ ചെറുകിട കൃഷിക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വാഴ, ചേന, ചേമ്പ് തുടങ്ങി വെള്ളം കെട്ടിയാല്‍ നശിക്കുന്ന പച്ചക്കറി കൃഷിക്കാരടക്കമുള്ളവരും വെള്ളക്കെട്ടിന്റെ ദുരിതത്തിലാണ്.
പെയ്ത വെള്ളം ഒഴികിപോകാന്‍ നിര്‍വാഹമില്ലാത്തവിധം തോടുകളും കാനകളും മാലിന്യവും പുല്ലും നിറഞ്ഞുകിടക്കുകയാണ്. ഇവ വൃത്തിയാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ക്ക് താല്പര്യമില്ലാത്ത അവസ്ഥയാണ്. കണ്ണന്‍കുളങ്ങരയില്‍ ചിന്മയ സ്കൂളിന് സമീപം 20 ഓളം വീടുകള്‍ വെള്ളക്കെട്ടിലാണ്.
മൂവാറ്റുപുഴ: മഴയും കാറ്റും ശക്തമായ തോടെ മൂവാറ്റുപുഴ മേഖലയില്‍ 40 ഓളം വീടുകള്‍ തകര്‍ന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ താലൂക്കാഫീസില്‍ കണ്ട്രോള് റൂം തുറന്നതായി തഹസില്‍ദാര്‍ അറിയിച്ചു. 2813773 ആണ് നമ്പര്‍. കാലവര്‍ഷം ശക്തമായ ഒരാഴ്ചക്കിടെ മൂവാറ്റുപുഴ മേഖലയില്‍ 40 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം, വാളകം, കലൂര്‍ക്കാട് പാലക്കുഴ, പിറവം മേമുറി മണീട് വില്ലേജുളിലാണ് വീടുകള്‍ തകര്‍ന്നത്. ഇതിനു പുറമെ വ്യാപകമായി വാഴ റബര്‍ ഉള്‍പ്പടെയുള്ള കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വീടുകള്‍ക്കും മാത്രം 2,15,000 രൂപയുടെ നഷ്ടം കണക്കാക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ച് ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 10,000 രൂപയില്‍ താഴെ നഷ്ടപരിഹാരം ലഭിക്കും. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക വിതരണം നടക്കും.
മൂവാറ്റുപുഴയാറില്‍ ജലനിരപ്പുയര്‍ന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണി നേരിടുന്നു. മുനിസിപ്പല്‍ സ്റ്റേഡിയം പരിസരം, ഇലാഹിയ കോളനി, അനിക്കാ കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടിവരും.
പള്ളുരുത്തി: കനത്ത മഴയില്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പള്ളുരുത്തി, മട്ടാഞ്ചേരി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കോണം പ്രദേശങ്ങളിലും വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. ഇടറോഡുകളിലും കനത്ത വെള്ളക്കെട്ടാണ്. തോടുകളും കാനകളും നിറഞ്ഞൊഴുകുകയാണ്. കെ.ബാബു എംഎല്‍എ ഫണ്ടായ 36ലക്ഷം രൂപ ഉപയോഗിച്ച് പെരുമ്പടപ്പ് റോഡില്‍ കല്വര്ട്ടട് നിര്‍മ്മിച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയും പാഴായി. പെരുമ്പടപ്പ് റോഡ് കഴിഞ്ഞ രണ്ട് ദിവസമായി വെളത്തിനടിയിലാണ്.
കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. പള്ളുരുത്തിയില്‍ ഇന്നലെയും വിവിധയിടങ്ങളില്‍ മങ്ങള്‍ കടപുഴകിവീണു. കായലുകളില്‍ വെള്ളം ഉയര്‍ന്നതിനാല്‍ പള്ളുരുത്തി കായല്‍ തീരങ്ങളും വെള്ളക്കെട്ടിലാണ്.
കോതമംഗലം: കാലവര്‍ഷം കനത്തതോടെ കോതമംഗലം പട്ടണത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. കോതമംഗലം ടൗണിലെ തങ്കളം, കോളേജ് റോഡിലെ പിഎംഎസ് വര്‍ക്ക്ഷോപ്പിന് മുന്‍വശം, വിമലഹിരിപ്പടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇതുമൂലം വാഹനഗതാഗതം ദീര്‍ഘനേരം തടസ്സപ്പെട്ടു. തങ്കളം ബൈപാസ് ജംഗ്ഷനിലും, കോളേജ് റോഡിലുമായി തോടുകള്‍ അനധികൃതമായി നികത്തിയതു മൂലമാണ് വെള്ളക്കെട്ട് ഉണ്ടായിട്ടുള്ളത്. മുനിസിപ്പല്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ചില സ്വകാര്യ വ്യക്തികളുടെ കച്ചവടസ്ഥാപനങ്ങളും ചില സംഘടനകളുമാണ് മുനിസിപ്പല്‍ ഭരണത്തിന്റെ മറവില്‍ അനധികൃത കെട്ടിടനിര്‍മ്മാണം നടത്തിയിരിതക്കുന്നത്.
കൊതമംഗലം തൃക്കാരിയൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി റബ്ബര്‍മരങ്ങളും ഏത്തവാഴകൃഷിയും കാറ്റില്നശിച്ചിട്ടുണ്ട്. മരങ്ങള്‍ വീണതുമൂലം പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: