ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്ക് 254 റണ്‍സിന്റെ വിജയലക്ഷ്യം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. 84 റണ്‍സ് നേടി പുറത്താകാതെ നിന്ന മഹേല ജയവര്‍ദ്ധനെയും 57 റണ്‍സ് നേടിയ തിരിമന്നെയുമാണ് ലങ്കയെ മാന്യമായ സ്കോറിലെത്തിച്ചത്. ഇരുവര്‍ക്കും പുറമെ ദില്ഷന് 34ഉം ചണ്ഡിമല്‍ 31ഉം റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടെ തീസര പെരേരയെയും (4), സംഗക്കാരയെയും (3) നഷ്ടപ്പെട്ട ലങ്കയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദില്‍ഷനും തിരിമന്നെയും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പെരേരയെ ജോണ്‍സണും സംഗക്കാരയെ മക്കായിയുമാണ് പുറത്താക്കിയത്. സ്കോര്‍ 92-ല്‍ എത്തിയശേഷമാണ് മൂന്നാം വിക്കറ്റ് വീഴ്ത്താന്‍ ഓസീസിന് കഴിഞ്ഞത്.
58 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ദില്‍ഷനെ ഡൊഹെര്ത്തിയുടെ പന്തില്‍ വാട്സണ് പിടികൂടി. സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറി നേടിയ തിരിമന്നെയും മടങ്ങി. 66 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 57 റണ്‍സെടുത്ത തിരിമന്നെയെ ജോണ്‍സന്റെ പന്തില്‍ വാട്സണ് പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് ജയവര്‍ദ്ധനെ 159-ല്‍ എത്തിച്ചു. എന്നാല്‍ 12 റണ്‍സെടുത്ത മാത്യൂസിനെ ഫള്‍ക്നര്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
പിന്നീടെത്തിയ ചണ്ഡിമലുമായി ചേര്‍ന്ന് ജയവര്‍ദ്ധനെ സ്കോര്‍ 224-ല്‍ എത്തിച്ചു. എന്നാല്‍ 32 പന്തില്‍ നിന്ന് 1 വീതം ബൗണ്ടറിയും സിക്സറുമടക്കം 31 റണ്‍സെടുത്ത ചണ്ഡിമലിനെ ജോണ്സണ് ഹ്യൂഗ്സിന്റെ കൈകളിലെത്തിച്ചു. പിന്നീട് ജയവര്‍ദ്ധനെയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്നാല്‍ സ്കോര്‍ 234-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത കുലശേഖരയും 244-ല്‍ എത്തിയപ്പോള്‍ ഹെറാത്തും (2) റണ്ണൗട്ടായി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 81 പന്തില്‍ നിന്ന് 11 ബൗണ്ടറിയുമടക്കം 84 റണ്‍സുമായി ജയവര്‍ദ്ധനെയും 2 റണ്‍സുമായി മലിംഗയുമായിരുന്നു ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്സണ് 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: